ADVERTISEMENT

അക്ബറും ബീർബലും തടാകക്കരയിലെത്തി. തടാകത്തിൽ കയ്യിട്ട ബീർബൽ ശക്തമായ തണുപ്പുകാരണം പെട്ടെന്നു കൈ വലിച്ചു. ചക്രവർത്തി ചോദിച്ചു: ഈ വെള്ളത്തിൽ രാത്രി മുഴുവൻ ചെലവഴിക്കാൻ ആരെങ്കിലും തയാറാകുമോ? തക്ക പ്രതിഫലം കൊടുത്താൽ വരുമെന്നു ബീർബൽ പറഞ്ഞു. ആയിരം സ്വർണനാണയം സമ്മാനം പ്രഖ്യാപിച്ച ചക്രവർത്തിയുടെ മുന്നിൽ വെല്ലുവിളി ഏറ്റെടുത്ത യുവാവിനെ ബീർബൽ ഹാജരാക്കി. 

അന്നു രാത്രി മുഴുവൻ അയാൾ വെള്ളത്തിൽ നിന്നു. ഇതെങ്ങനെ സാധിച്ചെന്ന ചോദ്യത്തിന് അയാൾ പറഞ്ഞു: ദൂരെയുള്ള തെരുവുവിളക്കിലായിരുന്നു എന്റെ ശ്രദ്ധ. അതുകൊണ്ട് തണുപ്പറിഞ്ഞില്ല. വിളക്കിന്റെ ചൂട് യുവാവിനെ സഹായിച്ചു എന്നതിന്റെ പേരിൽ അക്ബർ പണം നൽകാൻ മടിച്ചു. പിറ്റേന്നു ബീർബൽ കൊട്ടാരത്തിലെത്തിയില്ല. അന്വേഷിച്ചെത്തിയ ചക്രവർത്തിയും പരിവാരങ്ങളും ഒരു കാഴ്ച കണ്ടു. പത്തടി ഉയരത്തിലുള്ള പാത്രത്തിൽ അടിയിൽനിന്നു തീ കത്തിച്ചിട്ട് ബീർബൽ ചോറു വയ്ക്കുന്നു. ഇത്രയും ഉയരത്തിൽവച്ചാൽ എങ്ങനെ ചൂടു ലഭിക്കുമെന്നു ചോദിച്ച ചക്രവർത്തിയോടു ബീർബൽ പറഞ്ഞു: കുളത്തിൽ കിടന്നവനു തെരുവുവിളക്കിൽനിന്നു ചൂടു ലഭിച്ചതുപോലെ എനിക്കും കിട്ടും.

അസാധ്യമായവ ചെയ്യാൻ അസാധാരണമികവ്  വേണം. അംഗീകരിച്ചില്ലെങ്കിലും അവരെ അവഹേളിക്കരുത്. ആർക്കും ചെയ്യാനാകാത്ത കാര്യങ്ങൾ ഏറ്റെടുക്കുന്ന ചിലരെങ്കിലുമുണ്ടാകും. അത്തരക്കാർക്കു നൽകുന്ന പ്രോത്സാഹനമാണ് സമൂഹത്തിന്റെ പോരാട്ടവീര്യവും മികവും തീരുമാനിക്കുന്നത്. ഒറ്റയടിപ്പാതകളിലൂടെ നടക്കുന്നവരെ ഒറ്റപ്പെടുത്തിയാൽ ആ വഴി പിന്തുടരാൻ പലരും മടിക്കും. അവർക്ക് അഭിനന്ദനം ലഭിച്ചാൽ അനേകം വഴികൾ സൃഷ്ടിക്കപ്പെടും. 

ഏതു കാര്യവും നടക്കില്ലെന്നു പറയുന്നവരെയും ചെയ്തുനോക്കാം എന്നു പറയുന്നവരെയും ഒരേ രീതിയിൽ വിലയിരുത്തരുത്. ആദ്യകൂട്ടർ തങ്ങളുടെ സുഖാവസ്ഥ വെടിയാൻ തയാറാകാത്തവരാണ്. അവർ അപായസാധ്യതയുള്ളതൊന്നും ഏറ്റെടുക്കില്ല. രണ്ടാമത്തെ കൂട്ടർക്കു പരാജയമോ അപമാനമോ പ്രശ്നമല്ല. ആരും ചെയ്യാത്തകാര്യം ചെയ്യാമെന്ന് ഒരാൾ പറഞ്ഞാൽ ആ വെല്ലുവിളി ഉയർത്തിയ ആളെങ്കിലും അയാൾക്കൊപ്പം നിൽക്കണം. അതു പൂർത്തിയാകുമ്പോൾ അയാളെ ആദരിക്കണം.

Content Summary:

From Visionaries to Victors: Why Supporting the Improbable Breeds Success

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com