ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികളുടെ വ്യക്തിഗത വിവരങ്ങൾ കേന്ദ്ര സർക്കാർ പോർട്ടലിൽ അപ്‌ലോഡ് ചെയ്യുന്നതിൽ അവസാന നിമിഷം പുതിയ ആശയക്കുഴപ്പം സൃഷ്ടിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലർ.

Read Also : 27 വർഷത്തെ സേവനം മിനിടീച്ചർക്ക് തിരികെക്കൊടുത്തത് സംസ്ഥാന അധ്യാപക പുരസ്കാരം

ഓരോ വിദ്യാർഥിയുടെയും 54 വിവരങ്ങളാണു കേന്ദ്ര പോർട്ടലായ യുഡയസിൽ നൽകിയിരിക്കുന്ന ഫോമിൽ ഉൾപ്പെടുത്തേണ്ടതെങ്കിലും അതിൽ രക്ഷിതാവിന്റെ പേരും ഫോൺ നമ്പറും നൽകേണ്ടെന്നാണു കഴിഞ്ഞദിവസം ഇറക്കിയ സർക്കുലറിൽ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ നിർദേശിച്ചിരിക്കുന്നത്. എന്നാൽ, നിർബന്ധിതമായ ഈ വിവരങ്ങൾ നൽകാതെ പോർട്ടലിൽ ഡേറ്റ സേവ് ചെയ്യാനാകില്ലെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടുന്നു. ഇതോടെ സർവത്ര ആശയക്കുഴപ്പമായി. സംസ്ഥാനത്തെ 50 ശതമാനത്തോളം കുട്ടികളുടെ വിവരങ്ങൾ രക്ഷിതാവിന്റെ പേരും ഫോൺ നമ്പറും അപ്‌ലോഡ് ചെയ്തുകഴിഞ്ഞാണ് ഇങ്ങനെ പുതിയ നിർദേശം വരുന്നത്. 

 

ഡേറ്റാ ഫോമിൽ മാതാപിതാക്കളുടെ പേര് രേഖപ്പെടുത്താനുള്ള കോളങ്ങൾക്കു പുറമേയാണു രക്ഷിതാവിന്റെ പേര് എന്ന പ്രത്യേക കോളവുമുള്ളത്. 1 മുതൽ 10 വരെ ക്ലാസുകളിലെ കുട്ടികളുടെ മാതാപിതാക്കളുടെ പേര് സംസ്ഥാനം വിവരങ്ങൾ ശേഖരിച്ചിരിക്കുന്ന ‘സമ്പൂർണ’ പോർട്ടലിൽനിന്ന് യുഡയസിലേക്ക് എടുക്കാൻ സൗകര്യമുണ്ട്. എന്നാൽ, രക്ഷിതാവിന്റെ പേര് പുതുതായി ടൈപ്പ് ചെയ്ത് ഉൾപ്പെടുത്തണം. അതിനുശേഷമാണു മാതാപിതാക്കൾ അല്ലെങ്കിൽ രക്ഷിതാവിന്റെ ഫോൺ നമ്പറും ഇമെയിലും ചോദിച്ചിരിക്കുന്നത്. മാതാപിതാക്കളുടെ പേര് രേഖപ്പെടുത്തിയ ശേഷം രക്ഷിതാവിന്റെ പേരും ഫോണും മാത്രം രേഖപ്പെടുത്തരുതെന്നു നിർദേശിക്കുന്നത് എന്ത് അടിസ്ഥാനത്തിലെന്നു വ്യക്തമല്ല.

 

കുട്ടികളുടെ വ്യക്തിഗത വിവരം നൽകണമെന്ന് ഒരു വർഷം മുൻപുതന്നെ കേന്ദ്രം സംസ്ഥാനത്തോട് ആവശ്യപ്പെടുകയും പല തവണ വീണ്ടും കത്തയയ്ക്കുകയും ചെയ്തെങ്കിലും അതീവ പ്രാധാന്യമുള്ള ഡേറ്റ കൈമാറാനാകില്ലെന്ന നിലപാടിലായിരുന്നു സംസ്ഥാനം. എന്നാൽ, കേന്ദ്രത്തിൽ നിന്നുള്ള വിദ്യാഭ്യാസ ഫണ്ട് മുടങ്ങുമെന്ന സാഹചര്യമായതോടെയാണ് ആ നിലപാടിൽനിന്നു പിൻവാങ്ങി ഡേറ്റ നൽകാൻ വകുപ്പ് സ്കൂളുകൾക്കു രണ്ടാഴ്ച മുൻപ് നിർദേശം നൽകിയത്. ഇതിനായി യുഡയസ് പോർട്ടലിന്റെ ലോഗിൻ പാസ്‌വേഡ് സ്കൂൾ അധ്യാപകർക്കു ലഭിച്ചിട്ടു പക്ഷേ, ദിവസങ്ങളേ ആയിട്ടുള്ളൂ. ധൃതിപിടിച്ച് ഇതു ചെയ്തു തീർക്കാൻ അധ്യാപകർ ബുദ്ധിമുട്ടുന്നതിനിടെയാണ് ആശയക്കുഴപ്പം സൃഷ്ടിക്കുന്ന പുതിയ നിർദേശം. 

Read Also : അമ്മയ്ക്കു പിന്നാലെ ദേശീയ അധ്യാപക പുരസ്കാരം സ്വന്തമാക്കി മകനും

പ്രശ്നം ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും അത് എങ്ങനെ പരിഹരിക്കാമെന്നു നോക്കുകയാണെന്നും സംസ്ഥാനത്ത് ഈ വിവരശേഖരണത്തിന്റെ ഏജൻസിയായി പ്രവർത്തിക്കുന്ന സമഗ്രശിക്ഷ കേരളം ഡയറക്ടർ ഡോ. എ.ആർ.സുപ്രിയ പറഞ്ഞു. എന്നാൽ, ഈ പുതിയ നിർദേശം സംബന്ധിച്ചു പൊതുവിദ്യാഭ്യാസ ഡയറക്ടർക്കേ വിശദമാക്കാനാകൂവെന്നും വ്യക്തമാക്കി. പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസിന്റെയും വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജിനെയും പ്രതികരണം ലഭ്യമായില്ല. 

 

20 വരെ സമയം തേടി കേരളം 

 

വിദ്യാർഥിവിവരങ്ങൾ യുഡയസ് പോർട്ടലിൽ അപ്‌ലോഡ് ചെയ്യാൻ 20 വരെ സമയം നൽകണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ചു പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് കേന്ദ്ര സ്കൂൾ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്കു കത്തയച്ചു. കേന്ദ്രം അവസാനം നീട്ടിനൽകിയ സമയപരിധിയായ ഇന്നലെ വൈകിട്ട് വരെ 80 ശതമാനത്തോളം കുട്ടികളുടെ വിവരങ്ങൾ കൈമാറിയതായാണ് എസ്എസ്കെ വ്യക്തമാക്കുന്നത്. പ്രീപ്രൈമറി മുതൽ 12–ാം ക്ലാസ് വരെ കഴിഞ്ഞ അധ്യയനവർഷം പഠിച്ച വിദ്യാർഥികളുടെ വിവരങ്ങളാണ് ഇപ്പോൾ അപ്‌ലോഡ് ചെയ്യുന്നത്. ഓണാവധി ദിവസങ്ങളിലും ബന്ധപ്പെട്ട അധ്യാപകർ സ്കൂളുകളിലെത്തി വിവരങ്ങൾ അപ്‌ലോഡ് ചെയ്യുകയായിരുന്നു. ഇതിനിടെ സെർവർ പ്രശ്നങ്ങളുണ്ടായതും പ്രതിബന്ധമായി.

 

Content Summary :  Public Education Department's Circular Sparks Controversy Over Student Data Upload

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com