ADVERTISEMENT

രണ്ടു മാസത്തെ അവധിക്കാലം കഴിഞ്ഞ് വീണ്ടും പഠനത്തിന്റെയും പുസ്തകങ്ങളുടെയും ലോകത്തേക്ക്. സ്കൂൾ അങ്കണത്തിലേക്കു മടങ്ങിയെത്തുമ്പോൾ കുട്ടികൾക്കു വേണ്ട മാനസിക തയാറെടുപ്പുകൾ എന്തൊക്കെയാണ്? വീട്ടിൽനിന്നു സ്കൂളിലെ പുതിയ അന്തരീക്ഷത്തിലേക്ക് മാറുമ്പോളുണ്ടാകുന്ന മാനസിക പിരിമുറുക്കമായ ‘സെപറേഷൻ ആങ്സൈറ്റി’ എങ്ങനെ നേരിടാം? മലയാള മനോരമ സംഘടിപ്പിച്ച ഫോൺ ഇൻ പരിപാടിയിൽ കുട്ടികളുടെ മാനസിക തയാറെടുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് കൺസൽറ്റന്റ് സൈക്കോളജിസ്റ്റ് ഡോ. ജെയ്സി ഫിലിപ്പാണു മറുപടി നൽകിയത്. (കുട്ടികളുടെ സ്വകാര്യത മാനിച്ച് പേരുവിവരങ്ങൾ ഒഴിവാക്കുന്നു.)

Read Also : അനുസരണക്കേടിന് ശിക്ഷിക്കുമ്പോൾ; ശത്രുത അരുത്, മക്കളാണെന്ന കാര്യം മറക്കരുത്

∙ സിബിഎസ്ഇ സ്കൂളിൽനിന്ന് ഇത്തവണ കേരള സിലബസിലേക്കു മാറി. പുതിയ സ്കൂളായതിനാലും സിലബസ് മാറ്റം ഉള്ളതിനാലും കുറച്ചു ടെൻഷനുണ്ട്. പുതിയ സ്കൂളിലെ കുട്ടികളെ ആരെയും പരിചയവുമില്ല. എന്താണ് ചെയ്യേണ്ടത്?

 

സ്കൂൾ തുറക്കും മുൻപ് അധ്യാപകരെയും ക്ലാസ് മുറിയും സ്കൂൾ പരിസരവും പരിചയപ്പെടുന്നത് നന്നായിരിക്കും. രക്ഷിതാക്കളോട് സ്കൂൾ തുറക്കുന്നതിനു മുൻപ് സ്കൂളിൽ കൊണ്ടുപോകാൻ ആവശ്യപ്പെടണം. അധ്യാപകരുമായി കൂട്ടുകൂടുമ്പോൾതന്നെ ആശങ്കകളൊക്കെ ഇല്ലാതാകും. പുതിയ കൂട്ടുകാരും പുതിയ ചുറ്റുപാടും കിട്ടുമെന്നോർക്കു മ്പോൾ തന്നെ കുട്ടികൾക്ക് സ്കൂളിൽ പോകാൻ ആഗ്രഹം തോന്നുംവിധം കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ രക്ഷിതാക്കൾക്ക് കഴിയണം.

 

dr-jaicy

∙ നാലര വയസ്സുള്ള എന്റെ കുട്ടിക്ക് സ്കൂളിൽ പോകുന്നത് പേടിയാണ്. ഉറക്കത്തിൽ സ്കൂളിൽ പോകണ്ടെന്നു പറഞ്ഞു കരയുന്നത് പതിവാണ്. ഒരു വർഷമായി സ്കൂളിൽ പോകുന്നുണ്ട്. സ്കൂൾ മാറ്റി നോക്കിയിട്ടും വ്യത്യാസമില്ല. ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ കാണേണ്ടതുണ്ടോ? (വിപിൻ മുരളി, ഹൈദരാബാദ്)

 

ഇത് ‘സെപ്പറേഷൻ ആങ്സൈറ്റി’യാണ്. വീട്ടിൽനിന്നു സ്കൂളിലെ പുതിയ അന്തരീക്ഷത്തിലേക്ക് മാറുമ്പോൾ കുട്ടികളിലുണ്ടാകുന്ന മാനസിക പിരിമുറുക്കമാണ് ‘സെപ്പറേഷൻ ആങ്സൈറ്റി’. നാലര വയസ്സിനിടയിൽ രണ്ടാമത്തെ സ്കൂളിലേക്കാണ് കുട്ടി പഠിക്കാനെത്തുന്നത്. രക്ഷിതാക്കളുടെ ജോലിക്കനുസരിച്ച് സ്കൂൾ മാറുമ്പോൾ കുട്ടികൾക്കത് ഉൾക്കൊള്ളാൻ കഴിയണമെന്നില്ല. ചെറിയ കുട്ടികളെ എപ്പോഴും തങ്ങൾ പഠിക്കുന്ന സ്കൂളുമായി പരിചിതരാക്കാൻ ശ്രമിക്കണം.സ്കൂളിനെപ്പറ്റി പോസിറ്റീവ് കാര്യങ്ങൾ പറഞ്ഞുകൊടുക്കാൻ ശ്രദ്ധിക്കുക. കളിക്കാൻ മാത്രമുള്ള ഇടമല്ല സ്കൂളെന്നും കുറച്ചു സമയം പഠിക്കണമെന്നും പറഞ്ഞുമനസ്സിലാക്കണം. രക്ഷിതാക്കളിലെ സമ്മർദം കുട്ടികളുടെ മുന്നിൽവച്ച് പറയുകയോ പ്രകടിപ്പിക്കുകയോ ചെയ്യരുത്. നിലവിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ കാണേണ്ടതില്ല. 2,3 മാസം നിരീക്ഷിച്ചശേഷം മാറ്റമില്ലെങ്കിൽ ഡോക്ടറെ കണ്ടാൽ മതിയാകും.

 

∙ ഞാൻ പഠിച്ചതും വളർന്നതും മസ്കറ്റിലാണ്. ഈ വർഷം നാട്ടിലെ സ്കൂളിൽ പ്ലസ് ടുവിനു ചേരാനാണ് ഉദ്ദേശിക്കുന്നത്. ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങൾ പ്രയാസമാണ്. ഈ പ്രശ്നം എങ്ങനെ പരിഹരിക്കും?

 

ക്ലാസ് ആരംഭിക്കുന്ന ആദ്യദിനം മുതൽ പഠിക്കാൻ തുടങ്ങുക എന്നതു മാത്രമാണ് വിഷയങ്ങളോടുള്ള പ്രയാസം മാറാനുള്ള എളുപ്പവഴി. കൃത്യമായ ടൈം ടേബിൾ‌ ഉണ്ടായിരിക്കണം. പരീക്ഷയ്ക്കു മുൻപ് പാഠപുസ്തകം എടുക്കുന്ന രീതി മാറ്റണം.കേരളത്തിൽ ട്യൂഷൻ സൗകര്യം ധാരാളമുണ്ട്. കളിക്കാനും വെറുതെയിരിക്കാനും സമയം കണ്ടെത്തുന്നതുപോലെ പഠിക്കാനും ചിട്ടയായ രീതി കൈക്കൊള്ളണം. നോട്ടുകൾ ദിവസവും പൂർത്തിയാക്കി അന്നന്നു പഠിക്കാൻ ശ്രമിച്ചാൽ എല്ലാ വിഷയവും വേഗത്തിൽ സ്വായത്തമാക്കാൻ കഴിയും.

 

∙നാലാം ക്ലാസിൽ പഠിക്കുന്ന എനിക്ക് പാഠങ്ങൾ ഒന്നും ഓർമ നിൽക്കുന്നില്ല. അവധിക്കു വീട്ടിലിരുന്നു പഠിച്ച അക്ഷരങ്ങളെല്ലാം മറന്നുപോയി. പഠിച്ചതൊക്കെ എങ്ങനെ ഓർത്തിരിക്കും?

 

അന്നന്നു പഠിപ്പിക്കുന്നവ 24 മണിക്കൂറിനുള്ളിൽ വീണ്ടും വായിച്ചു പഠിച്ചാൽ ഓർമ നിൽക്കും. പഠിക്കാൻ വൈകുന്തോറും പഠിച്ച കാര്യങ്ങൾ മറക്കാനുള്ള സാധ്യതയും കൂടും. എഴുതിപ്പഠിക്കുകയും അതു വീണ്ടും തുടരുകയും വേണം. അപ്പോൾ പഠിപ്പിച്ച കാര്യങ്ങൾ മറക്കാതിരിക്കാൻ കഴിയും.

 

∙ കണക്ക് പഠിക്കാൻ പ്രയാസമാണ്. ഗുണനപ്പട്ടികയിൽ ചിലതൊക്കെ മറന്നുപോയി. എനിക്കു മറവി രോഗമാണോ?

 

ചെറിയ ക്ലാസുകളിൽ പഠിക്കുമ്പോൾ ചില വിഷയങ്ങൾ പെട്ടെന്നു മനസ്സിലാക്കി ഓർത്തിരിക്കാൻ കഴിയണമെന്നില്ല. ഇതു മറവി രോഗമല്ല. അതുകൊണ്ടുതന്നെ ഗുണനപ്പട്ടിക പോലെയുള്ള ഭാഗങ്ങൾ വീണ്ടും പഠിപ്പിക്കും. അടുത്ത ക്ലാസിൽ എത്തുമ്പോൾ പട്ടിക ശരിയായ രീതിയിൽ വേഗത്തിൽ പഠിക്കാൻ കഴിയും. ആശങ്കപ്പെടേണ്ടതില്ല.

 

രക്ഷിതാക്കൾ ശ്രദ്ധിക്കാൻ

 

∙ സ്കൂളിനെപ്പറ്റിയുള്ള അവബോധം ചെറിയ കുട്ടികളിൽ ഉണ്ടാക്കാൻ ശ്രമിക്കണം.

 

∙ കുട്ടികൾ പറയുന്ന കാര്യങ്ങൾക്ക് നല്ല കേൾവിക്കാരാകാൻ ശ്രമിക്കാം.

 

∙ സ്കൂളിലോ മറ്റ് ഇടങ്ങളിലോ എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടായാൽ പരിഹാര മാർഗമുണ്ടെന്ന് കുട്ടികളെ ബോധ്യപ്പെടുത്തണം.

 

∙ അധ്യാപകരോട് ആശയവിനിമയം നടത്താൻ കുട്ടികളെ പ്രാപ്തരാക്കണം.

 

∙ ശുചിമുറിയിൽ പാലിക്കേണ്ട മര്യാദകൾ പഠിപ്പിക്കണം. ചിട്ടയായ ജീവിത രീതി ഉണ്ടാകാൻ കുട്ടികൾക്ക് പിൻബലം നൽകണം.

 

∙ സ്വയംപര്യാപ്തരാകാൻ പ്രേരിപ്പിക്കണം.

 

∙ ക്ഷമയോടെ പെരുമാറാൻ കുട്ടികളെ പഠിപ്പിക്കാം.

 

∙ കുട്ടികൾക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ, അതിന്റെ പേരിൽ ഒരു പ്രവൃത്തികളിൽനിന്നും മാറ്റിനിർത്താതിരിക്കുക.

 

∙ പഠിക്കേണ്ടത് സ്വന്തം ആവശ്യമാണെന്ന തോന്നൽ കുട്ടികളിലുണ്ടാക്കണം.

 

∙ സ്കൂൾ, അധ്യാപകർ, കൂട്ടുകാർ എന്നിങ്ങനെയുള്ള കാര്യങ്ങളെപ്പറ്റി മോശമായി സംസാരിക്കാതിരിക്കുക.

 

∙ സ്കൂളിൽനിന്നു വന്നതിനുശേഷം കുട്ടികളുമായി ഒരുമണിക്കൂറെങ്കിലും സംസാരിക്കാൻ സമയം കണ്ടെത്തുക.

 

∙ വീട്ടിൽ സമാധാന അന്തരീക്ഷം ഒരുക്കി നൽകുക.

 

∙ പഠനകാര്യത്തിൽ സഹായിക്കുന്നതും കാര്യങ്ങൾ നോക്കി മനസ്സിലാക്കുന്നതും നല്ലതാണ്. എന്നാൽ പഠിത്തത്തിൽ പൂർണ ഉത്തരവാദിത്തം കുട്ടികളുടേതായിരിക്കണം.

 

∙ സ്ക്രീൻ ടൈം കുറച്ചു പഠന സമയം ക്രമീകരിക്കണം.

 

∙ തെറ്റുകൾ കണ്ടാൽ തിരുത്തുകയും ഒപ്പം ശരികൾ കണ്ടാൽ അഭിനന്ദിക്കുകയും വേണം. ഇടയ്ക്ക് ചെറിയ ചെറിയ സമ്മാനങ്ങളും നൽകാം.

 

Content Summary : How to Ease Your Child's Separation Anxiety

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com