ADVERTISEMENT

‘വിദ്യാർഥികൾക്ക് എന്തിനാണ് സ്മാർട് ഫോൺ? വീട്ടിലേക്ക് വിളിച്ച്, ഇപ്പോൾ എവിടെയുണ്ട് എന്നു പറഞ്ഞാൽ മാത്രം പോരേ? അതിന് ഒരുകീപാഡ് ഫോൺ പോരേ?’ സ്കൂൾ–കോളജ് വിദ്യാർഥികളെക്കുറിച്ച് സമൂഹത്തിന്റെ ഏറ്റവും വലിയ ആശങ്ക അവരുടെ സ്മാർട് ഫോൺ ഉപയോഗവും സൗഹൃദങ്ങളുമാണ്. ചില കാര്യങ്ങളിൽ ആ ആശങ്ക പ്രസക്തമാണ്. സൈബർ ചതിക്കുഴികളും ലഹരിക്കെണികളുമൊക്കെ കുട്ടികളെ വീഴ്ത്താതെ ശ്രദ്ധിക്കണം. അതേസമയം, അവർ പുറത്തേക്ക് ഇറങ്ങുന്നത്, ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നത്, പ്രണയിക്കുന്നത്, എതിർലിംഗത്തിൽപെട്ട കുട്ടികളോടു സംസാരിക്കുന്നത് എല്ലാം വലിയ തെറ്റായിക്കാണുന്ന രീതി മാറ്റേണ്ടിയിരിക്കുന്നു. സ്വാതന്ത്ര്യം എന്നാൽ അരാജകത്വമല്ല എന്ന് മിക്ക കുട്ടികൾക്കും നല്ല ബോധ്യമുണ്ട്. എന്നാൽ പഴയ ചിന്താഗതി തന്നെ ഇപ്പോഴും പേറി നടക്കുന്ന മാതാപിതാക്കളും അധ്യാപകരുമുണ്ട്. അത്തരം ചിന്തകളുടെ വലക്കുരുക്കല്ല, ശരിയും തെറ്റും തിരിച്ചറിഞ്ഞു പ്രവർത്തിക്കാനുള്ള വിവേകവും സ്വാതന്ത്ര്യവുമാണ് നമ്മൾ കുട്ടികൾക്കു നൽകേണ്ടത്. 

Read Also : വായിപ്പിക്കാൻ വാശി വേണ്ട, മറ്റുള്ളവരോട്‌ നല്ല രീതിയിൽ പെരുമാറാൻ പഠിപ്പിക്കാം

പുതിയ കാലത്തും  പഴയ ഏതോ നൂറ്റാണ്ടിന്റെ നിയമങ്ങൾ നടപ്പിലാക്കുന്ന ചില ക്യാംപസുകളെങ്കിലും കേരളത്തിലുണ്ട്. അവിടെ ഇപ്പോഴും പെൺകുട്ടികളും ആൺകുട്ടികളും ഒന്നിച്ചു നടക്കുന്നതും സംസാരിക്കുന്നതും ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നതും എല്ലാം പ്രശ്നമാണ്. അത്തരക്കാർ പെൺകുട്ടികൾക്കു മാത്രമായി നടപ്പാതകൾ കെട്ടിയുണ്ടാക്കുകയും ആൺകുട്ടികളെയും പെൺകുട്ടികളെയും ഒന്നിച്ചു കണ്ടാൽ ശിക്ഷ വിധിക്കുകയും ചെയ്യും. എല്ലാ കുട്ടികൾക്കും ഒരുപക്ഷേ പ്രതികരിക്കാനുള്ള ധൈര്യമുണ്ടായി എന്ന് വരില്ല. പക്ഷേ അത്തരം സമ്മർദങ്ങളുടെ കാഠിന്യം താങ്ങാനാവാതെ ചില കുട്ടികൾ പഠിത്തംതന്നെ പാതിയിൽ ഉപേക്ഷിക്കുന്നുണ്ട്. തീർത്തും നിസ്സഹായരായ ചില കുട്ടികൾ അവരുടെ ജീവിതംതന്നെ അവസാനിപ്പിക്കുന്നു. 

 

nisha-sidiq

ഇങ്ങനെ ജീവനൊടുക്കാൻ മാത്രം എന്താണു നമ്മുടെ കുട്ടികളുടെ മേലുള്ള സമ്മർദം? ആരാണ് അതിന് ഉത്തരവാദികൾ? സമൂഹം എങ്ങനെയാണ് അതിനെ നേരിടേണ്ടത്? 

ചില കോളജ് അധ്യാപകർ പറയുന്നത് ശ്രദ്ധിക്കേണ്ടതാണ്,

 

നിഷാ സിദ്ദീഖ്, 

ഇംഗ്ലിഷ് ഡിപ്പാർട്ട്മെന്റ്, കട്ടപ്പന ഗവൺമെന്റ് കോളജ്, ഇടുക്കി

arya-gopi

 

ഒരു മാസത്തിനുള്ളിൽ രണ്ടു പെൺകുട്ടികളുടെ ദുരൂഹമരണങ്ങൾ. രണ്ടും കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ. തീർച്ചയായും കൂടുതൽ ഗൗരവമായി അന്വേഷണങ്ങൾ നടത്തേണ്ട ഒരു വിഷയമാണ് വിദ്യാർഥി പീഡനങ്ങളും ഹോസ്റ്റൽ മരണങ്ങളും.

 

മരണനിരക്കുകൾ കൂടുന്ന ഈ അവസരത്തിൽ, എന്താണ് ഇത്തരം സ്ഥാപനങ്ങൾ പുതു തലമുറയ്ക്കും സമൂഹത്തിനും നൽകുന്നത് എന്നാലോചിക്കാതെ വയ്യ. കോളജുകളിൽ നിർബന്ധിത യൂണിഫോമുകളിൽ തുടങ്ങി ക്ലാസ് മുറികളിലും ലാബിലും ശുചിമുറികളിലും എന്തിനധികം ഇരിപ്പിടങ്ങളിൽ വരെ ആൺ- പെൺ, ക്വീർ സൗഹൃദങ്ങളിൽ മര്യാദകളുടെയും ധാർമികതയുടെയും അതിർവരമ്പുകൾ സൃഷ്ടിക്കുന്നുണ്ട് അധികൃതർ.  അത്തരം നിയമങ്ങൾ പാലിക്കപ്പെടുന്നുണ്ടോ എന്ന്, സാമൂഹിക പ്രതിബദ്ധത അവകാശപ്പെടുന്ന അധികാര കേന്ദ്രങ്ങൾ കൃത്യമായി നിരീക്ഷിക്കുകയും നിരന്തരം ചോദ്യം ചെയ്യുകയും  മാനസികമായി കുട്ടികളെ പീഡിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇത് നമ്മുടെ സമൂഹത്തിനു നൽകുന്ന സന്ദേശം വളരെ അപകടകരമാണ്. അന്വേഷണങ്ങൾ നടത്തേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. 

 

ചുരുക്കത്തിൽ, അസ്മിയയും ശ്രദ്ധയും ഒരേ തൂവൽപക്ഷികളാണ്. രണ്ടും നമ്മുടെ മക്കളാണ്. താങ്ങാനാവാത്ത പഠന ഭാരവും മാനസിക സമ്മർദ്ദവും ഭീതിയും പേറി ജീവിക്കുന്ന കുട്ടികൾ ശക്തമായി പ്രതികരിച്ചു തുടങ്ങുന്നത് കാണുമ്പോൾ ഒരു അധ്യാപിക എന്ന നിലയിൽ വളരെ അധികം അഭിമാനം തോന്നുന്നു. ഇത്തരം അധികാരകേന്ദ്രങ്ങളുടെ സ്വേച്ഛാധിപത്യവും ഗർവും കൂസലില്ലായ്മയും ഇല്ലാതാക്കാൻ കൂടുതൽ ശബ്ദങ്ങൾ ചേർന്നുയരട്ടെ.

 

anshad

ആര്യാ ഗോപി (എഴുത്തുകാരി)

സാമൂതിരീസ്‌ ഗുരുവായൂരപ്പൻ കോളജ്, 

കോഴിക്കോട് 

 

മുന്നോട്ടു നോക്കുമ്പോൾ ഒരു പ്രതീക്ഷയുമില്ലാതെയാകുമ്പോഴാണല്ലോ ഒരാൾ ആത്മഹത്യ ചെയ്യുന്നത്. ഒരു അധ്യാപിക എന്ന നിലയിലും അമ്മ എന്ന നിലയിലും ശ്രദ്ധയുടെ മരണം ഞെട്ടലുണ്ടാക്കി. പല കാരണങ്ങൾ കൊണ്ടും ക്യാംപസുകളിൽ ബുദ്ധിമുട്ടു നേരിടുന്ന ഒരുപാട് കുട്ടികളുടെ കഥകൾ വാർത്തകളിൽ നിറയാറുണ്ട്. ജനാധിപത്യം കുട്ടികൾക്ക് അനുവദിച്ചു കൊടുക്കാത്ത തരത്തിലുള്ള നിയമങ്ങൾ പലയിടത്തുമുണ്ട്. പല രീതിയിലുള്ള അവഗണകൾ, വേർതിരിക്കലുകൾ ഒക്കെ പലരും അനുഭവിക്കുന്നുണ്ട്, എല്ലാവർക്കും ഇത് സഹിക്കുക എന്നത് എളുപ്പമുള്ള കാര്യവുമല്ല. ചില കുട്ടികൾക്ക് വീടുകളിൽനിന്ന് നല്ല സപ്പോർട്ട് ഉണ്ടാകും, ചില കുട്ടികൾ അവനവനു വേണ്ട കരുത്ത് സ്വയം ആർജ്ജിച്ചെടുക്കുന്നു. അത്തരക്കാർക്ക് എന്തു പ്രശ്നങ്ങൾ മുന്നിൽ വന്നാലും അതിജീവിക്കാൻ കുറച്ചു കൂടി എളുപ്പമാണ്. എന്നാൽ മാനസികമായി ദുർബലരായ കുട്ടികൾക്ക് അത് എളുപ്പമല്ല. അവരുടെ മുന്നിലെ വെളിച്ചവും വഴിയും ഇല്ലാതാകുന്നു. അതിനു നയിക്കാതെ മുന്നിൽ വേറെയും വഴികളുണ്ട്. പ്രശ്നങ്ങളെ അതിജീവിക്കേണ്ടത് ഇങ്ങനെയല്ല എന്നൊക്കെ മനസ്സിലാക്കി കൊടുക്കാൻ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന് കഴിയുന്നില്ലെങ്കിൽ നമ്മുടെ നാട് എങ്ങോട്ടാണ് പോകുന്നത് എന്ന് ചോദിക്കേണ്ടി വരും. 

 

പതിനെട്ടു വയസ്സ് കഴിഞ്ഞ കുട്ടി പ്രായപൂർത്തി ആയ കുട്ടിയാണ്. ഫോൺ ഉപയോഗിക്കരുത് എന്നൊന്നും ഇന്നത്തെ കാലത്ത് ഒരു കുട്ടികളോടും പറയാനാകില്ല. കൂടുതൽ നന്നായി പഠിക്കാനും ജീവിക്കാൻ പ്രേരിപ്പിക്കാനും ഒക്കെ മാർഗ്ഗ നിർദേശം കൊടുക്കേണ്ട ഒന്നാണല്ലോ വിദ്യാഭ്യാസം.  പ്രണയം ഇതല്ല, മറ്റൊന്നാണ് അല്ലെങ്കിൽ ഇത് ശരിയാണ് എന്ന് കണ്ടെത്തേണ്ടത് കുട്ടികൾ തന്നെയാണ്. നമുക്കു തെറ്റാണ് എന്ന് തോന്നുന്നത് മറ്റൊരാൾക്ക് ശരിയാണ് എന്നുള്ള ബോധമാണ് ഉണ്ടാകേണ്ടത്. നമ്മുടെ ശരി എന്നത് അവസാന ജഡ്ജ്‌മെന്റ് അല്ല എന്നതാണ് സത്യം. അതാണ് പലപ്പോഴും പല കോളജ് മാനേജ്‌മെന്റുകൾക്കും ഇല്ലാത്തതും. അതിർവരമ്പുകൾ തീർച്ചയായും ഉണ്ടാകേണ്ടതുണ്ട്, അല്ലെങ്കിൽ നമ്മുടെ ബന്ധങ്ങൾ ജീർണിച്ചു പോകില്ലേ?

 

സ്‌കൂൾ കരിക്കുലത്തിൽ മറ്റെല്ലാ ഭാഷയും ശാസ്ത്രവും ഒക്കെ പഠിപ്പിക്കുന്നതു പോലെ ആത്മവിശ്വാസം കൂടി പഠിപ്പിക്കേണ്ടതുണ്ട്. ശ്രദ്ധയുടെ മരണം ആദ്യത്തേതല്ല, ഒറ്റപ്പെട്ടതും അല്ല. പല ക്യാംപസുകളിലും പഠിക്കുന്ന കുട്ടികൾ വല്ലാത്ത മാനസിക സംഘർഷങ്ങൾ അനുഭവിക്കുന്നുണ്ട്. പഠന സംബന്ധമായും ഒരുപാട് ഭാരം താങ്ങേണ്ടി വരുന്ന കുട്ടികളുടെ ക്യാംപസുകളുണ്ട്. പക്ഷേ കുട്ടികൾക്ക് പ്രതികരിക്കാൻ ഭയമാണ്. വലിയ ക്യാംപസ് പ്രതിനിധികളോട് അത്ര ധൈര്യത്തോടെ പ്രതികരിക്കാൻ പല കുട്ടികൾക്കും ധൈര്യവുമുണ്ടാകില്ല. അവരുടെ പ്രതികരണം വളരെ മോശവുമായിരിക്കും. ഇതിനെയൊക്കെ നേരിടാനുള്ള ആത്മവിശ്വാസം കുട്ടികൾക്ക് എവിടെ നിന്നാണ് ലഭിക്കേണ്ടത്? സർക്കാർ തലത്തിൽ തന്നെ കുഞ്ഞുങ്ങൾക്ക് ഇത്തരം സാഹചര്യങ്ങളെ നേരിടാനുള്ള ആത്മബലം നൽകേണ്ടതുണ്ട്.

 

പഠന സമയത്തെ യൂണിഫോം എന്ന സങ്കൽപം അനാവശ്യമാണ് എന്ന് എനിക്ക് തോന്നിയിട്ടില്ല. എല്ലാ കുട്ടികൾക്കും പലപ്പോഴും വർണ ശബളമായ വസ്ത്രങ്ങൾ ധരിക്കാൻ പറ്റണമെന്നില്ല, അപ്പോൾ അതിൽ ഒരു ഏകത ഉണ്ടായിരിക്കുന്നത് കുട്ടികളെ ഒരേപോലെ കാണാൻ നല്ലതാണെന്നു കുട്ടിക്കാലം മുതൽ തന്നെ എനിക്ക് തോന്നിയിട്ടുള്ളത്. ഇപ്പോൾ തന്നെ ശ്രദ്ധയുടെ മരണം കഴിഞ്ഞ ശേഷമാണ് ആ ക്യാംപസിൽ ഇത്രയധികം ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് നമ്മൾ വായിച്ചും കേട്ടും അറിയുന്നത്. എങ്ങനെയാണ് ഇങ്ങനെ ക്രൂരമായി കുട്ടികളോട് പെരുമാറാൻ സാധിക്കുന്നത്! മനുഷ്യരോട് കുറച്ചു കൂടി സഹാനുഭൂതിയോടെ, കരുണയോടെ പെരുമാറേണ്ടതുണ്ട് എന്നാണു പറയേണ്ടത്. 

 

അൻഷാദ് ഖാലുദ്ദീൻ

എംജിഎം കോളജ്, കണിയാപുരം 

 

കോളജിൽ കുട്ടികൾക്ക് മൊബൈൽ ഉപയോഗിക്കാൻ പ്രശ്നമില്ല, പക്ഷേ അവർക്ക് ലോക്കർ സൗകര്യം കൊടുത്തിട്ടുണ്ട്. അതായത് കോളജിൽ മൊബൈൽ കൊണ്ടു വരാം, അതു ലോക്കറിൽ വച്ച ശേഷം ക്ലാസ്സിൽ കയറാം. അത് അങ്ങനെ തന്നെയാണ് വേണ്ടതെന്നാണ് എനിക്ക് തോന്നുന്നത്. കാരണം ക്ലാസിൽ പഠിക്കുന്ന സമായത്ത് മൊബൈലിന്റെ ആവശ്യം വരാത്തതിനാൽ അകത്തേക്ക് കൊണ്ടു വരേണ്ടതില്ല. പക്ഷേ കുട്ടികൾക്ക് ഒരു അത്യാവശ്യത്തിനു മൊബൈൽ കയ്യിലുണ്ടായിരിക്കുകയും വേണം. അതുകൊണ്ടു തന്നെ മൊബൈലിലിന്റെ ഉപയോഗം തടയുക എന്നത് ശരിയായി കാണുന്നില്ല. 

 

ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ചിരിക്കേണ്ടതുണ്ട്. കാരണം രണ്ടു ജൻഡറുകൾ തമ്മലുള്ള സാമൂഹിക ബോധമാണ് അവരുടെ ഇടപഴകലിലൂടെ വർധിക്കുന്നത്. ആൺകുട്ടികളെയും പെൺകുട്ടികളെയും വേർതിരിച്ചു നിർത്തുന്നവർക്കിടയിലാണ് പല പ്രശ്നങ്ങളും ഉണ്ടാവുക. പ്രത്യേകിച്ച് സെക്ഷ്വൽ ഡീവിയേഷൻസ്. ഇപ്പോൾ നമ്മൾ വാർത്തകളിൽ കാണുന്ന തരത്തിലുള്ള എക്സിബിഷനിസം ഒക്കെ അത്തരക്കാർക്കിടയിലാണുള്ളത്. സ്വന്തം വീട്ടിലുള്ള സ്ത്രീകൾ ഒഴികെയുള്അള പെൺകുട്ടികൾ മറ്റേതോ ഗ്രഹത്തിൽനിന്നു വന്നതാണെന്ന തരത്തിലുള്ള ഇടപെടലും ഒക്കെ ഇത്തരക്കാർക്കുണ്ടാവാം. 

 

ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ചിരിക്കുമ്പോൾ മാനസികമായി ബുദ്ധിമുട്ടു നേരിടുന്നവർ അവരുടെ ഏതെങ്കിലും പ്രായത്തിൽ സ്ത്രീകളിൽനിന്ന് അവഗണനയോ ഭയമോ മൂലം അകന്നു നിൽക്കേണ്ടി വന്നത് കാരണമോ ഒക്കെയാകാം. അതായത് തനിക്ക് കിട്ടാത്തത് വേറെ ആരും അനുഭവിക്കേണ്ട എന്നൊരു മാനസിക അവസ്ഥയാകും ഇത്തരക്കാർക്ക് ഉണ്ടാവുക. ഇതിനെ ശക്തമായി നിയമം കൊണ്ട് മറികടക്കുക എന്നതാണ് ചെയ്യേണ്ടത്. ക്യാംപസിൽ ഇത്തരത്തിൽ  നിർബന്ധങ്ങൾ ഉണ്ടാകാൻ പാടില്ല. ഇഷ്ടമുള്ളവർക്ക് സംസാരിക്കാനും സഹായിക്കാനും ഒക്കെയുള്ള സ്വാതന്ത്ര്യമുണ്ട്. അത് അവർക്ക് അവകാശപ്പെട്ടതുമാണ്. 

 

പണ്ടത്തെ ഗുരുകുല സമ്പ്രദായത്തിൽ ഒക്കെ ഉള്ളത് പോലെ ശിക്ഷിച്ചു വളർത്തുക എന്ന തരത്തിലുള്ള ശിക്ഷണ രീതിയാണ് ഇപ്പോഴും നമ്മൾ പിന്തുടരുന്നത്. എന്നാൽ വിദേശങ്ങളിൽ വിദ്യാർഥികളെ അധ്യാപകർക്കോ കുട്ടികളെ മാതാപിതാക്കൾക്കോ പോലും ഉപദ്രവിക്കാനോ മാനസികമായി അസ്വസ്ഥപ്പെടുത്താനോ ഒന്നുമാകില്ല, അവർക്കു വേണ്ടി നിയമം കൂട്ടുണ്ടാകും. ക്ലാസിൽ ഇരിക്കാൻ താൽപര്യമില്ലെങ്കിൽ ക്ലാസിൽ നിന്ന് പുറത്താക്കാം, അതല്ലാതെ ശിക്ഷിക്കാനുള്ള അവകാശം ആർക്കുമില്ല. 

 

Content Summary : Do we need a system change in our academic institutions? Youth Responds

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com