ADVERTISEMENT

ന്യൂഡൽഹി ∙ ജെൻഡർ വേർതിരിവു പ്രകടമാക്കുന്ന സീറ്റ് ക്രമീകരണം ക്ലാസ് മുറികളിൽനിന്ന് ഒഴിവാക്കണമെന്ന് എൻസിഇആർടി നിർദേശിച്ചു. പ്രത്യേക ക്യൂ ഉചിതമല്ലെന്നും കലാ–കായിക വിനോദങ്ങളിൽ ലിംഗ വിവേചനം കാട്ടരുതെന്നും എൻസിഇആർടിയുടെ പുതിയ ജെൻഡർ ന്യൂട്രൽ കരട് മാർഗരേഖയിൽ വ്യക്തമാക്കുന്നു. ട്രാൻസ്‍െജൻഡർ വിഭാഗത്തിലെ കുട്ടികൾക്കു സൗകര്യപ്രദമായ പഠനാന്തരീക്ഷം സൃഷ്ടിക്കുന്നതിനു സ്കൂൾ അധ്യാപകർക്കും ജീവനക്കാർക്കുമായാണ് കരട് മാർഗരേഖ പുറത്തിറക്കിയിരിക്കുന്നത്. ആറാം ക്ലാസ് മുതൽ ജെൻഡർ ന്യൂട്രൽ യൂണിഫോം എന്ന നിർദേശവും മുന്നോട്ടുവച്ചിട്ടുണ്ട്. 

ചില കുട്ടികൾക്ക്, പ്രത്യേകിച്ച് 6–ാം ക്ലാസ് മുതലുള്ളവർക്കു വസ്ത്രകാര്യത്തിൽ ചില താൽപര്യങ്ങളുണ്ടാകും. ചില വസ്ത്രങ്ങളിൽ അവർ തൃപ്തരാകണമെന്നില്ല. വിദ്യാർഥികൾക്ക് സുഖകരമായ, കാലാവസ്ഥയ്ക്കു യോജിച്ച ജെൻഡർ ന്യൂട്രൽ യൂണിഫോമുകൾ സ്കൂളുകൾക്ക് അവതരിപ്പിക്കാമെന്ന് എൻസിഇആർടി ജെൻഡർ സ്റ്റഡീസ് വിഭാഗം മേധാവി ജ്യോത്സന തിവാരി അധ്യക്ഷയായ 16 അംഗ കമ്മിറ്റി തയാറാക്കിയ കരടിൽ വ്യക്തമാക്കുന്നു. ക്ലാസ്മുറികളിൽ ആൺ, പെൺ വേ‍ർതിരിവു വ്യക്തമാക്കുന്ന സംബോധനകൾ ഒഴിവാക്കണമെന്നും എല്ലാവരെയും കുട്ടികളെ, വിദ്യാർഥികളേ എന്ന് അഭിസംബോധന ചെയ്യണമെന്നും നിർദേശമുണ്ട്. ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ട കുട്ടികൾ സ്കൂളുകളിൽ നേരിടാൻ സാധ്യതയുള്ള ശാരീരിക, മാനസിക, ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് അധ്യാപകർ ബോധവാൻമാരാകണമെന്നും കരടിൽ നിർദേശിക്കുന്നു. അധ്യാപകരുൾപ്പെടെയുള്ള സ്കൂൾ ജീവനക്കാരുടെ നിയമനങ്ങളിൽ ലിംഗ വിവേചനമില്ലാതെ ട്രാൻസ്ജെൻഡർമാരെയും നിയമിക്കണം. 

പുതിയ കരടിൽ പ്രത്യേക ശുചിമുറി ട്രാൻസ്ജെൻഡർ വിഭാഗത്തിലെ കുട്ടികളുടെ പഠനാന്തരീക്ഷം മെച്ചപ്പെടുത്താൻ 2020 നവംബറിൽ എൻസിഇആർടി കരട് മാർഗരേഖ പുറത്തിറക്കിയിരുന്നെങ്കിലും ദേശീയ ബാലാവകാശ കമ്മിഷന്റെ എതിർപ്പിനെ തുടർന്നു പിൻവലിച്ചിരുന്നു. സ്കൂളുകളിൽ ജെൻഡർ ന്യൂട്രൽ ശുചിമുറികൾ ക്രമീകരിക്കണമെന്നാ യിരുന്നു പിൻവലിച്ച മാർഗരേഖയിലെ ഒരു വ്യവസ്ഥ. ലൈംഗിക അതിക്രമങ്ങൾ വർധിക്കാൻ ഇതു കാരണമായേക്കു മെന്നു ബാലാവകാശ കമ്മിഷൻ പ്രതികരിച്ചിരുന്നു.

ട്രാൻസ്ജെൻഡർ വിഭാഗക്കാർക്കു വേണ്ടി പ്രത്യേക ശുചിമുറികൾ ക്രമീകരിക്കുകയോ, പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കുള്ള ശുചിമുറി ഇവർക്കുമായി സജ്ജീകരിക്കുകയോ ചെയ്യുന്നതാകും ഉചിതമെന്നാണു പുതിയ കരടിലെ നിർദേശം. പഴയ കരട് എൽജിബിടിക്യുഐഎ വിഭാഗത്തെ മുഴുവൻ പരാമർശിച്ചിരുന്നെങ്കിൽ പുതിയ കരടിൽ ജന്മനാ ട്രാൻസ്ജെൻഡർ ആയവരെയാണ് ലക്ഷ്യമിടുന്നത്. പഴയ കരട് എൻസിഇആർടി ജെൻഡർ സ്റ്റഡീസ് മുൻ മേധാവി പൂനം അഗർവാളിന്റെ നേതൃത്വത്തിലാണു തയാറാക്കിയത്. വിവാദത്തിനു പിന്നാലെ ഇവരെയും വകുപ്പിലെ പ്രഫ. മോന യാദവിനെയും സ്ഥലം മാറ്റിയിരുന്നു.

Content Summary : NCERT Releases New Draft On Inclusion Of Trans Children

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com