ADVERTISEMENT

തിരുവനന്തപുരം ∙ അഞ്ചിൽ താഴെ ഡിവിഷനുള്ള ഹൈസ്കൂളുകളിൽ ഇംഗ്ലിഷ് പഠിപ്പിക്കാൻ ഇക്കൊല്ലം ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കാമെന്ന ഉത്തരവിൽ സർക്കാർ ഭേദഗതി വരുത്തി. ഡിവിഷൻ നഷ്ടം മൂലം തസ്തികയില്ലാതെ സംരക്ഷിത വിഭാഗത്തിലായ ഇംഗ്ലിഷ് അധ്യാപകരുണ്ടെങ്കിൽ അവരെ അതതു സ്കൂളുകളിൽ തന്നെ നിലനിർത്താമെന്നാണു പുതിയ ഉത്തരവ്. സർക്കാർ ശമ്പളം പറ്റുന്ന സംരക്ഷിത അധ്യാപകരെ നോക്കുകുത്തിയാക്കി അവരുടെ സ്ഥാനത്ത് താൽക്കാലിക അധ്യാപകരെ നിയമിക്കാനുള്ള തീരുമാനം സർക്കാരിന് അധിക ബാധ്യത സൃഷ്ടിക്കുന്നതായിരുന്നു. ഒക്ടോബറിൽ ഇറക്കിയ ആ ഉത്തരവാണ് ഇപ്പോൾ തിരുത്തിയത്.

അഞ്ചു ഡിവിഷനെങ്കിലും ഉണ്ടെങ്കിൽ മാത്രം അധ്യാപക തസ്തിക അനുവദിക്കാവുന്ന കോർ വിഷയങ്ങളുടെ കൂട്ടത്തിലാണ് ഇംഗ്ലിഷിനെ നേരത്തേ ഉൾപ്പെടുത്തിയിരുന്നത്. ഇതുമാറ്റി ഭാഷാ വിഷയമായിത്തന്നെ പരിഗണിക്കണമെന്നും അതനുസരിച്ച് സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ഇംഗ്ലിഷിനു പ്രത്യേക അധ്യാപക തസ്തികകൾ (എച്ച്എസ്എ) സൃഷ്ടിക്കണമെന്നും ഹൈക്കോടതി ഉത്തരവുണ്ട്. എന്നാൽ ഇങ്ങനെ ചെയ്യുമ്പോൾ അതു മറ്റു കോർ വിഷയങ്ങളിലെ അധ്യാപക തസ്തികകളുടെ വിന്യാസത്തെ ബാധിക്കുമെന്നും ഇതു പരിഹരിക്കാൻ പഠന സമിതി രൂപീകരിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി ഇക്കൊല്ലം താൽക്കാലിക അധ്യാപകരെ നിയമിക്കാനാണ് സർക്കാർ ഒക്ടോബറിൽ ഉത്തരവിറക്കിയത്. 

ഇതിൽ പരാതി ഉയർന്നതിനെത്തുടർന്ന്, സംരക്ഷിത അധ്യാപകരെ നിലനിർത്തിയ ശേഷം ബാക്കിയുള്ള സ്കൂളുകളിൽ മാത്രം താൽക്കാലിക അധ്യാപകരെ നിയമിക്കുന്നതിന് അനുമതി തേടി പൊതു വിദ്യാഭ്യാസ ഡയറക്ടർ സർക്കാരിനു കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ്.

74 പേരെ നിലനിർത്താം

1:40 അനുപാതത്തിൽ തസ്തിക നിർണയത്തിനു ശേഷവും തസ്തിക നഷ്ടപ്പെടുന്ന 151 ഇംഗ്ലിഷ് അധ്യാപകരുണ്ടെന്നും (സർക്കാർ–13, എയ്ഡഡ്–138), അതിൽ 74 പേരെ (സർക്കാർ–12, എയ്ഡഡ്–62) നാലു ഡിവിഷൻ വരെയുള്ള സ്കൂളുകളിൽ നിലനിർത്താനാകുമെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Content Summary : With revised order, protected teachers to be deployed for high-school English classes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com