ADVERTISEMENT

ബാങ്കിങ് അടിമുടി മാറിക്കൊണ്ടിരിക്കു കയാണ്. പഴയതു പോലെ ലെഡ്ജറുകളും റജിസ്റ്റർ ബുക്കുകളും ഉപയോഗിച്ചുള്ള ബാങ്കിങ് അല്ല ഇന്ന്. ബ്ലോക്ക്ചെയിൻ ഉൾപ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യകൾ രംഗപ്രവേശം ചെയ്തിരിക്കുന്നു. പ്രവർത്തനങ്ങൾ പരമാവധി ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്കു മാറുന്നു. എന്നാൽ വെല്ലുവിളികളുമുണ്ട്. മെച്ചപ്പെട്ട സാങ്കേതികവിദ്യ വേണം. സുഗമമായ നടത്തിപ്പിനും പഴുതില്ലാത്ത സുരക്ഷയ്ക്കും സാങ്കേതികവിദ്യയിൽ അറിവുള്ളവർ വേണം. ഇവിടെയാണു ബാങ്കിങ് ടെക്നോളജിയുടെ പ്രസക്തി. അതുകൊണ്ടു തന്നെ ഭാവിയിൽ അവസരങ്ങളുടെ ഖനിയുമാണിത്.റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഹൈദരാബാദിൽ സ്ഥാപിച്ച ഐഡിആർബിടിയിൽ (ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡവലപ്മെന്റ് ആൻഡ് റിസർച് ഇൻ ബാങ്കിങ് ടെക്നോളജി) പിജി ഡിപ്ലോമയ്ക്കുള്ള അപേക്ഷ ഇപ്പോൾ ക്ഷണിച്ചിട്ടുണ്ട്. ഏപ്രിൽ 30 വരെ അപേക്ഷിക്കാം.

ഫുൾ ടൈം കോഴ്സാണു പിജിഡിബിടി. നിലവിലുള്ള ബാങ്കിങ് സാങ്കേതികവിദ്യകൾ മാത്രമല്ല, ഇനി നടപ്പിൽ വരാവുന്ന മാറ്റങ്ങളും കോഴ്സിൽ കണക്കിലെടുക്കുന്നുണ്ട്. മൂന്നു മാസം വീതമുള്ള നാലു ടേമുകളായാണു കോഴ്സ്. ഏതെങ്കിലും ബാങ്കിലോ പണമിടപാടുസ്ഥാപനത്തിലോ പ്രോജക്ട് വർക്കുമുണ്ടാകും. അഞ്ചുലക്ഷം രൂപയും നികുതികളും അടങ്ങിയതാണു ഫീസ്. ഇതിനുപുറമേകോഷൻ ഡിപ്പോസിറ്റും നൽകണം.

ഡയറക്ട്, സ്പോൺസേഡ് എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലായാണു പ്രവേശനം. ഡയറക്ട് അഡ്മിഷനു  60 % മാർക്കോടെ ഫസ്റ്റ് ക്ലാസ് എൻജിനീയറിങ് ബിരുദം, അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം. ഗേറ്റ്, ക്യാറ്റ്, സിമാറ്റ്, മാറ്റ്, ജിമാറ്റ്, ജിആർഇ, എക്സാറ്റ്, ആറ്റ്മ, ജിആർഇ തുടങ്ങിയ പരീക്ഷകളുടെ സ്കോറിന്റെ അടിസ്ഥാനത്തിൽ അപേക്ഷകരെ ഷോർട‌്‌ലിസ്റ്റ് ചെയ്യും. തുടർന്നു ഗ്രൂപ്പ് ഡിസ്കഷനും ഇന്റർവ്യൂവും. ഇവയിൽ ലഭിക്കുന്ന സ്കോറിന്റെ അടിസ്ഥാനത്തിലാണ് അന്തിമ സിലക്ഷൻ.

സ്പോൺസേഡ് അഡ്മിഷൻ: അപേക്ഷകർ നിലവിൽ ഏതെങ്കിലും പണമിടപാടു സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരായിരിക്കണം. ഇവർക്കു ക്യാറ്റ് തുടങ്ങിയ പരീക്ഷകളുടെ സ്കോർ ആവശ്യമില്ല. എന്നാൽ ഗ്രൂപ്പ് ഡിസ്കഷനിലും ഇന്റർവ്യൂവിലും പങ്കെടുക്കേണ്ടിവരും. വെബ്സൈറ്റ്: www.idrbt.ac.in 

ബാങ്കിങ് ടെക്നോളജിയുടെ വർധിച്ചുവരുന്ന പ്രാധാന്യം കണക്കിലെടുത്താണു റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഹൈദരാബാദിൽ ഐഡിആർബിടി (ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡവലപ്മെന്റ് ആൻഡ് റിസർച് ഇൻ ബാങ്കിങ് ടെക്നോളജി) സ്ഥാപിച്ചത്. ബാങ്കിങ് സാങ്കേതികവിദ്യയിലുള്ള ഗവേഷണത്തിന് ഊന്നൽ നൽകുന്ന സ്ഥാപനം. ഫിനാൻഷ്യൽ നെറ്റ്‌വർക്ക്, ഇ–പേയ്മെന്റ്, ബാങ്കിങ് സെക്യൂരിറ്റി തുടങ്ങിയ മേഖലകളാണു പ്രധാനം. ഇന്ത്യയിൽ ബാങ്കിങ് സാങ്കേതികവിദ്യയിൽ ആധികാരികമെന്നു പറയാവുന്ന ഏകസ്ഥാപനമാണ് ഐഡിആർബിടി. കംപ്യൂട്ടർ സയൻസ് മേഖലയിൽ എംടെക്, പിഎച്ച്ഡി കോഴ്സുകൾ ഉൾപ്പെടെ ഇവിടെയുണ്ട്. 

പിജിഡിബിടി: കോഴ്സ് സവിശേഷതകൾ
∙ ബാങ്കിങ് സാങ്കേതികവിദ്യ ആഴത്തിൽ മനസ്സിലാക്കാൻ സഹായകമായ സിലബസ്.
∙ ക്ലാസ്റൂം പഠനത്തിലുപരി പ്രായോഗികതലത്തിലുള്ള സമീപനം.
∙മികച്ച വിദ്യാർഥികൾക്കു കോഴ്സിനിടെ സ്റ്റൈപ്പൻഡ് സാധ്യത.
∙ മികച്ച വിദ്യാർഥികൾക്കു വിദേശ സർവകലാശാലകളിൽ പ്രോജക്ടിനും അവസരം.

English Summary:

Enroll in India's Premier PG Diploma in Banking Technology

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com