യുകെ വിദ്യാര്‍ഥികളുമായി വിദ്യാര്‍ഥി രാഷ്ട്രീയം, പാര്‍ലമെന്റ് പ്രവര്‍ത്തന അനുഭവങ്ങള്‍ പങ്കുവെച്ച് ഹൈബി ഈഡന്‍ എംപി
Mail This Article
കൊച്ചി ∙ കൊച്ചിയില്‍ എത്തിയ യുകെയിലെ ലിവര്‍പൂള്‍ ജോണ്‍ മൂര്‍സ് യൂണിവേഴ്‌സിറ്റിയിലെ 11 അംഗ വിദ്യാര്‍ഥിസംഘം ഹൈബി ഈഡന്‍ എംപിയുമായി കൂടിക്കാഴ്ച നടത്തി. ഷെഫ് പിള്ളൈ റെസ്റ്റോറന്റില്‍ നടന്ന അത്താഴവിരുന്ന് കൂടിക്കാഴ്ചയില്‍ വിദ്യാര്‍ഥി രാഷ്ട്രീയം മുതല്‍ കൊച്ചിക്കായുള്ള വികസന കാഴ്ചപ്പാട് വരെ ചര്‍ച്ചാവിഷയമായി. ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ച് യുകെ ആസ്ഥാനമായ ഇന്റര്‍നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (ഐഎസ്ഡിസി) സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ സമ്മര്‍ സ്‌കൂളിന്റെ ഭാഗമായാണ് വിദ്യാര്‍ഥി സംഘം കൊച്ചിയില്‍ എത്തിയത്.
വിദ്യാര്‍ഥികള്‍ക്ക് മറ്റ് സ്ഥലങ്ങളിലെ സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക പശ്ചാത്തലം മനസിലാക്കാന്‍ ഇത്തരം വിജ്ഞാനക്കൈമാറ്റ പരിപാടികള്‍ ഏറെ സഹായകമാകുമെന്ന് ഹൈബി ഈഡന്‍ എംപി പറഞ്ഞു. ഇതിനായി ഐഎസ് ഡിസിയും ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിയും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി ന്യൂ ഇനീഷ്യേറ്റിവ്‌സ് ഡയറക്ടര്‍ ടോം ജോസഫ്, ഐഎസ് ഡിസി എക്‌സിക്യുട്ടിവ് ഡയറക്ടര്‍ തെരേസ ജേക്കബ്‌സ് എന്നിവരും വിദ്യാര്‍ഥി സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
അന്താരാഷ്ട്രതലത്തില്‍ വിജ്ഞാന കൈമാറ്റവും വൈവിധ്യങ്ങളായ സംസ്‌കാരങ്ങളെക്കുറിച്ച് മനസിലാക്കുകയെന്നതുമാണ് ഒരു മാസം നീണ്ടുനില്‍ക്കുന്ന ഇന്റര്‍നാഷണല്‍ സമ്മര്‍ സ്‌കൂളിലൂടെ ലക്ഷ്യമിടുന്നത്. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ എന്നതാണ് സമ്മര്‍ സ്‌കൂളിന്റെ പ്രമേയം.
Content Summary : UK ISDC students interacts with Hibi Eden MP