ADVERTISEMENT

ന്യൂഡൽഹി ∙ പുതുതായി ആരംഭിച്ച 4 വർഷ ബിരുദ കോഴ്സുകളിൽ (എഫ്‌വൈയുപി) അവസാന സെമസ്റ്ററിൽ മാത്രമായിരിക്കും ഗവേഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കു കയെന്നു യുജിസി.

ബിരുദ കോഴ്സുകളിലെ ഇന്റേൺഷിപ്/ഗവേഷണ പ്രവർത്തനവുമായി ബന്ധപ്പെട്ടു പ്രസിദ്ധീകരിച്ച കരടു മാർഗരേഖയിലാണ് ഈ നിർദേശം. 4 വർഷ കോഴ്സുകളിൽ അവസാന 12 മാസം ഗവേഷണത്തിനു പ്രാധാന്യം നൽകുമെന്നാണു മുൻപു യുജിസി അറിയിച്ചിരുന്നത്. 

3 വർഷ ബിരുദ കോഴ്സിൽ 120 ക്രെഡിറ്റും 4 വർഷ കോഴ്സിൽ 160 ക്രെഡിറ്റുമാണ് ആകെയുള്ളത്. ഇതിൽ 2–4 ക്രെഡിറ്റുകൾ ഇന്റേൺഷിപ്പിനുള്ളതാണ്. നാലാമത്തെ സെമസ്റ്ററിനു ശേഷം 60–120 മണിക്കൂർ ദൈർഘ്യമുള്ള ഇന്റേൺഷിപ് നിർബന്ധമാണെന്നു പുതിയ കരടിൽ പറയുന്നു. ബിരുദ കോഴ്സിന്റെ ആദ്യ 2 വർഷങ്ങളിൽ 10 ആഴ്ച നീളുന്ന ഇന്റേൺഷിപ് ചെയ്യണമെന്ന നിർദേശം കഴിഞ്ഞവർഷം മേയിൽ പ്രസിദ്ധീകരിച്ച ആദ്യ കരടിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, പുതിയ കരടിൽ ഇക്കാര്യം പരാമർശിക്കുന്നില്ല. 

4 വർഷ ബിരുദ കോഴ്സിൽ 12 ക്രെഡിറ്റാണു ഗവേഷണത്തിനുള്ളത്. അവസാന സെമസ്റ്ററിൽ (8–ാം സെമസ്റ്റർ) ഇതിനുള്ള പ്രവർത്തനങ്ങളിൽ സജീവമാകണമെന്നും 360 മണിക്കൂർ ദൈർഘ്യമുള്ള പഠനപ്രവർത്തനങ്ങളിൽ ഭാഗമാകണമെന്നുമാണു നിർദേശം. അവസാന വർഷം ആഴ്ചയിൽ 45 മണിക്കൂറെങ്കിലും ഗവേഷണത്തിനു വേണ്ടി മാറ്റിവച്ചാൽ മാത്രമേ ഒരു ക്രെഡിറ്റ് ലഭിക്കൂവെന്നായിരുന്നു പഴയ മാർഗരേഖയിലെ നിർദേശം. 10 ക്രെഡിറ്റ് സ്വന്തമാക്കാൻ 450 മണിക്കൂർ മാറ്റിവയ്ക്കേണ്ടിയിരുന്നു. 

പുതിയ കരടിലുള്ള അഭിപ്രായങ്ങൾ നവംബർ 12 വരെ അറിയിക്കാം. ഇതിനു ശേഷം അന്തിമ മാർഗരേഖ പ്രസിദ്ധീകരിക്കും. വിവരങ്ങൾക്ക്: https://www.ugc. gov.in/. ഇമെയിൽ: feedback. ugcgui dclines@pmail.com. 

ഇന്റേൺഷിപ് കാര്യങ്ങൾക്ക് നോഡൽ ഓഫിസർ

എല്ലാ യൂണിവേഴ്സിറ്റികളും റിസർച് ആൻഡ് ഡവലപ്മെന്റ് സെല്ലിൽനിന്നുള്ള ഒരാളെ ഇന്റേൺഷിപ് കാര്യങ്ങൾ ഏകോപിപ്പിക്കാൻ നോഡൽ ഓഫിസറായി നിയോഗിക്കണമെന്നും കരടു മാർഗരേഖയിൽ നിർദേശമുണ്ട്.

വിവിധ ഗവേഷണ ലാബുകൾ, കമ്പനികൾ, സർക്കാർ ഓഫിസുകൾ എന്നിവരുമായി ബന്ധപ്പെട്ട് ഇന്റേൺഷിപ് ക്രമീകരണം ഒരുക്കേണ്ട ചുമതല നോഡൽ ഓഫിസർക്കായിരിക്കും. വിദ്യാർഥികളുടെ ഇന്റേൺഷിപ് പ്രവർത്തനങ്ങൾ പരിശോധിക്കാനും വിലയിരുത്താനും സൂപ്പർവൈസർമാരെ സ്ഥാപനങ്ങൾ നിയോഗിക്കണം.

സ്ഥാപനങ്ങൾക്ക് ഇന്റേൺഷിപ് പോർട്ടലും തയാറാക്കാം. ഇന്റേൺഷിപ് അടിസ്ഥാനമാക്കി വിദ്യാർഥികൾ സെമിനാർ ക്രമീകരിക്കണമെന്നും സ്ഥാപനത്തിനു പുറത്തുനിന്നുള്ളയാളും ഇതു വിലയിരുത്താൻ എത്തണമെന്നും നിർദേശിക്കുന്നു.

Content Summary:

New UGC Guidelines for Undergraduate Courses Focus on Research in Final Semester

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com