ADVERTISEMENT

തിരുവനന്തപുരം ∙ പിഎസ്‌സി വഴി സ്ഥിരനിയമനം നേടിയ 66 ഹയർ സെക്കൻഡറി ജൂനിയർ ഇംഗ്ലിഷ് അധ്യാപകർ ഇന്നു ജോലിയിൽനിന്നു പുറത്താകും. തസ്തികനഷ്ടത്തിന്റെ പേരിൽ സർക്കാർ സർവീസിൽനിന്നു വേതനവും ആനുകൂല്യങ്ങളും നഷ്ടപ്പെട്ടു പുറത്തുപോകേണ്ടി വരുന്നത് അപൂർവമാണ്. മിനിയാന്നു പുറത്തിറങ്ങിയ സ്ഥലംമാറ്റ ഉത്തരവിനെ തുടർന്ന് ഇന്നലെയും ഇന്നുമായി പുതിയ സ്കൂളുകളിലെത്തി ചാർജ് ഏറ്റെടുക്കുന്നതിനു പിന്നാലെയാണു പുറത്താകൽ. 

Read Also : സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്: റജിസ്ട്രേഷൻ ഏപ്രിൽ 25 വരെ

ഏപ്രിൽ 3 മുതലുള്ള ഹയർ സെക്കൻഡറി പരീക്ഷാ മൂല്യനിർണയ ഡ്യൂട്ടിയിൽനിന്നും ഇവരെ ഒഴിവാക്കി. അതോടെ ഇവരെ സർവീസിൽ നിലനിർത്താൻ സർക്കാർ ഇടപെടൽ നടത്തില്ലെന്നു വ്യക്തമായി. കുട്ടികളുടെ എണ്ണവും ബാച്ചും കുറഞ്ഞതിനെത്തുടർന്ന് ആഴ്ചയിൽ 7 ഇംഗ്ലിഷ് പീരിയഡിൽ കുറവു വന്ന സ്കൂളുകളിൽ തസ്തിക നഷ്ടമായതോടെയാണു സർവീസിൽ ഏറ്റവും ജൂനിയറായ 66 പേർ പുറത്തുപോകുന്നത്. 2021 ജൂൺ മുതൽ കഴിഞ്ഞമാസം വരെ സർവീസിൽ പ്രവേശിച്ചവരാണിവർ. തസ്തിക നഷ്ടമായതിനെത്തുടർന്ന് ഇവരെ സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിച്ചു നിലനിർത്തിയെങ്കിലും ഇതിന്റെ കാലാവധി ഇന്ന് അവസാനിക്കും. 

പുതിയ തസ്തികകൾ ഉണ്ടാകുന്നതിനനുസരിച്ച് പുനർനിയമനം നൽകുമെന്നാണു വാഗ്ദാനമെങ്കിലും അത് എപ്പോഴെന്നത് അനിശ്ചിതത്വത്തിലാണ്. അതുവരെ ശമ്പളവും ആനുകൂല്യങ്ങളും നഷ്ടപ്പെടുമെന്നു മാത്രമല്ല, സർവീസ് മുറിയുന്നതു ഭാവിയിൽ സ്ഥാനക്കയറ്റത്തെ ഉൾപ്പെടെ ബാധിക്കുകയും ചെയ്യും. ഇവർ പുറത്താകുമ്പോൾ പകരം ഗെസ്റ്റ് അധ്യാപകരെ നിയമിക്കാമെന്നാണു സർക്കാർ ഉത്തരവിൽ പറയുന്നത്. അവർക്കും വേതനം നൽകേണ്ടതും സർക്കാരാണ്. എങ്കിൽ പിന്നെ പുറത്താക്കുന്ന സ്ഥിരം അധ്യാപകരെത്തന്നെ നിലനിർത്തിയാൽ പോരേ എന്ന ചോദ്യം ഉയരുന്നു. 

മുൻപ് എയ്ഡഡ് അധ്യാപകരെ കാലപരിധിയില്ലാത്ത സൂപ്പർ ന്യൂമററി തസ്തികകൾ സൃഷ്ടിച്ചു സംരക്ഷിച്ചെങ്കിലും ആ കരുതൽ പിഎസ്‌സി വഴി നിയമനം നേടിയവരോടില്ല. സ്കൂളുകളിൽ തസ്തിക നഷ്ടം വന്നാൽ സർവീസിലുള്ളവർ പുറത്തുപോകണമെന്ന പുതിയ കീഴ്‌വഴക്കമാണ് ഇന്നു സൃഷ്ടിക്കപ്പെടുന്നത്. ഇതു പൊതു വിദ്യാലയങ്ങളിലെ അധ്യാപക സമൂഹത്തെയാകെ ആശങ്കപ്പെടുത്തുന്നതാണ്.

Content Summary : 66  Higher Secondary Junior English Teachers selected via PSC will lost job today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com