ADVERTISEMENT

മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ നേടി ജോലിക്കൊന്നും പോകാതെ‘കൂട്ടുകൂടി’ നടന്നതിനു ശരത് കേട്ട പരിഹാസങ്ങൾക്കു കണക്കില്ല. ആ ‘കൂട്ടായ്മയുടെ’ രഹസ്യം പിന്നീട് അറിഞ്ഞതോടെ കുത്തുവാക്കുകൾ അനുമോദനങ്ങളായി. വാടകയ്ക്കു മുറിയെടുത്ത് ആ കൂട്ടുകാർ ഒരുമിച്ചത് പിഎസ്സി പഠനത്തിനു വേണ്ടിയായിരുന്നു. രാപകൽ നീണ്ട കംബൈൻഡ് സ്റ്റഡിയിൽ ഒരുമിച്ചുകൂടിയ 15 പേരിൽ മിക്കവരും ഇന്നു സർക്കാർ ഉദ്യോഗസ്ഥരാണ്.

കൂട്ടായ്മയ്ക്കു നേതൃത്വം നൽകിയ തിരുവനന്തപുരം തോന്നയ്ക്കൽ സ്വദേശി എസ്.ശരത്തിന്റെ സർക്കാർ സർവീസ് എൻട്രിക്ക് ഒന്നാം റാങ്കിന്റെ തിളക്കവുമുണ്ടായിരുന്നു. ഖോഖോ താരമായ ശരത് സ്പോർട്സ് വെയ്‌റ്റേജ് കൂടി ചേർത്ത് ഫയർമാൻ പരീക്ഷയിൽ ഒന്നാം റാങ്ക് നേട്ടം കുറിക്കുകയായിരുന്നു. 

കൂട്ടായി, കൂളായി പഠനം
ആറ്റിങ്ങൽ ഗവ. പോളിടെക്നിക്കിൽനിന്നു ഡിപ്ലോമ നേടി പിഎസ്‌സി പഠനം ലക്ഷ്യമിട്ട ശരത്തിന് നെടുമങ്ങാട് ഫ്രണ്ട്സ് സ്റ്റഡിസെന്ററിലെ സൗജന്യ പരിശീലന മാണ് വിജ യത്തിന്റെ അടിത്തറ പാകിയത്. അവധിദിനങ്ങളിൽ മാത്രം ക്ലാസിലെത്തിയതു കൊണ്ടു പിഎസ്‌സി പരീക്ഷ വിജയിക്കാനാവില്ലെന്ന ചിന്തയിൽനിന്നാണു ‘കംബൈൻഡ് സ്റ്റഡി’ എന്ന ആലോചന. കോച്ചിങ് സെന്ററിൽ പരിചയപ്പെട്ട ചില സുഹൃത്തുക്കളെ ഒപ്പംകൂട്ടിയായിരുന്നു കംബൈൻഡ് സ്റ്റഡി. ഫ്രണ്ട്സ് സ്റ്റഡി സെന്ററിലെ ചക്രപാണി സാറിന്റെ വീട്ടിലും കോയിക്കൽ കൊട്ടാരവളപ്പിലുമായിട്ടായിരുന്നു ആദ്യകാല പകൽ പഠനം. ‘വാടകയ്ക്കൊരു പഠനമുറി’ എന്ന ആശയം നടപ്പിലായതോടെ പഠനം ‘24x 7’ മോഡിലേക്കു മാറി. പല വിഷയങ്ങളിലും വളരെ ‘വീക്ക്’ ആയിരുന്നു ഗ്രൂപ്പിലെ അംഗങ്ങൾ. എല്ലാവരും ചേർന്നപ്പോൾ ‘വീക്‌നെസ്’ മറികടക്കാനുള്ള‘ഈസി ഫോർമുല’ ഉണ്ടായെന്നു ശരത് പറയുന്നു. 

‘‘അക്കാദമിക് പരീക്ഷകളിൽ പരാജയപ്പെട്ടവർപോലും പിഎസ്‌സി പഠനത്തിൽ വലിയ വിജയങ്ങൾ നേടുന്നതു കണ്ട് ആദ്യമൊക്കെ അദ്ഭുതം തോന്നിയിട്ടുണ്ട്. പക്ഷേ പിന്നീടു മനസ്സിലായി, പിഎസ്‌സി പരീക്ഷ ജയിക്കാൻ വേണ്ടതു വലിയ തലച്ചോറല്ല, അർപ്പണബോധമുള്ള മനസ്സാണെന്ന്. നാലക്ക സംഖ്യ ഗുണിക്കാൻപോലും അറിയാതിരുന്നവർ പലരും പിന്നീടു പഠിച്ചു മിടുക്കരായി ഇന്നു സർക്കാർ സർവീസിൽ അഞ്ചക്കസംഖ്യ ശമ്പളം വാങ്ങുന്നു. കഷ്ടപ്പെട്ടു പഠിക്കാൻ മനസ്സുള്ള ആർക്കും പിഎസ്‌സി പരീക്ഷ ജയിക്കാം’’.

ഉറക്കെ വായിച്ചും ചോദ്യങ്ങൾ പരസ്പരം ചോദിച്ചും പാഠഭാഗങ്ങൾ തമ്മിൽതമ്മിൽ പഠിപ്പിച്ചുമാണു പഠനക്കൂട്ടായ്മ മുന്നോട്ടുനീങ്ങിയത്. ഗൗരവമേറിയ പാഠഭാഗങ്ങൾ പോലും ഫലിതരൂപത്തിൽ വളരെ ‘ലൈറ്റ്’ ആയി പഠിച്ചതു പരീക്ഷാഹാളിലെ സമ്മർദം മറികടക്കാനും സഹായിച്ചു. പഠനസമയത്തെ നർമമുഹൂർത്തങ്ങളുമായി വരെ കോർത്തിണക്കിയാണ് ഓരോ ഭാഗവും ഓർമിച്ചുവച്ചത്. എന്തായാലും ആ ഫോർമുല ക്ലിക്കായി, ചോദ്യപേപ്പറിലെ ‘സീരിയസ്’ ചോദ്യങ്ങൾ കണ്ടപ്പോൾ മനസ്സിന് ഒട്ടും ഭാരം തോന്നിയില്ല. 

പഠനത്തിനും മാർഗരേഖ
പിഎസ്‌സി പരീക്ഷാരീതി മാറിയതോടെ മുൻവർഷ ചോദ്യ പേപ്പറുകൾ മാത്രം പഠിച്ചു പരീ ക്ഷയെഴുതാനാവില്ലെന്ന് ശരത് അടിവരയിടുന്നു. പാഠപുസ്തകങ്ങൾ ‘അരച്ചുകലക്കി’ പഠിച്ചാലേ ഇപ്പോഴത്തെ ചോദ്യരീതിക്ക് ഉത്തരം കണ്ടെത്താനാകൂ. ഒരു പാഠഭാഗത്തിൽനിന്ന് ചോദ്യകർത്താവ് എങ്ങനെയെല്ലാം ചോദ്യങ്ങളുണ്ടാക്കാം എന്ന മുൻധാരണയോടെവേണം പഠിക്കാൻ. ഇത്തരത്തിലുള്ള ‘ക്വസ്റ്റ്യൻ പ്ലാനിങ്’ ആണ് ശരത്തിന്റെയും സംഘത്തിന്റെയും കംബൈൻഡ് സ്റ്റഡിയിലെ വഴിത്തിരിവുകളിലൊന്ന്. ഉത്തരം മനപ്പാഠമാക്കുന്നതിനു പകരം ചോദ്യങ്ങൾ കണ്ടെത്തി പഠിച്ചതു പഠനം രസകരമാക്കി. സിലബസ് കൃത്യമായി മനസ്സിലാക്കി, ഓരോ വിഷയത്തിന്റെയും വെയ്റ്റേജ് അനുസരിച്ചു സമയം നീക്കിവച്ചായിരുന്നു പഠനം.

ഓരോ വിഷയത്തിനും ടൈം ടേബിൾ ഉണ്ടാക്കിയാൽ മാത്രം പോരാ, ഡെയ്‌ലി ടാർഗറ്റ് നിശ്ചയിച്ചു പഠിച്ചു തീർക്കണം എന്നതായിരുന്നു ലക്ഷ്യം. ഓരോ ദിവസവും ടാർഗറ്റ് പൂർത്തിയാക്കുംവരെ പഠനം തുടർന്നു. അങ്ങനെ പല ദിവസങ്ങളിലും പുലരുവോളം വരെ പഠനം നീണ്ടു. ഓരോ ദിവസത്തെയും പാഠഭാഗം അന്നന്നുതന്നെ തീർക്കാനുള്ള ആ ‘മത്സര’വും പഠനത്തിന്റെ മടുപ്പ് അകറ്റാൻ കാരണമായി. പൊലീസ് ലിസ്റ്റിലും ഉയർന്ന റാങ്ക് നേടിയ ശരത് ഫയർ ഫോഴ്സിലെ സാഹസികത നിറഞ്ഞ ജോലിയാണു തിരഞ്ഞെടുത്തത്. ഇപ്പോൾ ശരത്തിന്റെ ജീവിതസഖിയായ ബി.എസ്.സ്വാതി ഫയർ ഫോഴ്സ് ഹെഡ്ക്വാർട്ടേഴ്സിലെ ക്ലാർക്ക് ആയിരുന്നതും ആ തിരഞ്ഞെടുപ്പിലെ ‘വെയ്റ്റേജ്’ ഘടകം.

Content Summary:

From Diploma to Fire Force Top Rank: Sarath's Journey through Community Study and Determination

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com