ഗവേഷണ മോഷണം പിടിക്കാൻ പ്രയാസം; കേരളത്തിലെ സർവകലാശാലകളിൽ ഫലപ്രദമായ സംവിധാനമില്ല

HIGHLIGHTS
  • ശൈലിയും ഭാഷയും മാറ്റിയാലോ ആശയം കടമെടുത്താലോ സോഫ്റ്റ്‌വെയർ കണ്ടെത്തില്ല.
  • വ്യാപകമായ മോഷണവും പകർത്തിയെഴുത്തും നടക്കുന്നതും പ്രാദേശികഭാഷാ വിഷയങ്ങളിൽ.
Research
Representative Image. Photo Credit : F8 studio/Shutterstock
SHARE

തിരുവനന്തപുരം ∙ ഗവേഷണ പ്രബന്ധങ്ങളിലെ മോഷണവും തെറ്റുകളും കണ്ടെത്താൻ കേരളത്തിലെ ഒരു സർവകലാശാലയിലും ഫലപ്രദമായ സംവിധാനമില്ല. കംപ്യൂട്ടർ സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള പരിശോധനയാണു സർവകലാശാലകളിലുള്ളത്. മറ്റെവിടെ നിന്നെങ്കിലും അതേപടി പകർത്തിയിട്ടുണ്ടെങ്കിലേ ഈ പരിശോധനയിൽ വ്യക്തമാവൂ. പകർത്തുന്ന ഭാഗത്തിന്റെ ശൈലിയും ഭാഷയും മാറ്റുകയോ ആശയവും കണ്ടെത്തലും കടമെടുക്കുകയോ ചെയ്താൽ  സോഫ്റ്റ്‌വെയർ പരിശോധനയിൽ‌ കണ്ടെത്താനാകില്ല. മലയാളവും സംസ്കൃതവും ഉൾപ്പെടെയുള്ള പ്രാദേശിക ഭാഷകളുമായി ബന്ധപ്പെട്ട പ്രബന്ധങ്ങളിലെ മോഷണം കണ്ടെത്താൻ മതിയായ സോഫ്റ്റ്‌വെയറുമില്ല. വ്യാപകമായ മോഷണവും പകർത്തിയെഴുത്തും നടക്കുന്നതും പ്രാദേശികഭാഷാ വിഷയങ്ങളിലെ പ്രബന്ധങ്ങളിലാണെന്ന് വിദഗ്ധർ പറയുന്നു. 

Read Also : പ്രബന്ധം കോപ്പിയടിയാണോ?

യുജിസി ചട്ടം അനുസരിച്ച് ഗവേഷണപ്രബന്ധത്തിൽ പരമാവധി 10% മാത്രമാണ് മറ്റെവിടെനിന്നെങ്കിലും ഉദ്ധരിക്കാവുന്നത്. എന്നാൽ കേരളത്തിലെ സർവകലാശാലകളിൽ ഈ പരിധി വ്യാപകമായി ലംഘിക്കപ്പെടുന്നുണ്ട്. ഈയിടെ ഒരു സർവകലാശാലയിൽ മലയാളം ചെറുകഥ സംബന്ധിച്ച് പിഎച്ച്ഡി നൽകിയ പ്രബന്ധത്തിലെ 95% വാക്യങ്ങളും പകർത്തിയെഴുത്തായിരുന്നുവെന്ന് കാസർകോട് കേന്ദ്ര സർവകലാശാലയിലെ മുൻ അസോഷ്യേറ്റ് പ്രഫസറും ഓക്സ്ഫഡ് പ്രസ് മലയാളം–ഇംഗ്ലിഷ് ഓൺലൈൻ ഡിക്‌ഷനറിയുടെ ചീഫ് എഡിറ്ററുമായ ഡോ. രവിശങ്കർ എസ്.നായർ പറയുന്നു. ‘ആ വാക്യങ്ങളുടെയെല്ലാം അടിയിൽ പകർത്തിയത് എവിടെനിന്നെന്നു വ്യക്തമാക്കുന്ന റഫറൻസ് നമ്പർ രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. എന്നിട്ടും ഒരു തടസ്സവുമില്ലാതെ അത് അംഗീകരിക്കപ്പെട്ടു. ഇതു വ്യാപകമാണ്’– അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗവേഷണപ്രബന്ധം മൂല്യനിർണയത്തിനായി സമർപ്പിക്കുംമുൻപ് സോഫ്റ്റ്കോപ്പി സർവകലാശാലയിലെ കംപ്യൂട്ടർ വിഭാഗത്തിനു നൽകിയാണ് സോഫ്റ്റ്‌വെയർ പരിശോധന നടത്തേണ്ടത്. ഈ പരിശോധനയിൽ അനുവദനീയമായ പരിധിക്കുള്ളിലാണ് ‘പകർത്തൽ’ എന്നു വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റ് സഹിതമാണ് പ്രബന്ധം മൂല്യനിർണയ ത്തിനായി നൽകേണ്ടത്. പ്രാദേശികഭാഷാ വിഷയങ്ങളിൽ ‘പകർത്തൽ’ പരിധി കടന്നിട്ടില്ലെന്നു ഗൈഡ് തന്നെ സാക്ഷ്യപ്പെടുത്തുകയാണ്. പ്രബന്ധം അന്തിമമായി തയാറാക്കുന്നതിനു മുൻപ് പ്രീ സബ്മിഷൻ വൈവയുണ്ട്. ഗവേഷണം നടത്തുന്ന സ്ഥാപനത്തിലെ അധ്യാപകരും പുറത്തുനിന്നുളള വിദഗ്ധരും ഉൾപ്പെടുന്ന ഈ വൈവയും മിക്കയിടത്തും അഡ്ജസ്റ്റ്മെന്റ് ചടങ്ങാണ്. മൂല്യനിർണയശേഷം പ്രബന്ധം സംബന്ധിച്ചുള്ള ‘ഓപ്പൺ ഡിഫൻസ്’ എന്ന പൊതുസംവാദവും ഇങ്ങനെ തന്നെ. പിഎച്ച്ഡി സമ്മാനിച്ച പ്രബന്ധങ്ങളിൽ പോലും ‘വലിയ അബദ്ധങ്ങൾ’ തിരുത്താതെ തുടരുന്നതും അതുകൊണ്ടാണ്.

ഗൈഡ് കണ്ണടച്ച് ഒത്താശ ചെയ്യുകയും പരിശോധന വെറും ചടങ്ങ് ആവുകയും ചെയ്താൽ മോഷണവും തെറ്റുകളുമുണ്ടെങ്കിലും പ്രബന്ധങ്ങൾ അംഗീകരിക്കപ്പെടും. പ്രസക്തമായ വിഷയം കണ്ടെത്തി ഗൗരവത്തോടെ ഗവേഷണം നടത്തി പുതിയൊരു ‘അറിവ്’ ഉൽപാദിപ്പിക്കുന്നവർക്കുകൂടി നാണക്കേടുണ്ടാക്കുന്നതാണ് ഇത്തരം തട്ടിക്കൂട്ട് ഗവേഷണവും പിഎച്ച്ഡികളും. ലക്ഷങ്ങളാണ് ഓരോ ഗവേഷണത്തിനായും സർവകലാശാലയും യുജിസിയും ചെലവാക്കുന്നത്.

Content Summary : Similar plagiarism is hard to detect

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേരളത്തിൽ എത്തിയാൽ ആദ്യ കോൾ നസ്രിയയ്ക്ക്

MORE VIDEOS