ADVERTISEMENT

കൊച്ചി ∙ മലയാളികളെ ആകർഷിക്കുന്ന ഭാഷകളുടെ കൂട്ടത്തിലേക്ക് ഇനി ഡച്ചും. ബൽജിയം ഉൾപ്പെടെ രാജ്യങ്ങളിൽ മലയാളി നഴ്സുമാർക്കു ഡിമാൻഡ് വർധിച്ചതോടെ കേരളത്തിൽ ഡച്ച് ഭാഷയും വേരുറപ്പിക്കുകയാണ്. ഡച്ച് ഭാഷ പഠിച്ച് കേരളത്തിൽനിന്നു ബൽജിയത്തിലേക്കു പറക്കാനൊരുങ്ങുന്നത് 37 നഴ്സുമാരാണ്. 22 പേർ ബൽജിയത്തിൽ എത്തിയതിനു പിന്നാലെയാണ് സർക്കാരിനു കീഴിലുള്ള റിക്രൂട്ടിങ് ഏജൻസിയായ ഓവർസീസ് ഡവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രമോഷൻ കൺസൽറ്റന്റ്സ് ലിമിറ്റഡ് (ഒഡെപെക്) വഴി 37 നഴ്സുമാർ കൂടി അടുത്ത ദിവസങ്ങളിൽ വടക്കൻ യൂറോപ്പിലേക്കു പറക്കുന്നത്. ബൽജിയത്തിലേക്കു നഴ്സുമാരെ റിക്രൂട്ട് ചെയ്യാനുള്ള ഒഡെപെക്കിന്റെ ‘അറോറ’ പ്രോജക്ടിന്റെ ഭാഗമായി അടുത്ത ബാച്ചിൽ 100 നഴ്സുമാരെ തിരഞ്ഞെടുക്കും. മാർച്ചോടെ ഇതിനുള്ള നടപടികൾ ആരംഭിക്കും.

എറണാകുളത്തെ ലൂർദ് ആശുപത്രിയുമായി ചേർന്നാണ് ഒഡെപെക് 6 മാസത്തെ കോഴ്സ് സംഘടിപ്പിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് ഡച്ച് ഭാഷയ്ക്കൊപ്പം നഴ്സിങ് പരിശീലനവും നൽകും. പഠനം സൗജന്യമാണെന്നു മാത്രമല്ല പ്രതിമാസം 11,000 രൂപ സ്റ്റൈപ്പെൻഡും ഉണ്ട്. തുടർന്നുള്ള 6 മാസം പരിശീലനം ബൽജിയത്തിലാണ്. ബി2 ലവൽ ഭാഷാ പരീക്ഷയും നഴ്സിങ് കോഴ്സും പൂർത്തിയാക്കിയാൽ ജോലി ചെയ്യാം. കഴിഞ്ഞ മാർച്ചിൽ പോയ 22 പേർ ഇപ്പോൾ അവിടെ റജിസ്റ്റേഡ് നഴ്സുമാരാണ്. തുടക്കത്തിൽ 1700 യൂറോയും (ഒന്നരലക്ഷം രൂപ) റജിസ്റ്റേഡ് നഴ്സുമാർക്ക് 2500–3200 യൂറോയുമാണ് (2.2 – 2.8 ലക്ഷം) ശമ്പളം. കഴിഞ്ഞ 3 വർഷത്തിനിടെ രണ്ടായിരത്തോളം നഴ്സുമാരാണ് ഒഡെപെക് വഴി വിദേശ രാജ്യങ്ങളിലേക്കു പോയിട്ടുള്ളത്; അതിൽ 600 പേർ യുകെയിലേക്കാണ്.

Content Summary : belgium is hiring nurses through odepc

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com