ADVERTISEMENT

വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാനായി സ്കൂളുകൾ പല നിയമങ്ങളും നടപ്പിലാക്കാറുണ്ട്. അധ്യാപകരും  വിദ്യാർഥികളും അവ പാലിക്കാറുമുണ്ട്. പക്ഷേ ബ്രിട്ടനിൽ എസക്സിലെ ചെംസ്ഫോഡിലുള്ള ഹൈലാൻസ് സ്കൂൾ അധികൃതർ കുട്ടികളുടെ സുരക്ഷയ്ക്ക് എന്ന പേരിൽ പുറപ്പെടുവിച്ച ചില ഉത്തരവുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്.

സ്കൂളിൽ വച്ച് കുട്ടികൾ പരസ്പരം കൈകോർത്തു പിടിക്കാനോ ആലിംഗനം ചെയ്യാനോ പാടില്ലെന്ന് ഉത്തരവിൽ പറയുന്നു. വിദ്യാർഥികൾ തമ്മിൽ പ്രണയബന്ധം പാടില്ല. സ്കൂളിനുള്ളിൽ കുട്ടികൾ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ അതു പിടിച്ചെടുത്ത് ലോക്കറിലാക്കും. സ്കൂൾ സമയം കഴിഞ്ഞേ മടക്കിനൽകൂ. കുട്ടികളെ പരസ്പരം തൊടാൻ പോലും അനുവദിക്കാത്ത നിയന്ത്രണത്തില്‍ രക്ഷകർത്താക്കളും നാട്ടുകാരും എതിർപ്പറിയിച്ചിട്ടുണ്ടെങ്കിലും ഭൂരിപക്ഷം രക്ഷകർത്താക്കളും നിയന്ത്രണത്തോടു യോജിക്കുന്നുവെന്നാണ് സ്കൂള്‍ അധികൃതർ പറയുന്നത്. കുട്ടികൾ തമ്മിൽ പരസ്പര ബഹുമാനം വളരാനും ഭാവിയിൽ മികച്ച പ്രഫഷനലുകളാകാനും ഈ നിയന്ത്രണം സഹായിക്കുമെന്നാണ് അധികൃതരുടെ വാദം.

സ്കൂളിലെ അസിസ്റ്റന്റ് ഹെഡ് ടീച്ചർ മിസ് കാതറിൻ മക്മില്ലൻ പുതിയ ഉത്തരവിനെക്കുറിച്ച് രക്ഷിതാക്കൾക്ക് എഴുതിയ കത്തിൽ വിശദീകരിക്കുന്നുണ്ട്.

‘‘കുട്ടികൾ തമ്മിൽ ഒരു തരത്തിലുള്ള ശാരീരിക സ്പർശനങ്ങളും സ്കൂളിൽ അനുവദിക്കില്ല. കൈകൾ കോർത്തു പിടിക്കുക, പരസ്പരം ആലിംഗനം ചെയ്യുക, തല്ലുകൂടുക തുടങ്ങിയ കാര്യങ്ങളെല്ലാം ശാരീരിക സ്പർശത്തിന്റെ പരിധിയിൽ പെടുത്തി വിലക്കിയിട്ടുണ്ട്. ഇതെല്ലാം നിങ്ങളുടെ കുട്ടികളുടെ സുരക്ഷയ്ക്കു വേണ്ടിയാണ്. 

നിങ്ങളുടെ കുട്ടി മറ്റൊരു കുട്ടിയെ സമ്മതത്തോടെയോ അല്ലാതെയോ തൊടുമ്പോൾ പല പ്രശ്നങ്ങളുമുണ്ടായേക്കാം. അത്തരം സ്പർശങ്ങൾ ചിലസമയം അനുചിതമായേക്കാം, ചില കുട്ടികളെ അസ്വസ്ഥരാക്കാം, ചിലപ്പോൾ മുറിവുകൾ പോലുമുണ്ടായേക്കാം. കുട്ടികൾക്ക് ജീവിതകാലം മുഴുവൻ നീളുന്ന മികച്ച സൗഹൃദങ്ങൾ ഉണ്ടാകണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ സ്കൂളിൽ പ്രണയബന്ധങ്ങൾ അനുവദിക്കില്ല. അതേസമയം, നിങ്ങളുടെ അനുവാദത്തോടെ കുട്ടികൾക്ക് സ്കൂളിനു പുറത്ത് അത്തരം അടുപ്പങ്ങളുണ്ടാക്കാം.

സ്കൂളിൽ കുട്ടികൾ പഠനത്തിൽ ശ്രദ്ധിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. അതുകൊണ്ടുതന്നെ റിലേഷൻഷിപ് പ്രശ്നങ്ങൾ അവരുടെ ശ്രദ്ധ മാറ്റരുതെന്ന് ഞങ്ങൾ കരുതുന്നു. കുട്ടികൾക്ക് വ്യക്തിപരമായ പ്രശ്നങ്ങളിൽ പിന്തുണയോ ഉപദേശമോ വേണമെങ്കിൽ സ്കൂളിൽ അതിനായി ചുമതലപ്പെട്ട ആളുകളുണ്ട്. അവരെ സമീപിക്കാം.’’ 

Content Summary : British School Bans Romance And Physical Contact To "Keep Children Safe"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com