ADVERTISEMENT

വിദ്യാഭ്യാസ രംഗത്ത് കോയമ്പത്തൂര്‍ എസ്എസ് വിഎം ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സിന്റെ മികവിന്റെ 25 ാം വർഷത്തിന്റെ ആഘോഷങ്ങള്‍ സെപ്റ്റംബര്‍ 1 മുതല്‍ 3 വരെ മേട്ടുപാളയത്തുള്ള എസ്എസ് വിഎം സ്കൂള്‍ ക്യാംപസില്‍ നടന്നു. ഇതോടനുബന്ധിച്ച് നടന്ന മൂന്ന് നാള്‍ നീണ്ട ‘ട്രാന്‍സ്ഫോമിങ് ഇന്ത്യ കോണ്‍ക്ലേവ് 2022’ യുവമനസ്സുകളില്‍ പ്രചോദനത്തിന്‍റെ പുതു വിത്തുകള്‍ പാകി. 

 

 

Ashish Vidyarthi

25 വര്‍ഷം നീണ്ട പ്രയാണത്തില്‍ ഈ വിദ്യാഭ്യാസ സ്ഥാപനം സാങ്കേതിക വിദ്യയില്‍ ശക്തമായ അടിത്തറയുള്ളവരും ഇന്ത്യന്‍ പാരമ്പര്യത്തിലും സാംസ്കാരിക മൂല്യങ്ങളിലും അടിയുറച്ചവരുമായ ആയിരക്കണക്കിന് മിടുക്കരായ യുവാക്കളെ നാടിന് സംഭാവന ചെയ്തിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തുമായി പരന്ന് കിടക്കുന്ന ഇവിടുത്തെ പൂര്‍വവിദ്യാര്‍ഥികള്‍ അസൂയാവഹമായ കരിയറുകളിലും സംരംഭങ്ങളിലും  ഏര്‍പ്പെട്ട് പിന്നാലെ വരുന്നവര്‍ക്ക് വഴികാട്ടികളാവുകയാണ്. 

 

വിദ്യാര്‍ഥികളുടെ ബഹുമുഖമായ കഴിവുകളെ പരിപോഷിപ്പിച്ച് അവരെ സാമൂഹിക ഉത്തരവാദിത്തമുള്ള പൗരന്മാരാക്കി മാറ്റണം എന്ന എസ്എസ് വിഎം സ്ഥാപകയും മാനേജിങ് ട്രസ്റ്റിയുമായ ഡോ. മണിമേഖലൈ മോഹന്‍റെ വീക്ഷണത്തെ പ്രതിഫലിപ്പിക്കുന്നയിരുന്നു ത്രിദിന കോണ്‍ക്ലേവ്. വിജയം കൈവരിച്ചവരുടെ ആദിമൂലമായ ഗുണവിശേഷമാണ് വിനയം. ജീവിതത്തില്‍ വിജയിക്കാന്‍ വിനയാന്വിതരായി ഇരിക്കണമെന്നാണ് എസ്എസ് വിഎം സ്ഥാപനങ്ങള്‍ വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നതെന്ന് ഡോ. മണിമേഖലൈ മോഹന്‍ പറയുന്നു. 

 

ദേശീയ, രാജ്യാന്തര രംഗങ്ങളില്‍ തന്നെ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ച വിശിഷ്ട വ്യക്തിത്വങ്ങളാണ് എസ്എസ് വിഎം കോണ്‍ക്ലേവില്‍ തങ്ങളുടെ അനുഭവങ്ങള്‍ വിദ്യാര്‍ഥികളുമായി പങ്കു വച്ച് അവരെ പ്രചോദിപ്പിക്കാനെത്തിയത്. ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രജ്ഞനും പദ്മവിഭൂഷണ്‍ ജേതാവുമായ ഡോ. നമ്പി  നാരായണന്‍ എങ്ങനെയാണ് 55 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഏറ്റവും കുറഞ്ഞ സൗകര്യങ്ങള്‍ ഉപയോഗിച്ച് ഐഎസ്ആര്‍ഒ പേലോഡ് റിക്കവറി സംവിധാനം വിജയകരമായി വികസിപ്പിച്ചതെന്ന് വിശദീകരിച്ചു. വിജയത്തിന്‍റെ സഞ്ചാരപദത്തിലേക്ക് തങ്ങളെ സ്വയം വിക്ഷേപിക്കാനുള്ള ഇച്ഛാശക്തി വിദ്യാര്‍ഥികള്‍ക്ക് ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Chetan Bhagat

 

 ഓരോ ദിവസവും നിരവധി അവസരങ്ങളും വാഗ്ദാനങ്ങളുമാണ് ലോകം നമ്മുടെ മുന്നോട്ട് വയ്ക്കുന്നതെന്നും, ഇതിനെ പ്രയോജനപ്പെടുത്താന്‍ വിദ്യാര്‍ഥികള്‍ തങ്ങളുടെ ആത്മസത്ത തിരിച്ചറിയണമെന്നും നടനും മോട്ടിവേഷണല്‍ സ്പീക്കറുമായ ആശിഷ് വിദ്യാര്‍ഥി കോണ്‍ക്ലേവില്‍ പറഞ്ഞു. ലോകത്തെ മാറ്റാന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യം മാറ്റങ്ങളോട് പൊരുത്തപ്പെടാന്‍ കൂടി തയ്യാറായിരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

 

ആധുനിക ഉപകരണങ്ങളും പ്രണയവുമൊന്നും വിദ്യാര്‍ഥികളുടെ പഠനത്തില്‍ നിന്നുള്ള ശ്രദ്ധ തിരിക്കരുതെന്ന്  പ്രമുഖ ഇന്ത്യന്‍ എഴുത്തുകാരന്‍ ചേതന്‍ ഭഗത്ത് പറഞ്ഞു. നല്ലൊരു ജോലി ലഭിച്ച് കഴിഞ്ഞാല്‍ കാമുകിയെ പിന്നീടാണെങ്കിലും ലഭിക്കും, എന്നാല്‍ കാമുകി ഉണ്ടെന്നത് കൊണ്ട് ജോലി ലഭിക്കണമെന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

 

പിഎച്ച്ഡി എന്ന മൂന്ന് വാക്കുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നാച്ചുറല്‍ സലൂണ്‍ ആന്‍ഡ് സ്പായുടെ സിഇഒയും സഹസ്ഥാപകനുമായ സി. കെ. കുമാരവേലു വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടത്. ഇതിലെ പി പാഷന്‍ അഥവാ ഉത്കടമായ അഭിനിവേശത്തെയും എച്ച് ഹംഗര്‍ അഥവാ ഹൃദയം ആഗ്രഹിക്കുന്നത് നേടാനുള്ള അതിഭയങ്കര വിശപ്പിനെയും ഡി ഡിസിപ്ലിന്‍ അഥവാ അച്ചടക്കത്തെയും കുറിക്കുന്നു. 

 

ഹെല്‍ത്ത് ബേസിക്സ് സ്ഥാപകയും സിഇഒയുമായ സ്വാതി രോഹിത് സജീവമായ ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിന്‍റെയും പോഷണസമ്പുഷ്ടമായ ഭക്ഷണം കഴിക്കേണ്ടതിന്‍റെയും പ്രാധാന്യത്തെ കുറിച്ച് വിദ്യാര്‍ഥികളോട് സംസാരിച്ചു. സ്വപ്നങ്ങളെ കൈവരിക്കാന്‍ കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണെന്നും സ്വാതി പറഞ്ഞു. 

 

വികാരാധീനരാകുന്നത് ദൗര്‍ബല്യത്തിന്‍റെ ലക്ഷണമല്ലെന്ന് അഡയാര്‍ ആനന്ദ ഭവന്‍ ഡയറക്ടര്‍ പൂജ ശ്രീനിവാസ രാജ കോണ്‍ക്ലേവില്‍ പറഞ്ഞു. ഇതില്‍ പ്രശ്നമില്ലെന്നും ശാരീരിക ആരോഗ്യത്തിന് നല്‍കുന്ന അത്രയും തന്നെ പ്രാധാന്യം മാനസികാരോഗ്യത്തിന് നല്‍കണമെന്നും ആവശ്യമെങ്കില്‍ കൗണ്‍സിലിങ് തേടണമെന്നും പൂജ കൂട്ടിച്ചേര്‍ത്തു.

 

കോണ്‍ക്ലേവില്‍ ലിഡിയന്‍ നാദസ്വരം തന്‍റെ മാസ്മരിക സംഗീത പ്രകടനം കൊണ്ട് കാണികളെ സ്തബ്ധരാക്കി. യുവ പരിസ്ഥിതിവാദിയായ പ്രസിദ്ധി സിങ്ങും കോഴിക്കോട് നിന്നുള്ള മുഹമ്മദ് അസീമും നിശ്ചയദാര്‍ഢ്യമുള്ള ഒരു മനസ്സിന് പ്രായവും പരിമിതികളുമൊന്നും ഒരു തടസ്സമല്ലെന്ന് തെളിയിച്ചു. വിദ്യാഭ്യാസ രംഗത്ത് ഗണ്യമായ സംഭാവനകള്‍ നല്‍കിയ വിവിധ സ്കൂളുകളില്‍ നിന്നുള്ള അധ്യാപകര്‍ക്ക് ചടങ്ങില്‍ 'ഇന്‍സ്പിറേഷണല്‍ ഗുരു പുരസ്ക്കാരങ്ങള്‍' നല്‍കി ആദരിച്ചു. യുവ മനസ്സുകളിലെ  കിടിലന്‍ ബിസിനസ്സ് ആശയങ്ങള്‍ക്കായുള്ള 'സ്റ്റുഡന്‍റ്പ്രണര്‍' അവാര്‍ഡുകളും കോണ്‍ക്ലേവില്‍ വിതരണം ചെയ്തു. വിവിധ സാംസ്കാരിക കലാ പരിപാടികളും കോണ്‍ക്ലേവിന് മാറ്റ് കൂട്ടി.

 

Content Summary : Transforming India Conclave 2022 held as part of SSVM Coiumbatore Silver Jubilee Celebrations big success

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com