ADVERTISEMENT

എസ്എൽസി പരീക്ഷയ്ക്കു തുടക്കം കുറിച്ച മലയാളം ഒന്നാം പേപ്പർ (കേരള പാഠാവലി) എല്ലാ പാഠഭാഗങ്ങളോടും നീതിപുലർത്തി. നാലെണ്ണത്തിന് ഉത്തരം എഴുതേണ്ട ആദ്യ വിഭാഗത്തിൽ, പാഠഭാഗങ്ങൾ നന്നായി വായിച്ചു മനസ്സിലാക്കിയവർക്കു മുഴുവൻ സ്കോറും ലഭിക്കും. 6 മുതൽ 8 വരെയുള്ള 2 മാർക്ക് ചോദ്യങ്ങളിൽ, എട്ടാമത്തേതിന് ഉത്തരമെഴുതാൻ നല്ല ആശയഗ്രഹണ ശേഷിയും ആസ്വാദനശേഷിയും വേണം.  

Read Also : പരീക്ഷയെ ഫലപ്രദമായി നേരിടാൻ 8 മാർഗങ്ങൾ

manoj-kumar-paleri
മനോജ് കുമാർ പാലേരി. ഗവ. എച്ച്എസ്എസ്, വടുവഞ്ചാൽ, വയനാട്

4 മാർക്ക് ചോദ്യങ്ങളുള്ള മൂന്നാം വിഭാഗം (9– 14) പലരെയും വലച്ചിട്ടുണ്ടാകും. നളിനിയുടെയും ദിവാകരന്റെയും ചിന്തകളിലെ വ്യത്യാസം വരികളിൽ തെളിയുന്നതെങ്ങനെയെന്നു താരതമ്യക്കുറിപ്പ് എഴുതാനുള്ള 10–ാം ചോദ്യം പത്താം ക്ലാസിലും കവിഞ്ഞ നിലവാരത്തിലുള്ളതാണെന്നു വിമർശനമുണ്ട്. ‘അശ്വമേധം’ കവിതയെക്കുറിച്ചുള്ള 14–ാം ചോദ്യം ശരാശരിക്കാരെ ബുദ്ധിമുട്ടിക്കും.

പാഠഭാഗങ്ങളിലെ ആശയം നന്നായി ഗ്രഹിച്ചവർക്ക് നാലാം വിഭാഗത്തിലെ (15– 17) ഉപന്യാസം മാതൃകയിലുള്ള ചോദ്യങ്ങൾ എളുപ്പമായി. മുഖപ്രസംഗം തയാറാക്കാനായിരുന്നു 16–ാം ചോദ്യം. ‘മൈക്കലാഞ്ചലോ, മാപ്പ്’ എന്ന കവിതയിലെ സന്ദർഭം സുഗതകുമാരിയുടെ ‘സ്നേഹപൂർവം അമ്മ’ എന്ന അനുഭവക്കുറിപ്പുമായി ബന്ധിപ്പിച്ച് കാലികപ്രസക്തിയിലൂന്നി വിലയിരുത്തുകയെന്ന ചോദ്യം വായനയും ഭാവനയുമുള്ളവർക്ക് ആസ്വദിച്ച് എഴുതാവുന്നതായി.

വി.മധുസൂദനൻനായരുടെ ‘ഓണക്കിനാവ്’ കവിത തന്നിട്ട് ആസ്വാദനം തയാറാക്കാനുള്ള 17–ാം ചോദ്യം പുതുമയുള്ളതായി. അടിസ്ഥാന പാഠാവലിയിൽ ‘ഓണമുറ്റത്ത്’ എന്ന കവിത പഠിച്ചതിനാൽ ഓണം പ്രമേയമായ ഈ കവിതയ്ക്ക് ആസ്വാദനം എഴുതാൻ പ്രയാസമുണ്ടായിക്കാണില്ല.

ആസ്വാദനം, വിശകലനം, നിരീക്ഷണം, നിരൂപണം, ഉപന്യാസം, മുഖപ്രസംഗം എന്നീ വ്യവഹാര രൂപങ്ങളിൽ ഊന്നിയുള്ളതായിരുന്നു മിക്ക ചോദ്യങ്ങളും. 4 മാർക്ക് ചോദ്യങ്ങളിലെ ആശയക്കുഴപ്പവും സമയക്കുറവും മാറ്റിനിർത്തിയാൽ ആത്മവിശ്വാസം നിറച്ചാണ് എസ്എസ്എൽസി പരീക്ഷ തുടങ്ങിയത്.

Content Summary : SSLC Malayalam Exam Analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com