ADVERTISEMENT

കുതിരകൾ രാജാവിന്റെ ദൗർബല്യമാണെന്നറിഞ്ഞ വ്യാപാരി കൊട്ടാരത്തിലെത്തി പറഞ്ഞു: എന്റെ കയ്യിൽ ധാരാളം കുതിരകളുണ്ട്. ഒരെണ്ണത്തിനെ ഞാൻ കൊണ്ടുവന്നിട്ടുണ്ട്. രാജാവ് കുതിരയെ കാണുകയും ഇഷ്ടപ്പെടുകയും ചെയ്തു. പണം തന്നാൽ അടുത്തയാഴ്ച എല്ലാ കുതിരകളെയും നൽകാമെന്ന വാക്കുകേട്ട് രാജാവ് അയാൾക്ക് അയ്യായിരം സ്വർണനാണയങ്ങൾ നൽകി. സമയമായിട്ടും അയാൾ എത്തിയില്ല. 

അന്നു വൈകിട്ടു നടക്കാനിറങ്ങിയ രാജാവ് മുറ്റത്തിരുന്ന് എഴുതുന്ന വിദൂഷകനെ കണ്ടപ്പോൾ എന്താണ് എഴുതുന്നതെന്നു ചോദിച്ചു. രാജ്യത്തെ ഏറ്റവും വലിയ വിഡ്ഢികളുടെ പേരെഴുതുകയാണ് എന്നായിരുന്നു മറുപടി. ഒന്നാമനായി തന്റെ പേരുകണ്ട രാജാവ് അദ്ഭുതത്തോടെ കാരണം ചോദിച്ചു. അപരിചിതന് അയ്യായിരം സ്വർണനാണയം കൊടുത്ത് അയാൾ കുതിരയുമായി വരുന്നതു കാത്തിരിക്കുന്നയാളാണ് വലിയ മണ്ടൻ. രാജാവ് ചോദിച്ചു: അയാൾ തിരിച്ചുവന്നാലോ? വിദൂഷകൻ പറഞ്ഞു: ഞാൻ അങ്ങയുടെ പേരു വെട്ടി അയാളുടെ പേരെഴുതും.

അന്ധമായ വിശ്വാസം അപകടകരമാണ്. അപരിചിതമായതെല്ലാം  അനർഥമുണ്ടാക്കുമെന്നല്ല; ആരെയും അകാരണമായി അവിശ്വസിക്കേണ്ടതുമില്ല. പക്ഷേ, വിശ്വസിക്കാനും ആശ്രയിക്കാനും കാരണം വേണം. ഒരു കാരണവുമില്ലാതെ നിലനിൽക്കുന്ന ബന്ധങ്ങൾ സൗഹൃദത്തിന് ഊടും പാവും നൽകിയേക്കാം; വ്യാപാരത്തിൽ ഉപകാരപ്പെടണമെന്നില്ല. ഒരാളെ പഠിക്കാൻപോലും സമയമെടുക്കാതെ അയാളുമായി ആത്മബന്ധത്തിലേക്കു വഴുതിവീഴുന്നതിനെക്കാൾ അപായകരമായി മറ്റൊന്നുമില്ല. 

എല്ലാ ബന്ധങ്ങളിലും ചില സമവാക്യങ്ങൾ രൂപപ്പെടേണ്ടതുണ്ട്. അതിനു സമയദൈർഘ്യവും വ്യത്യസ്ത സാഹചര്യങ്ങളും ആവശ്യമാണ്. ഏതു ബന്ധവും തുടങ്ങുംമുൻപു ചില വിശകലനങ്ങൾ നല്ലതാണ്. തനിക്കനുയോജ്യനായ വ്യക്തിയാണോ, പ്രതികൂല സാഹചര്യങ്ങളിലും അനിഷ്ട സന്ദർഭങ്ങളിലുമുള്ള പെരുമാറ്റരീതി എങ്ങനെയാണ്, പരസ്പര വളർച്ചയ്ക്ക് ഉതകുമോ അതോ മുളയിലേ നുള്ളണോ തുടങ്ങിയ ചോദ്യങ്ങളുടെ ഉത്തരം ക്രിയാത്മകമാകുന്നുണ്ടെങ്കിൽ മാത്രമേ ബന്ധങ്ങൾ തുടങ്ങേണ്ടതുള്ളൂ, തുടരേണ്ടതുള്ളൂ.

English Summary:

Blind Faith vs. Prudent Trust: Establishing Meaningful Relationships in Business and Life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com