ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യൻ വിദ്യാർഥികൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെന്ന് ഓസ്ട്രേലിയയിലെ വോളഗോങ് (Wollongong) സർവകലാശാലാ അധികൃതർ വ്യക്തമാക്കി. അപേക്ഷയ്ക്കൊപ്പം വ്യാജരേഖകൾ സമർപ്പിക്കുന്നുവെന്ന് ആരോപിച്ച് ഇന്ത്യൻ വിദ്യാർഥികൾക്ക് 5 ഓസ്ട്രേലിയൻ സർവകലാശാലകൾ വിലക്ക് ഏർപ്പെടുത്തിയെന്ന് ഓസ്ട്രേലിയൻ മാധ്യമങ്ങൾ നേരത്തേ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണു വിശദീകരണം. 

Read Also : ബിഎസ്‍സി നഴ്സിങ് എൻട്രൻസ്: സർക്കാർ തീരുമാനം നീളുന്നു

വിക്ടോറിയ, എഡിത്ത് കോവൻ, ടോറൻസ്, വോളഗോങ്, സതേൺ ക്രോസ് എന്നീ സർവകലാശാലകൾ നിയന്ത്രണം ഏർപ്പെടുത്തിയെന്നായിരുന്നു വാർത്ത. പെർത്തിലുള്ള എഡിത്ത് കോവൻ സർവകലാശാല പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽനിന്നുള്ള വിദ്യാർഥികളുടെ അപേക്ഷകൾക്കു ഫെബ്രുവരി മുതലും വിക്ടോറിയ സർവകലാശാല യുപി, രാജസ്ഥാൻ, ഗുജറാത്ത് തുടങ്ങി 8 സംസ്ഥാനങ്ങളിൽനിന്നുള്ള അപേക്ഷയിൽ മാർച്ച് മുതലും നിയന്ത്രണം ഏർപ്പെടുത്തിയെന്നായിരുന്നു വാർത്തകൾ. 

 

ഇന്ത്യ, നേപ്പാൾ, ബംഗ്ലദേശ്, പാക്കിസ്ഥാൻ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലെ വിദ്യാർഥികൾക്കു വോളഗോങ് മാർച്ച് മുതൽ നിയന്ത്രണം ഏർപ്പെടുത്തിയെന്നും റിപ്പോർട്ട് വന്നിരുന്നു. ഒരുവിഭാഗം വിദ്യാർഥികൾ പഠനം തുടരാതെ ജോലി ചെയ്യുന്നുവെന്നും കുടിയേറ്റത്തിനുള്ള എളുപ്പവഴിയായി പഠന വീസയെ കാണുന്നുവെന്നും പരാതിയുണ്ട്. വ്യാജരേഖ ഉപയോഗിച്ചു പ്രവേശനം തരപ്പെടുത്തിയെന്നും ആക്ഷേപമുണ്ട്. എന്നാൽ, പൊതുവായ മാർഗരേഖകളല്ലാതെ ഇന്ത്യൻ വിദ്യാർഥികൾക്കു പ്രത്യേകമായി നിയന്ത്രണങ്ങളൊന്നുമില്ലെന്നു വോളഗോങ് അധികൃതർ വിശദീകരിച്ചു. 

 

നടപടിക്രമങ്ങൾ കൂടുതൽ ലളിതമാക്കിയിട്ടുണ്ടെന്നും ഔദ്യോഗിക വാർത്തക്കുറിപ്പിൽ പറയുന്നു. ക്യുഎസ് ലോക സർവകലാശാലാ റാങ്കിങ്ങിൽ 85–ാം സ്ഥാനത്തുള്ള സർവകലാശാല, ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിൽ ക്യാംപസ് ആരംഭിക്കാനുള്ള തയാറെടുപ്പിലുമാണ്.

 

Content Summary : Australian university denies ban on applications from Indian students

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com