ADVERTISEMENT

തിരുവനന്തപുരം ∙ സ്കൂളുകളിൽ നിലവിലുള്ള പരീക്ഷാ രീതിയിൽ കാതലായ മാറ്റം വേണമെന്നു പാഠ്യപദ്ധതി പരിഷ്കരണത്തിനുള്ള ആശയ ചട്ടക്കൂടിന്റെ കരടിൽ ശുപാർശ. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ പരിഷ്കരിക്കുന്നതിനൊപ്പം ഒന്നാം ക്ലാസ് മുതൽ നിരന്തര മൂല്യനിർണയത്തിനു കൂടുതൽ പ്രാധാന്യവും നൽകണം.

Read Also : ഇന്ത്യയിൽ നിന്ന് ക്ഷണം ലഭിച്ച ഏക സ്റ്റാർട്ടപ്പ് ‘എഡ്ടെക്ക്’ ഫിൻലൻഡിൽ ശ്രദ്ധേയമായ നേട്ടം

ഓപ്പൺ ബുക്ക് എക്സാം, വിദ്യാർഥിക്കു സൗകര്യപ്രദമായ സമയത്തു പരീക്ഷ, വീട്ടിലിരുന്ന് എഴുതുന്ന പരീക്ഷ, പ്രോജക്ട് / ചർച്ച / ശിൽപശാലാ പങ്കാളിത്തം, അഭിമുഖം, വാചാ പരീക്ഷ എന്നിങ്ങനെ പുതു രീതികൾ പരിഗണിക്കാം. ഉപരിപഠന അഭിരുചി നിർണയിക്കുംവിധം പത്താം ക്ലാസ് പരീക്ഷ മാറണം. 

 

ഇപ്പോഴത്തെ നിരന്തര വിലയിരുത്തൽ രീതി ഉപേക്ഷിക്കാമെന്നും നിർദേശമുണ്ട്. അനാരോഗ്യകരമായ മത്സരം സൃഷ്ടിക്കുന്ന സ്കോളർഷിപ് പരീക്ഷകളായ എൽഎസ്എസ് (4–ാം ക്ലാസ്), യുഎസ്എസ് (7–ാം ക്ലാസ്) പരീക്ഷകൾ പുനഃസംഘടിപ്പിക്കണം. അധ്യാപകരെ വിലയിരുത്താൻ വിദ്യാർഥികൾക്ക് അവസരം നൽകണമെന്നും നിർദേശമുണ്ട്.

വിവിധ മേഖലകളിലെ മറ്റു പ്രധാന നിർദേശങ്ങൾ:

 

∙ കലാ– കായിക വിദ്യാഭ്യാസം: ചിത്രം–ശിൽപം, സംഗീതം, നാടകം, സിനിമ, നൃത്തം, തനതു കലാരൂപങ്ങൾ എന്നിവയ്ക്കു പ്രധാന്യം നൽകിയാകണം കലാ വിദ്യാഭ്യാസം. കായിക പരിശീലനത്തിന് സ്കൂൾ തല കായികക്ഷമതാ മിഷൻ വേണം.

 

∙ നൈപുണ്യങ്ങൾ: കൃഷി, വീട്ടുജോലികൾ, ലളിത പാചകം, വിഡിയോ–ഓഡിയോ എഡിറ്റിങ് തുടങ്ങിയവയിലെ അടിസ്ഥാന അറിവുകൾ യുപി തലത്തിൽ നൽകണം. വിവിധ തൊഴിൽമേഖലകളെക്കുറിച്ചുള്ള അറിവ് ഹൈസ്കൂളിലും സ്വന്തം അഭിരുചിക്കനുസരിച്ചു നൈപുണ്യവികസനത്തിനുള്ള അവസരം ഹയർ സെക്ക‍‍ൻഡറി തലത്തിലും ലഭിക്കണം.

 

∙ പാഠ്യേതര മികവ്: വിവിധ മേളകൾ, എൻഎസ്എസ്, സ്കൗട്സ് ആൻഡ് ഗൈഡ്സ്, എസ്പിസി തുടങ്ങിയവയിലെ മികവ് അതതു മേഖലയിലെ ക്രെഡിറ്റുകളായി സ്വീകരിക്കുന്നതാണ് ഉചിതം. ദേശീയ തലം വരെയില്ലാത്ത മേളകളും മത്സരങ്ങളും ജില്ലാ തലത്തിൽ അവസാനിപ്പിച്ചാൽ അധ്യയന നഷ്ടം ഒഴിവാക്കാം.

Read Also : കേരളത്തിൽ ജോലിസാധ്യത വളരെ മോശമെന്ന് സർവേ

നിർദേശങ്ങൾ 10 ദിവസത്തിനുള്ളിൽ അറിയിക്കാമെന്നും അതുകൂടി പരിഗണിച്ച് ചട്ടക്കൂടിന് അന്തിമ രൂപം നൽകുമെന്നും കരട് പ്രകാശനം ചെയ്ത മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. അടുത്ത അധ്യയനവർഷം 1,3,5,7,9 ക്ലാസുകളിലാകും പാഠപുസ്തകം മാറ്റുക; 2,4,6,8,10 ക്ലാസുകളിൽ അതിനടുത്ത വർഷവും. 10 വർഷത്തിനു ശേഷമാണ് പുസ്തകങ്ങൾ പരിഷ്കരിക്കുന്നത്.

 

ജെൻഡർ ഓഡിറ്റിങ് നിരന്തരം വേണം

 

തിരുവനന്തപുരം ∙ പാഠ്യ പദ്ധതിയിലും സ്കൂൾ‌ അന്തരീക്ഷത്തിലും ജെൻഡർ വിവേചനം ഒഴിവാക്കാനും ജെൻഡർ നീതി പ്രോൽസാഹിപ്പിക്കാനും വേണ്ട ഇടപെടലുകൾ കരടു ചട്ടക്കൂടിൽ ശുപാർശ ചെയ്യുന്നു. പാഠ്യപദ്ധതി, പാഠപുസ്തകങ്ങൾ, പഠന പ്രക്രിയ എന്നിവയിൽ നിരന്തരം ജെൻഡർ ഓഡിറ്റിങ് വേണം. 

Click Here : പ്ലസ് വൺ: സിലബസ് മാറി എത്തിയവർ കുറഞ്ഞു

പാഠപുസ്തക ചിത്രീകരണങ്ങളിൽ എല്ലാവിഭാഗം ജനങ്ങളെയും ഉൾപ്പെടുത്തണം. സ്ത്രീ, ദലിത്, ന്യൂനപക്ഷ വിഭാഗങ്ങളെ അവഗണിക്കുകയോ തെറ്റായി ഉദാഹരിക്കുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ പരിശോധന വേണം. ചില തൊഴിലുകൾ ചില വിഭാഗങ്ങൾക്കു മാത്രം ഇണങ്ങുന്നതെന്ന ധാരണ സൃഷ്ടിക്കരുത്.

 

Content Summary : Building a Better Future: Explore the Exciting Recommendations for Curriculum Reform

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com