ഇനി ഫിസിക്സ് പരീക്ഷണങ്ങൾ ഡിജിറ്റൽ രൂപത്തിൽ
Mail This Article
ഹയർസെക്കൻഡറി ക്ലാസുകളിലെ ഫിസിക്സ് പരീക്ഷണങ്ങൾ ഡിജിറ്റൽ രൂപത്തിൽ ഒരുക്കാൻ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എജ്യുക്കേഷൻ (കൈറ്റ്) സംവിധാനമേർപ്പെടുത്തി.
ലാപ്‌ടോപ്പുകളുമായി ബന്ധിപ്പിക്കാവുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയറും ഹാർഡ്‍വെയറുമായ എക്‌സ്‌പൈസ് (എക്സ്പിരിമെന്റ്സ് ഫോർ യങ് എൻജിനീയേഴ്സ് ആൻഡ് സയന്റിസ്റ്റ്സ്) എന്ന ചെറിയ ഉപകരണം വഴിയാണ് ഇതു സാധ്യമാക്കുന്നത്. ഈ വർഷം നടപ്പാക്കുന്ന ഗണിത ഐടി ലാബുകൾക്കു പുറമേയാണിത്.
നിലവിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ 36 പ്രാക്ടിക്കൽ പ്രവർത്തനങ്ങൾ നിർദേശിക്കുന്നുണ്ട്. ലാബിൽ കുട്ടികൾ ചെയ്യുന്നതോടൊപ്പം വിവിധ വിഭാഗങ്ങളിലെ പരീക്ഷണങ്ങൾ കംപ്യൂട്ടർ ഉപയോഗിച്ചു ചെയ്യാൻ കഴിയുന്ന ഉപകരണമാണ് എക്‌സ്‌പൈസ്.
എസി/ഡിസി സിഗ്‌നൽ നിർമാണം, സോണോമീറ്റർ, റെസൊണൻസ് കോളം, സിംപിൾ പെൻഡുലം, ഹെലിക്കൽ സ്പ്രിങ് തുടങ്ങിയവ ഉപയോഗിച്ചുള്ളതുൾപ്പെടെ 150 ലേറെ പരീക്ഷണങ്ങൾ ഇതിൽ ചെയ്യാനാകും. പലപ്പോഴും സ്‌കൂളുകളിലെ ഫിസിക്‌സ് പരീക്ഷണങ്ങൾക്ക് ഓസിലോസ്‌കോപ്പ് പോലുള്ളവ ലഭ്യമാകാറില്ല.
എല്ലാ ഗവ. ഹയർ സെക്കൻഡറി സ്കൂളുകളിലേക്കും എക്‌സ്‌പൈസ് ഉപകരണങ്ങൾ ലഭ്യമാക്കിയിട്ടുണ്ടെന്നു കൈറ്റ് വൈസ് ചെയർമാൻ കെ.അൻവർ സാദത്ത് അറിയിച്ചു.