ADVERTISEMENT

ആഗ്രഹിച്ച ജോലിയിലേക്ക് വളരെയെളുപ്പം ചെന്നെത്താൻ പലർക്കും കഴിയാറില്ല. ആദ്യം കിട്ടുന്ന ജോലികൾ ചെയ്തും പിന്നീട് പഠിച്ചും സ്വപ്നജോലിയിലേക്ക് പലരും യാത്ര തുടരാറുണ്ട്. കൊതിച്ച പദവിയിലെത്താൻ കഠിനാധ്വാനം ചെയ്യുന്ന ഒരു പെൺകുട്ടിയുടെ ചിത്രം കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഭക്ഷണശാലയിൽ ജോലി ചെയ്യുന്ന ഒരു യുവതി, ജോലിയുടെ ഇടവേളയിൽ കയ്യിലൊരു ബുക്കുമായി പഠിക്കുന്നതിന്റെ ചിത്രമായിരുന്നു അത്. ജോലിക്കിടെ വീണുകിട്ടിയ അൽപസമയം വിശ്രമിക്കാതെ പഠനത്തിനായാണ് അവൾ ഉപയോഗിച്ചത്.

Read Also : ഫുഡ്‌ഡെലിവറി ജോലിക്കിടെ പഠിച്ച് സർക്കാർ ജോലി നേടി അബിൻ ഗോപി

യുവതിയെ പ്രശംസിച്ചു കൊണ്ട് ഐപിഎസ് ഓഫിസർ ദിപാൻഷു കുമാർ ട്വിറ്ററിൽ പങ്കുവച്ച കുറിപ്പും ചിത്രവും തരംഗമായതോടെയാണ് സമൂഹമാധ്യമങ്ങളിൽ നിരവധിപേർ പെൺകുട്ടിയെ അഭിനന്ദിച്ചുകൊണ്ട് പോസ്റ്റുകളിട്ടത്. ഛത്തീസ്ഗഡിലെ റായ്പുരിലുള്ള അംബുജ മാളിലെ ഭക്ഷണശാലയിൽ ജോലി ചെയ്യുന്ന കരീന എന്ന യുവതിയുടെ ചിത്രമാണ് വ്യാപകമായി പ്രചരിച്ചത്. ഫുഡ്കോർട്ടിനടുത്ത് പുസ്തകവുമായി നിൽക്കുന്ന കരീനയുടെ ചിത്രം പങ്കുവച്ചുകൊണ്ട് ദിപാൻഷു കുമാർ ഐപിഎസ് കുറിച്ചതിങ്ങനെ :- 

‘‘ എവിടെയും തീയുണ്ടാകാം. പക്ഷേ അത് കത്തിയെരിയുക തന്നെ വേണം. കരീനയെ പരിചയപ്പെടാം, റായ്പുരിലെ അംബുജ മാളിലാണ് ജോലി ചെയ്യുന്നത്. ഉപഭോക്താക്കൾ വന്നു പോകുന്ന ഇടവേളകളിൽ കിട്ടുന്ന ഇത്തിരി സമയത്താണ് അവളുടെ പഠനം. എനിക്കൊന്നിനും സമയമില്ലെന്നു പരാതി പറയുന്നവർ, ഒരു മിനിറ്റുപോലും എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് ഇവരെ കണ്ട് പഠിക്കണം’’.

നമുക്കൊരു ലക്ഷ്യമുണ്ടെങ്കിൽ ഒരു വഴി തെളിഞ്ഞു വരുമെന്നും അന്ന് ഈ കഷ്ടപ്പാടുകളൊക്കെ മാറുമെന്നുമാണ് ഈ ട്വീറ്റിനടിയിൽ പലരും കമന്റ് ചെയ്തിരിക്കുന്നത്. 13 വയസ്സു മുതൽ ജോലി ചെയ്താണ് പഠിച്ചിരുന്നതെന്നും തന്റെ ഒരുപാട് കൂട്ടുകാരും ഇങ്ങനെ തന്നെയാണ് ചെയ്തിരുന്നതെന്നും മറ്റൊരാൾ കുറിച്ചു. കഠിനാധ്വാനം ചെയ്യാൻ തയാറായാൽ ജീവിത വിജയങ്ങളൊന്നും അകലെയല്ലെന്ന് കാട്ടിത്തരുന്ന ചിത്രം നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. 

Content Summary : Subway Employee Captured Studying On Job, Viral Photo Inspires The Internet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com