ADVERTISEMENT

തിരുവനന്തപുരം ∙ തൃശൂർ കേരള കലാമണ്ഡലത്തെ സർക്കാർ ഉടമസ്ഥതയിലുള്ള സാംസ്കാരിക സർവകലാശാലയാക്കി മാറ്റാൻ ആലോചന. നിലവിൽ കൽപിത സർവകലാശാലാ പദവിയുള്ള കലാമണ്ഡലത്തിന്റെ ചാൻസലർ മല്ലിക സാരാഭായ്‌ ആണ്. പൂർണ സർവകലാശാലയാകുമ്പോഴും അവർ തുടരാനാണു സാധ്യത.
സർക്കാർ ഉടമസ്ഥതയിലുള്ള സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്നു തന്നെ പുറത്താക്കുന്ന ബില്ലിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇതുവരെ അംഗീകാരം നൽകിയിട്ടില്ല.

പുതിയ സർവകലാശാലയുടെ തലപ്പത്തു സർക്കാർ നിയമിക്കുന്ന ചാൻസലർ വരുന്നത് ഗവർണറുടെ നിലപാട് ദുർബലമാക്കും. പുതിയ സർവകലാശാല രൂപീകരിച്ചു നിയമസഭ പാസാക്കുന്ന ബില്ലിനു ഗവർണറുടെ അംഗീകാരം വേണം. ചാൻസലർ പദവിയിൽനിന്നു തന്നെ പുറത്താക്കുന്നതിന്റെ ഉദ്ദേശ്യം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് മുൻപ് പാസാക്കിയ ബിൽ അദ്ദേഹം തടഞ്ഞുവച്ചിരിക്കുന്നത്. എന്നാൽ, സാംസ്കാരിക സർവകലാശാലയുടെ ചാൻസലറായി തന്നെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് പുതിയ ബിൽ തടഞ്ഞുവയ്ക്കാൻ ഗവർണർക്കു സാധിക്കില്ല.
പുതിയ സർവകലാശാലയ്ക്കു കേരളം മുഴുവൻ അധികാരപരിധിയുണ്ടാകും. കേരള സാംസ്കാരിക സർവകലാശാല എന്ന പേരാണ് ആദ്യം

എന്നാൽ കലാമണ്ഡലത്തിന്റെ പേരു നിലനിർത്തിക്കൊണ്ട് കലാമണ്ഡലം സാംസ്കാരിക സർവകലാശാല എന്ന പേരാകും നൽകുകയെന്നറിയുന്നു. കരടുബിൽ തയാറാക്കി വരികയാണ്. അടുത്ത നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിച്ചേക്കും. പൂർണ സർവകലാശാലയാകുന്നതോടെ യുജിസി ധനസഹായം വർധിക്കും.

കോളജുകൾ ഉൾപ്പെടുമോ ?

സംഗീത കോളജുകൾ, ഫൈൻ ആർട്സ് കോളജുകൾ, സ്കൂൾ ഓഫ് ഡ്രാമ തുടങ്ങിയവ പുതിയ സർവകലാശാലയ്ക്കു കീഴിൽ വരുമോ എന്നു വ്യക്തമല്ല. ഇവ ഇപ്പോൾ ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സർവകലാശാലകളിലാണ്.
സാമ്പത്തിക പ്രതിസന്ധിക്കിടെ പുതിയ സർവകലാശാല തുടങ്ങുന്നതിൽ അധ്യാപകർക്കും ജീവനക്കാർക്കും ആശങ്കയുണ്ട്. കലാമണ്ഡലത്തിൽ രണ്ടും മൂന്നും മാസം വൈകിയാണ് ഇപ്പോൾ ശമ്പളം ലഭിക്കുന്നത്.
218 വിദ്യാർഥികളുള്ള ഇവിടെ അധ്യാപകരും അനധ്യാപകരുമായി 235 പേരുണ്ട്. സർക്കാർ അംഗീകരിച്ച തസ്തിക 74 മാത്രം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com