ഒഴിവ് 447; എന്നിട്ടും ലിസ്റ്റ് വന്നില്ല, അസിസ്റ്റന്റ് സെയിൽസ്മാൻ ലിസ്റ്റും ചുരുക്കുമോ?; ഉദ്യോഗാർഥികൾ ആശങ്കയിൽ
Mail This Article
വിവിധ ജില്ലകളിലായി 447 ഒഴിവു റിപ്പോർട്ട് ചെയ്തിട്ടും സിവിൽ സപ്ലൈസ് കോർപറേഷനിൽ അസിസ്റ്റന്റ് സെയിൽസ്മാൻ സാധ്യതാ ലിസ്റ്റ് വൈകുന്നു. 10th ലെവൽ മെയിൻ പരീക്ഷയ്ക്കൊപ്പം കഴിഞ്ഞ വർഷം ഡിസംബർ 12നാണു പരീക്ഷ നടത്തിയത്. സാധ്യതാ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് ഉൾപ്പെടെ തുടർനടപടികൾ വൈകിക്കുന്നത് താൽക്കാലിക നിയമനത്തിനും വഴിയൊരുക്കും.
ലിസ്റ്റ് ചെറുതാക്കൽ ആശങ്ക ഇവിടെയും
എൽഡിസി, ലാസ്റ്റ് ഗ്രേഡ് സാധ്യതാ ലിസ്റ്റുകൾ ചുരുക്കിയതുപോലെ അസിസ്റ്റന്റ് സെയിൽസ്മാൻ ലിസ്റ്റും ചുരുക്കാനുള്ള നീക്കമാണു പിഎസ്‌സിയിൽ നടക്കുന്നതെന്ന് ഉദ്യോഗാർഥികൾ ആശങ്കപ്പെടുന്നു. ഒഴിവുകൾക്ക് ആനുപാതികമായി ലിസ്റ്റിൽ ആളെ ഉൾപ്പെടുത്താതിരുന്നാൽ മെയിൻ പരീക്ഷ എഴുതിയ നൂറുകണക്കിന് ഉദ്യോഗാർഥികൾക്ക് അതു തിരിച്ചടിയാകും.
പൊതുപരീക്ഷയുടെ അടിസ്ഥാനത്തിലാണു തിരഞ്ഞെടുപ്പ് എന്നതിനാൽ ഇത്തവണ ഒഴിവുകൾ വർധിക്കും. ഈ ലിസ്റ്റിലെ ഉദ്യോഗാർഥികൾ തന്നെയാവും എൽഡിസി, സിവിൽ പൊലീസ് ഓഫിസർ, ഫയർമാൻ തുടങ്ങി വിവിധ ലിസ്റ്റുകളിലും ഉൾപ്പെടുക. അതിനാൽ എൻജെഡി ഒഴിവുകൾ കഴിഞ്ഞ തവണത്തേക്കാൾ വർധിക്കാനിടയുണ്ട്. ജോലിയിൽ േചർന്ന ശേഷം മറ്റു ലിസ്റ്റുകളിൽനിന്നു നിയമനം ലഭിക്കുന്ന മുറയ്ക്കു കൊഴിഞ്ഞുപോക്കും ഉണ്ടാകും.
മെയിൻ ലിസ്റ്റിൽ ആവശ്യത്തിന് ആളില്ലാതെ കഴിഞ്ഞ തവണ തിരുവനന്തപുരം ജില്ലയിലെ അസി. സെയിൽസ്മാൻ റാങ്ക് ലിസ്റ്റ് 3 വർഷ കാലാവധി പൂർത്തിയാക്കാതെ അവസാനിച്ചിരുന്നു. 2021 ജൂൺ 25 വരെ കാലാവധി ലഭിക്കേണ്ടിയിരുന്ന ലിസ്റ്റ് മാർച്ച് 4നു റദ്ദായി. തിരുവനന്തപുരം ജില്ലയിൽ അതിനു മുൻപത്തെ ലിസ്റ്റും മെയിൻ ലിസ്റ്റിൽ ആളു കുറവായതിനാൽ കാലാവധി പൂർത്തിയാക്കാതെ അവസാനിച്ചിരുന്നു. തിരുവനന്തപുരത്ത് ഈ തസ്തികയുടെ 113 ഒഴിവുകൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മുൻ ലിസ്റ്റിൽ നിന്ന് 2914 നിയമന ശുപാർശ
അസി. സെയിൽസ്മാൻ തസ്തികയുടെ മുൻ റാങ്ക് ലിസ്റ്റിൽനിന്നു 14 ജില്ലയിലുമായി 2914 പേർക്കു നിയമന ശുപാർശ നൽകിയിരുന്നു. ഏറ്റവും കൂടുതൽ ശുപാർശ എറണാകുളം ജില്ലയിലായിരുന്നു–343. കുറവ് വയനാട് ജില്ലയിൽ–78. തിരുവനന്തപുരം, കൊല്ലം ജില്ലകളിലും മുന്നൂറിലേറെ ശുപാർശയുണ്ടായി. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഇരുനൂറിലേറെപ്പേർക്കു ശുപാർശ നൽകി.
Content Summary : Kerala PSC Assistant Salesman list delay