‘വൈവിധ്യങ്ങളുടെ ഇടമാകണം സ്കൂൾ’ : എൻസിഇആർടി മാർഗരേഖ
Mail This Article
ന്യൂഡൽഹി∙ സ്കൂളുകൾ വൈവിധ്യങ്ങളുടെ ആഘോഷത്തിന്റെ ഇടമായി മാറണമെന്നു കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. ഇതിന്റെ ഭാഗമായി കരട് മാർഗരേഖ പുറത്തിറക്കി. സാമ്പത്തിക–സാമൂഹിക–ആരോഗ്യ വേർതിരിവുകളും അസമത്വങ്ങളും ഇല്ലാതെ എല്ലാവരെയും സ്വീകരിക്കുന്ന ഇടമായി ക്ലാസ്മുറികൾ മാറണമെന്നും ഇതിനു വേണ്ടി അധ്യാപകർക്കു പ്രത്യേക പരിശീലനം നൽകണമെന്നും എൻസിഇആർടിയും ഡിപ്പാർട്മെന്റ് ഓഫ് എജ്യുക്കേഷൻ ഓഫ് ഗ്രൂപ്പ്സ് വിത്ത് സ്പെഷൽ നീഡ്സും ചേർന്നു തയാറാക്കിയ കരട് ചട്ടക്കൂടിൽ പറയുന്നു.
വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുള്ള വിദ്യാർഥികളുടെ പഠനാവശ്യങ്ങൾ നിറവേറ്റാൻ അധ്യാപകരെ പരിശീലിപ്പിക്കണമെന്നു മാർഗരേഖയിൽ നിർദേശിക്കുന്നു. ചില പ്രത്യേക വിഭാഗങ്ങളിൽനിന്നുള്ളവർക്കു മാത്രം പല അവസരങ്ങളും ലഭിക്കുന്നതിനെത്തുടർന്നു പലരും തഴയപ്പെടുന്നതായി മാർഗരേഖയിൽ പറയുന്നു. പ്രാദേശികമായ അധ്യാപകരുടെ അഭാവം, പ്രാദേശിക ഭാഷകളിൽ പരിശീലനം നൽകാൻ സാധിക്കാത്ത സ്ഥിതി, ലാബുകളുടെയും ലൈബ്രറികളുടെയും കുറവ്, സ്കോളർഷിപ് വിതരണത്തിലുള്ള തടസ്സം തുടങ്ങിയവ വെല്ലുവിളികളാണ്.
വിദ്യാർഥികളുടെ ചുറ്റുപാടുകൾ മനസ്സിലാക്കാൻ അവസരമൊരുക്കുക, ആവശ്യമെങ്കിൽ വിദ്യാർഥികൾക്കും കുടുംബത്തിനും കൗൺസലിങ് ഒരുക്കുക, സ്കൂളുകളിൽ മുഴുവൻസമയ സൈക്കോളജിസ്റ്റുകളെ നിയോഗിക്കുക, പെൺകുട്ടികൾക്കും ട്രാൻസ്ജെൻഡർ വിഭാഗത്തിലുള്ളവർക്കും പ്രത്യേക ധനസഹായം നൽകുക, ഹോം ലേണിങ് ഉൾപ്പെടെയുള്ള സമാന്തര പഠനമാർഗങ്ങൾ ആവിഷ്കരിക്കുക തുടങ്ങിയ നിർദേശങ്ങളും കരടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.