ADVERTISEMENT

കുട്ടികളെ കാര്യമായി പരീക്ഷിക്കാത്ത ചോദ്യക്കടലാസാണ് ഗണിതശാസ്ത്രം പരീക്ഷയിൽ എല്ലാവരും പ്രതീക്ഷിച്ചത്. അതുതന്നെ സംഭവിച്ചു.1 മുതൽ 4 വരെ ചോദ്യങ്ങളിൽ ഒന്നുപോലും പ്രയാസമുണ്ടാക്കുന്നതല്ല. മൂന്നാം ചോദ്യത്തിൽ ഷേ‍ഡ‍് ചെയ്ത ഭാഗം ആകെ ഭാഗത്തിന്റെ 2/3 ആണെന്ന ആശയം മാത്രം മതി. നാലിൽ ത്രികോണത്തിന്റെ വശങ്ങളുടെ അംശബന്ധം അറിഞ്ഞിരുന്നാൽ മതി. ഈ ഭാഗത്തുനിന്ന് 6 മാർക്കും നേടിയെടുക്കാം എന്നർഥം.

Read Also : വിദ്യാർഥികളെ വലയ്ക്കാതെ ഭൗതികശാസ്ത്രം

m-rajesh
എം.രാജേഷ്, കല്ലടി ഹൈസ്കൂൾ, മണ്ണാർക്കാട്, പാലക്കാട്

5 മുതൽ 10 വരെ ചോദ്യങ്ങളിലും 3 എണ്ണം തിരഞ്ഞെടുക്കാൻ പ്രയാസം അനുഭവപ്പെടേണ്ടതില്ല. നിർമിതിയുമായി ബന്ധപ്പെട്ട ആറാം ചോദ്യവും സൂചകസംഖ്യകളും ജ്യാമിതിയുമായി ബന്ധപ്പെട്ട 5, 8 ചോദ്യങ്ങളും പ്രയാസം സൃഷ്ടിക്കാത്തതാണ്. പത്താം ചോദ്യത്തിലെ ബി പാർട്ട് ആശയമറിയുന്ന കുട്ടികൾക്കു ബുദ്ധിമുട്ടുണ്ടാക്കിയില്ല. ഏഴാം ചോദ്യത്തിൽ കൂട്ടിയാൽ 40ഉം ഗുണിച്ചാൽ 351ഉം ലഭിക്കുന്ന രണ്ടു സംഖ്യകൾ അറിഞ്ഞാൽ മാത്രം മതി. 11 മുതൽ 21 വരെയുള്ള 4 മാർക്ക് ചോദ്യങ്ങളാണ് ഉയർന്ന ഗ്രേഡ് തീരുമാനിക്കുന്നത്. ഇവിടെയും 8 ചോദ്യങ്ങൾ തിരഞ്ഞെടുക്കുക എളുപ്പമായിരുന്നു. ബഹുപദങ്ങളുമായി ബന്ധപ്പെട്ട 11–ാം ചോദ്യം സ്ഥിരമായി ചോദിക്കാറുള്ളതാണ്. തൊടുവരകളുടെ നിർമിതിയുള്ള 13–ാം ചോദ്യവും സാധ്യതകളുടെ 15–ാം ചോദ്യവും ത്രികോണമിതിയിലെയും (19) സൂചക സംഖ്യകളിലെയും (17) സ്തംഭങ്ങളിലെയും (21) ചോദ്യങ്ങളും ക്ലാസുകളിൽ പലതവണ ചർച്ച ചെയ്തതായിരിക്കും.

രണ്ടാം കൃതിയുമായി ബന്ധപ്പെട്ട 16–ാം ചോദ്യത്തിൽ, വ്യത്യാസം 2 ആകുന്നു. ഗുണനഫലം 48 ആകുന്ന സംഖ്യകൾ 6ഉം 8ഉം ആണെന്ന സാമാന്യബോധം മാത്രം മതി. 20–ാം ചോദ്യത്തിന്റെ സി പാർട്ടിൽ സാമാന്തരികത്തിന്റെ വികർണങ്ങൾ അവയുടെ മധ്യബിന്ദുവിലാണു കൂട്ടിമുട്ടുന്നത് എന്ന ആശയം ഓർമയുണ്ടെങ്കിൽ മുഴുവൻ മാർക്കും ഉറപ്പ്. സമാന്തരശ്രേണിയുമായി ബന്ധപ്പെട്ട 14–ാം ചോദ്യം ശരാശരിക്കു മുകളിലാണെന്നു പറയാം.

22 മുതൽ 29 വരെയുള്ള 5 മാർക്ക് ചോദ്യങ്ങളിലും എളുപ്പമുള്ള 6 എണ്ണം തിരഞ്ഞെടുക്കാൻ പ്രയാസപ്പെടേണ്ടതില്ല. സ്ഥിതിവിവരക്കണക്കിലെ 22–ാം ചോദ്യവും നിർമിതി (23), സമാന്തരശ്രേണി (27), ത്രികോണമിതി (28) എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും സ്ഥിരമായി കാണുന്നതും ലളിതവുമാണ്. 28ലെ ബി പാർട്ടിൽ സാധാരണയിൽനിന്നു വിഭിന്നമായി ചോദ്യത്തിൽ നൽകിയ അംശബന്ധത്തിന്റെ സഹായം തേടണമെന്നു മാത്രം. വൃത്തങ്ങളും തൊടുവരകളു മായി ബന്ധപ്പെട്ട 25–ാം ചോദ്യത്തിലെ ഡി, ഇ പാർട്ടുകളിലും ശ്രദ്ധിക്കേണ്ടിവരും. സ്തംഭങ്ങളിലെ 26–ാം ചോദ്യം മനസ്സിൽ രൂപങ്ങളെപ്പറ്റി ധാരണയുള്ളവർക്കു പ്രയാസം സൃഷ്ടിച്ചില്ല. ഗണിതവായന മുന്നോട്ടുവയ്ക്കുന്ന 29–ാം ചോദ്യത്തിലും ആശയം ഗ്രഹിച്ചവർക്കു പ്രയാസം നേരിട്ടില്ല.

Content Summary : Kerala SSLC Mathematics Question Paper Analysis 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com