ADVERTISEMENT

കോഴിക്കോട്∙ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിന്റെ ഭാഗമായി പുതിയ പാഠ്യപദ്ധതി നടപ്പാക്കാനൊരുങ്ങി കോഴിക്കോട് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി. പാഠ്യ ശാഖകളുടെ സംയോജനത്തിലൂടെയും വിവിധ തലങ്ങളിലുള്ള പാഠ്യപദ്ധതി പരിഷ്കരണത്തിലൂടെയും മൾട്ടി ഡിസിപ്ലിനറി എജുക്കേഷൻ ആൻഡ് റിസർച്ച് യൂണിവേഴ്സിറ്റി (മേരു) ആയി എൻഐടിയെ മാറ്റുകയാണ് ലക്ഷ്യമിടുന്നത്.  പരിഷ്കരിച്ച പാഠ്യപദ്ധതി ഈ അധ്യാന വർഷം നിലവിൽ വരും. 

Read Also : എൻഐടി വിദ്യാർഥികൾക്ക് ഐഐടിയിൽ പഠിക്കാം; മാറ്റങ്ങളിങ്ങനെ

എൻ ഐ ടി കാലിക്കറ്റ് ഡയറക്ടർ പ്രൊഫസർ പ്രസാദ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള സംഘമാണ് മാറ്റങ്ങൾക്ക് രൂപം നൽകിയത്. ബിരുദ ബിരുദാനന്തര, ബിരുദ, പിഎച്ച്ഡി പ്രോഗ്രാമുകളുടെ സിലബസ്സുകളാണ് പരിഷ്കരിച്ചിരിക്കുന്നത്. ഇതോടൊപ്പം നാലുവർഷത്തെ ദൈർഘ്യമുള്ള സംയോജിത ബിഎസ്‌സി-ബിഎഡ് കോഴ്സും ഈ വർഷം തുടങ്ങും. ചോയിസ് ബേസ്ഡ് ക്രെഡിറ്റ് സിസ്റ്റത്തിലൂടെ വിദ്യാർഥികൾക്ക് ഇഷ്ടമുള്ള കോഴ്സുകൾ, വിഷയങ്ങൾ എന്നിവ തിരഞ്ഞെടുക്കാൻ അവസരം നൽകും. നവ സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തി റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, മെഷീൻ ലേർണിംഗ്, ഡാറ്റാ സയൻസ് എന്നിവയും പുതുക്കിയ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി സ്റ്റുഡൻറ് എക്സ്ചേഞ്ച് പ്രോഗ്രാമുകൾക്കും ഈ വർഷം മുതൽ തുടക്കമാവുമെന്ന് അക്കാദമിക് വിഭാഗം ഡീൻ ഡോ. എസ്.എം. സമീർ പറഞ്ഞു. വിവിധ വകുപ്പുകളിലെ  9 അവസാനവർഷ ബിടെക് വിദ്യാർഥികൾ അവരുടെ അവസാനവർഷ പഠനം ഹൈദരാബാദ് ഐഐടിയിലാണ് പൂർത്തിയാക്കുക.

വ്യവസായ വിദഗ്ധരെ പ്രൊഫസർ ഓഫ് പ്രാക്ടീസ്, വിസിറ്റിംഗ് ഫാക്കൽറ്റി എന്നീ തസ്തികകളിൽ നിയമിക്കാനും വ്യവസായ സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, ഗവേഷണ വികസന ലാബുകൾ, പൊതുമേഖലാ സംരംഭങ്ങൾ എന്നിവയിൽ ഇന്റേൺഷിപ്പ് ഉറപ്പുവരുത്താനും എൻഐടി തീരുമാനിച്ചിട്ടുണ്ട്.

15 മൾട്ടി ഡിസിപ്ലിനറി സെൻററുകൾക്കും എൻഐടിയിൽ തുടക്കമാവും. ശാരീരികവും മാനസികവും വൈകാരികവും ആത്മീയവുമായ വളർച്ചയ്ക്ക് ഉതകുന്ന തരത്തിലാണ് ഇവ പ്രവർത്തിക്കുന്നതെന്ന് ഡയറക്ടർ ഇൻ ചാർജ് ഡോ.ജെ. സുധാകുമാർ പറഞ്ഞു. വിദ്യാർഥികൾക്കിടയിൽ ഗവേഷണശേഷി കൂട്ടാനും നൂതന കണ്ടുപിടിത്തങ്ങൾ പ്രോത്സാഹിപ്പിക്കാനുമായി ഇൻസ്റ്റിറ്റ്യൂട്ട് ഇന്നൊവേഷൻ കൗൺസിൽ പ്രവർത്തിച്ചുവരുന്നുണ്ട്. ദേശീയതലത്തിൽ ഇന്നവേഷൻ റാങ്കിങ്ങിൽ എൻഐടി എട്ടാം സ്ഥാനത്തെത്തിയിട്ടുണ്ട്. രാജ്യത്ത് ഇന്നൊവേഷൻ റാങ്കിങ്ങിൽ ആദ്യത്തെ പത്ത് റാങ്കിൽ ഉൾപ്പെട്ട ഏക എൻഐടിയാണ് കോഴിക്കോട്. 

സ്ഥാപനത്തിന് ഇതുവരെ 25 പേറ്റന്റുകളും 5 ട്രേഡ് മാർക്കുകളും ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ അധ്യയന വർഷം വിദ്യാർഥികൾ സമർപ്പിച്ച 43 പ്രോജക്ടുകൾക്ക് ധനസഹായം നൽകി.ഇതിൽ 14 എണ്ണം പേറ്റന്റിനായി അപേക്ഷ നൽകി കാത്തിരിക്കുകയാണ്. നിലവിൽ ഒരു വിദ്യാർഥി സ്റ്റാർട്ടപ്പും 3 അധ്യാപക സ്റ്റാർട്ടപ്പുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. 6 അധ്യാപക സ്റ്റാർട്ടപ്പുകൾക്കായുള്ള നടപടിക്രമങ്ങളും തുടങ്ങിയിട്ടുണ്ട്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി അടിസ്ഥാന സൗകര്യവികസനവും തുടങ്ങിയിട്ടുണ്ട്. പുതിയ അക്കാദമിക് ബ്ലോക്ക്, 33 കെ വി സബ്സ്റ്റേഷൻ, ക്യാംപസിന്റെ രണ്ടു ഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന സബ് വേ എന്നിവയാണ് പ്രധാനം. 

ആർക്കിടെക്ചർ ആൻഡ് പ്ലാനിംഗ് വകുപ്പ് തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ നിലവിലുണ്ട്. സോഷ്യൽ സയൻസ് ആൻഡ് ഇക്കണോമിക്സ് സ്കൂൾ, ഹെറിറ്റേജ് സെന്റർ, സാറ്റലൈറ്റ് ക്യാംപസ് സൗകര്യം, ഇന്റഗ്രേറ്റഡ് സ്പോർട്സ് കം കൺവെൻഷൻ സെന്റർ എന്നിവയ്ക്കായി 525 കോടി രൂപയുടെ പദ്ധതി  ആസൂത്രണം ചെയ്യുന്നുണ്ട്. വിദ്യാഭ്യാ–ഗവേഷണ രംഗങ്ങളിൽ കൂടുതൽ കൂട്ടായ്മകളുണ്ടാക്കാനായി  ലക്ഷ്മിഭായ് നാഷണൽ കോളജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ (എൽഎൻസിപിഇ), ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് (ഇംഹാൻസ്), ഹാർട്ട്ഫുൾനെസ് എഡ്യൂക്കേഷൻ ട്രസ്റ്റ് (എച്ച്ഇടി) തുടങ്ങിയ സ്ഥാപനങ്ങളുമായി ധാരണാപത്രം ഒപ്പിടുമെന്നും പറഞ്ഞു.

Content Summary : NIT-Calicut revises academic programmes to implement NEP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com