ADVERTISEMENT

ഗവേഷണ പ്രബന്ധങ്ങളിലെ പിഴവുകളും മൗലികതയുമാണല്ലോ ഇപ്പോൾ ചർച്ചാവിഷയം. പ്രബന്ധങ്ങളുടെ മൗലികത, സാമ്യപരിശോധനാ സോഫ്റ്റ്‌വെയർ ടൂളുകൾ (Similarity checking software) ഉപയോഗിച്ചു കണ്ടെത്തിക്കൂടെ എന്ന ചോദ്യം ഉയരുന്നുണ്ട്. കോപ്പിയടി സംബന്ധിച്ച ചില സൂചനകൾ നൽകാൻ പ്ലേജറിസം ടൂളുകൾക്കു കഴിയുമെങ്കിലും അവയ്ക്കും പരിമിതികളുണ്ടെന്നതാണ് സത്യം.

Read Also : നാലാം ക്ലാസ് പാഠപുസ്തകത്തിൽ അബദ്ധങ്ങളേറെ

1) മറ്റേതെങ്കിലും രേഖകളോടുള്ള സമാനത കണ്ടെത്താൻ ഇത്തരം ടൂളുകൾക്കു കഴിയുമെങ്കിലും വസ്തുതാപരമായ പിഴവുകൾ അവ ചൂണ്ടിക്കാട്ടില്ല.

 

2) കോപ്പിയടി കണ്ടെത്തുന്നതിലും പരിമിതിയുണ്ട്. മറ്റ് ഉറവിടങ്ങളിൽനിന്നു പ്രഥമദൃഷ്ട്യാ ഉള്ള തനിപ്പകർപ്പ് മാത്രമേ കണ്ടെത്താനാകൂ. ഉറവിടരചന സമർഥമായി മാറ്റിയെഴുതി സോഫ്റ്റ്‌വെയറിനെ പറ്റിക്കാം.

 

3) ഈ ടൂളുകൾ പിന്താങ്ങാത്ത ഭാഷകളിൽനിന്നുള്ള പദമോഷണവും ആശയചോരണവും തിരിച്ചറിയാൻ കഴിയില്ല.

 

4) കോപ്പിയടി കണ്ടെത്തൽ സോഫ്‌റ്റ്‌വെയറിന്റെ വെബ്ക്രോളറുകൾ (web crawlers/ web spiders) കോടിക്കണക്കിനു ഡിജിറ്റൽ ഡേറ്റാ സ്രോതസ്സുകൾ സ്‌കാൻ ചെയ്യുമെങ്കിലും, optical character recognition (OCR) വഴി ഡിജിറ്റൈസ് ചെയ്യാത്തതും അപ്രകാശിതവുമായ രേഖകളുമായുള്ള സമാനതകൾ കണ്ടെത്താൻ കഴിയണമെന്നില്ല.

research
Representative Image. Photo Credit : DimaBerlin/Shutterstock

 

ടോമി വർഗീസ് മണ്ണടി
ടോമി വർഗീസ് മണ്ണടി

5) സോഫ്‌റ്റ്‌വെയർ തെറ്റായ ധാരണകൾ മൂലം മോഷണമല്ലാത്ത സമാനതകൾകൂടി ചൂണ്ടിക്കാണിക്കുമെന്ന പ്രശ്നവുമുണ്ട്. ഉദാഹരണത്തിന്, ചില സദാസത്യ വാക്യങ്ങൾ, ഫോർമുലകൾ, ഏകരൂപം അനുവർത്തിക്കേണ്ട ഫോർമാറ്റുകൾ, ഒരേ വിഷയത്തിൽ എഴുതിയിരിക്കുന്ന രണ്ടു സൃഷ്ടികൾ തമ്മിലുള്ള സമാനതകൾ എന്നിവ ഈ സോഫ്റ്റുവെയറുകൾ സമാനതകളായി ഫ്ലാഗ് ചെയ്തേക്കാം.

 

6) ChatGPT പോലുള്ള നിർമിതബുദ്ധി അധിഷ്ഠിത രചനകളിലെ സമാനതകൾ കണ്ടെത്താൻ നിലവിലുള്ള പ്ലേജറിസം പരിശോധനാ ടൂളുകൾ പര്യാപ്തമല്ലെന്ന പ്രശ്നവുമുണ്ട്.

 

∙മെച്ചപ്പെടുത്താൻ എന്തു ചെയ്യാം ?

 

ഗവേഷണ വിദ്യാർഥിയും റിസർച് ഗൈഡ്, പീയർ റിവ്യൂവേഴ്സ് എന്നിവരുടെയും കൂട്ടായ ശ്രമഫലമാണ് അന്തിമ ഗവേഷണ തീസിസ്. ഗൈഡിന്റെ പങ്ക്: വിഷയത്തിന്റെ തിരഞ്ഞെടുപ്പ്, ഗവേഷണ സത്യസന്ധത, ഉത്തരവാദിത്ത ഗവേഷണ രീതികൾ (Responsible conduct of research), പ്രസിദ്ധീകരണ മാർഗനിർദേശങ്ങൾ എന്നിവയുടെ കാര്യത്തിൽ ഓരോ ഘട്ടത്തിലും ഗവേഷണവിദ്യാർഥിയും റിസർച് ഗൈഡുമായുള്ള നിരന്തര ആശയവിനിമയം ആവശ്യമാണ്.

പിയർ റിവ്യൂയിങ്: നിർദിഷ്ട മേഖലയിലെ വിദഗ്ധർ ഗവേഷണ വിദ്യാർഥികളുടെ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുന്നതിനു മുൻപു വിലയിരുത്തി മാർഗനിർദേശം നൽകുന്ന പ്രക്രിയയാണ് പിയർ റിവ്യൂയിങ്. പ്രസിദ്ധീകരിക്കുന്ന സൃഷ്ടിയുടെ ഗുണനിലവാരവും സാധുതയും ഉറപ്പാക്കാനാണിത്. അവലോകനം ചെയ്യുന്ന വിഷയത്തിലുള്ള അവഗാഹം പരിഗണിച്ചാണ് സാധാരണ പിയർ റിവ്യൂവർമാരെ തിരഞ്ഞെടുക്കുക.നിലവാരമുള്ള പിഎച്ച്ഡി തീസിസിന്റെ പ്രസിദ്ധീകരണത്തിൽ ഇരു റോളുകളുടെയും സമന്വയം പ്രധാനം.

 

∙യന്ത്രം പോരാ, മനുഷ്യൻ വേണം

 

കോപ്പിയടിയേത്, അല്ലാത്തതേത് എന്ന തീർപ്പ് മനുഷ്യബുദ്ധിയുടെ വിവേചനാധികാരത്തിനു വിടുകയാണ് ഇപ്പോഴും നമുക്കു മുന്നിലുള്ള പോംവഴി. റഫറൻസുകളും കടപ്പാടുകളും (Citations) പര്യാപ്തമാണോയെന്നും പൊരുത്തക്കേടുകൾ യാദൃച്ഛികമാണോയെന്നും നിർണയിക്കാൻ കഴിയുക അതതു വിഷയത്തിലെ അവഗാഹത്തിന്റെ അടിസ്ഥാനത്തിൽ മനുഷ്യബുദ്ധിക്കു മാത്രമാണ്. ഒപ്പം സഹായമെന്ന നിലയിൽ ഉപകരണങ്ങൾ ഉപയോഗിക്കുകയുമാകാം.

(തിരുവനന്തപുരം നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിൽ (നിഷ്) അക്കാദമിക് ലൈബ്രേറിയനാണു ലേഖകൻ)

 

Content Summary : Are plagiarism checkers accurate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com