ADVERTISEMENT

ലോകത്ത് 30 രാജ്യങ്ങളിൽനിന്നായി ആകെ 45 പേർ. അവരിൽ 5 ഇന്ത്യക്കാർ. അക്കൂട്ടത്തിൽ രണ്ടുപേർ മലയാളികളാണെങ്കിലോ ? ആ അഭിമാനനേട്ടമാണ് കൃഷിശാസ്ത്രജ്ഞരായ ഡോ. വേദ കൃഷ്ണനും ഡോ. അനു സൂസൻ സാമും കൈവരിച്ചിരിക്കുന്നത്. പ്രശസ്തമായ ഗ്ലോബൽ യങ് അക്കാദമിയുടെ ഇക്കൊല്ലത്തെ ‘ഏർലി കരിയർ യങ് സയന്റിസ്റ്റ്’ നിരയിൽ ഇവർ രണ്ടുപേരുമുണ്ട്.
അക്കാദമിക് മേഖലയിൽ മികവിന്റെ ഉയരങ്ങളിലേക്കുള്ള യാത്രയിൽ ഏറ്റവും പ്രധാനം നെറ്റ്‌വർക്കിങ്ങാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നമ്മുടെ മേഖലയിലെ ഏറ്റവും മികച്ചവരുമായി ഇടപഴകാനും ആശയങ്ങൾ കൈമാറാനും കഴിയണം. ഇത്തരത്തിൽ ലോകത്തെ യുവശാസ്ത്രജ്ഞരെ തമ്മിൽ ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജർമനിയിലെ നാഷനൽ അക്കാദമി ഓഫ് സയൻസസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രശസ്ത സ്ഥാപനമാണ് ഗ്ലോബൽ യങ് അക്കാദമി. ഡോ. വേദയ്ക്കും ഡോ. അനുവിനും യുഎസിലെ വാഷിങ്ടനിൽവച്ച് ‘ഏർലി കരിയർ യങ് സയന്റിസ്റ്റ്’ അംഗത്വം ഔദ്യോഗികമായി കൈമാറും.

ഡോ. വേദ കൃഷ്ണൻ:
ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾചറൽ റിസർച്ചിനു (ഐസിഎആർ) കീഴിൽ ന്യൂഡൽഹിയിൽ സീനിയർ സയന്റിസ്റ്റ്. ദേശീയ തലത്തിൽ ഒന്നാം റാങ്കോടെയാണ് 2011ൽ അഗ്രികൾചറൽ റിസർച് സർവീസിൽ ചേർന്നത്.
75 പ്രസിദ്ധീകരണങ്ങൾ, ഒരു പേറ്റന്റ്, 2 വ്യാവസായിക ഉൽപന്നങ്ങൾ എന്നിവ വേദയുടെ പേരിലുണ്ട്. നിലവിൽ ഇന്ത്യൻ നാഷനൽ യങ് അക്കാദമി ഓഫ് സയൻസിന്റെ സെക്രട്ടറിയും ഫുഡ് മെട്രിക്‌സ് ലാബിലെ ടീം ലീഡറുമാണ്.
തിരുവനന്തപുരം മാർ ഇവാനിയോസിൽ ബോട്ടണി ആൻഡ് ബയോടെക്നോളജിയിൽ ബിഎസ്‌സി പഠനശേഷം കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിൽനിന്ന് (കുസാറ്റ്) ഒന്നാം റാങ്കോടെ എംഎസ്‌സി ബയോടെക്‌നോളജി പൂർത്തിയാക്കി. 2007-2008 കാലയളവിൽ സിംഗപ്പൂർ നാങ്യാങ് ടെക്‌നളോജിക്കൽ യൂണിവേഴ്‌സിറ്റിയിൽ എക്‌സ്‌ചേഞ്ച് സ്റ്റുഡന്റുമായിരുന്നു. തിരുച്ചിറപ്പള്ളി ഭാരതീദാസൻ സർവകലാശാലയിൽനിന്ന് ബയോടെക്‌നോളജിയിൽ പിഎച്ച്ഡി നേടിയ ശേഷം 2021ൽ യുഎസിലെ ഫുൾബ്രൈറ്റ് -നെഹ്‌റു പോസ്റ്റ്‌ഡോക്ടറൽ ഫെലോഷിപ് ലഭിച്ചു. പർഡ്യൂ സർവകലാശാലയിലെ വിസ്‌‌ലർ (Whistler) സെന്റർ ഫോർ കാർബോഹൈഡ്രേറ്റ് റിസർചിലായിരുന്നു ഗവേഷണം.
തൃശൂർ തൃക്കൂർ ‘പുനർജനി’യിൽ റിട്ട. സർക്കാർ ഉദ്യോഗസ്ഥൻ കൃഷ്ണന്റെയും അധ്യാപികയായ ഭവാനി മേനോന്റെയും മകളാണ് ഡോ.വേദ. സ്വകാര്യകമ്പനിയിൽ മാർക്കറ്റിങ് മേധാവിയായ സഞ്ജീവ് രഘുവാണ് ഭർത്താവ്. മകൻ മൂന്നാംക്ലാസ് വിദ്യാർഥി സാർഥക്.

ഡോ. അനു സൂസൻ സാം:
കേരള കാർഷിക സർവകലാശാലയ്ക്കു കീഴിൽ കോട്ടയം കുമരകത്തെ അഗ്രികൾചറൽ റിസർച് സ്റ്റേഷനിൽ അഗ്രികൾചറൽ ഇക്കണോമിക്‌സ് വിഭാഗം അസിസ്റ്റന്റ് പ്രഫസർ.
തൃശൂർ കാർഷിക കോളജിൽനിന്ന് ബിഎസ്‌സി അഗ്രികൾചർ, ന്യൂഡൽഹി ഇന്ത്യൻ അഗ്രികൾചർ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് അഗ്രികൾചറിൽ മാസ്‌റ്റേഴ്‌സ്, എംജി സർവകലാശാലയിൽനിന്നു ബിസിനസ് സ്റ്റഡീസിൽ എംഫിൽ എന്നിവ നേടി. ബെൽജിയത്തിലെ ഗെന്റ് (Ghent) സർവകലാശാലയിൽനിന്ന് ഇറാസ്മസ് മുണ്ടസ് സ്‌കോളർഷിപ്പോടെ ഇന്റർനാഷനൽ മാസ്‌റ്റേഴ്‌സ് ഇൻ റൂറൽ ഡവലപ്‌മെന്റ്, ജർമനിയിലെ ഹംബോൾട്ട് (Humboldt) സർവകലാശാലയിൽനിന്നു ഡാഡ് (ജർമൻ അക്കാദമിക് എക്സ്ചേഞ്ച് സർവീസ്) സ്‌കോളർഷിപ്പോടെ പിഎച്ച്ഡി എന്നിവ നേടി.
ജർമനിയിലെ ലബനിറ്റ്‌സ് സെന്റർ ഫോർ അഗ്രികൾചർ റിസർച്ചിൽ റിസർച് സ്‌കോളർ, ജർമൻ കോർപറേഷൻ ഫോർ ഇന്റർനാഷനൽ റിസർചിൽ റിട്ടേണിങ് എക്‌സ്പർട് എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു.
മൂവാറ്റുപുഴ മുളവൂർ വണ്ണിരിക്കല്ലുങ്കൽ ഹൗസിൽ വി.കെ.സാമുവൽ- റേച്ചൽ ദമ്പതികളുടെ മകളാണ്. ഭർത്താവ് ഗിരീഷ് നായർ സ്വകാര്യ കമ്പനിയുടെ ഇന്ത്യ-മിഡിൽ ഈസ്റ്റ് സെയിൽസ് ഹെഡാണ്. ഏകമകൾ എട്ടാം ക്ലാസ് വിദ്യാർഥി എവലിൻ.

English Summary:

Kerala Shines on Global Stage: Two Malayali Scientists Named Early Career Young Scientists

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com