നടന്നാൽ വീഴും പ്രായത്തിൽ ‘പമ്പാഗണപതി’ ഡാൻസ്: ചേച്ചിക്കൊപ്പം കൊച്ചുമിടുക്കിയും തിരക്കിലാണ്
Mail This Article
നടന്നാൽ വീഴുന്ന കുഞ്ഞുപ്രായത്തിൽ ക്ലാസിക്കൽ ഡാൻസ് കളിച്ച് വൈറലായ കൊച്ചുമിടുക്കിയാണ് സമിഷ. ചേച്ചി സാൻവികയുടെ ഡാൻസ് കണ്ട് അതേപടി പഠിച്ച് അവതരിപ്പിച്ച കുഞ്ഞിനെ പ്രമുഖ താരങ്ങൾ ഉൾപ്പെടെ അദ്ഭുതത്തോടെയാണ് നോക്കിയത്. നാട്ടിലെ ചെറിയ വേദികളിൽ കളിച്ചുകൊണ്ടിരുന്ന സഹോദരിമാർ ടെലിവിഷൻ പരിപാടിയിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കുകയായിരുന്നു. ഇപ്പോൾ ഇരുവരും വിവിധ പരിപാടികളിൽ തിരക്കിലാണ്. ചെറിയ സമയം കൊണ്ട് മക്കൾ സെലിബ്രിറ്റികളായി മാറിയതിന്റെ സന്തോഷം സുരേഷ്–സുനിത ദമ്പതികൾക്കുണ്ട്. സാൻവികയുടെയും സമിഷയുടെയും ആഗ്രഹങ്ങൾക്കൊപ്പമാണ് തങ്ങളെന്ന് പിതാവ് സുരേഷ് ‘മനോരമ ഓൺലൈനോ’ട് പറഞ്ഞു.
‘‘മൂത്തമകൾ സാൻവികയ്ക്ക് 11 വയസ്സാണ്. അവളുടെ താൽപര്യത്തിനനുസരിച്ചാണ് നൃത്തം പഠിക്കാൻ വിട്ടത്. ഏഴാം വയസ്സ് മുതൽ പഠിക്കുന്നുണ്ട്. മാവൂർ കലാധരണിയിലെ സോന അശ്വിൻ ആണ് ഗുരു. ഇളയവൾ സമിഷയ്ക്ക് മൂന്നേകാൽ വയസ്സാണ്. അങ്കൺവാടിയിൽ പോകുന്നുണ്ട്. സാൻവിക വീട്ടില്‍ പ്രാക്ടീസ് ചെയ്യുന്നത് കണ്ടാണ് സമിഷ നൃത്തം പഠിച്ചത്. സാൻവിക എല്ലാവരോടും പെട്ടെന്നു കൂട്ടാകും. ചെറിയവൾ സൈലന്റാണ്. അധികം സംസാരിക്കാറില്ല. പെട്ടെന്ന് ആരോടും അടുക്കാറുമില്ല.
മക്കളുടെ പേരിൽ യൂട്യൂബ് ചാനലും ഇൻസ്റ്റഗ്രാം അക്കൗണ്ടും ഉണ്ട്. ചെറിയ ഡാൻസ് വിഡിയോകളെല്ലാം അതിൽ പങ്കുവയ്ക്കാറുണ്ട്. മാവൂരിലെ ഒരു ക്ഷേത്രത്തിലാണ് കുട്ടികൾ ആദ്യമായി ‘പമ്പാ ഗണപതി’ എന്ന ഡാൻസ് കളിച്ചത്. അത് സമൂഹമാധ്യമങ്ങളിൽ വൈറലാവുകയായിരുന്നു. ആ വിഡിയോ കണ്ടാണ് മഴവിൽ മനോരമയിലെ കിടിലം പരിപാടിയിലേക്ക് ക്ഷണിച്ചത്. പിന്നീട് എവിടെപ്പോയാലും ആളുകൾ മക്കളെ തിരിച്ചറിഞ്ഞു തുടങ്ങി. ആശംസകൾ അറിയിക്കാനും അവരോടൊപ്പം ഫോട്ടോയെടുക്കാനും ആളുകൾ വരുന്നുണ്ട്. ആദ്യമൊക്കെ കുട്ടികൾക്ക് ഇത് ബുദ്ധിമുട്ടായിരുന്നു. ഇപ്പോൾ കുഴപ്പമില്ല.
നാട്ടിൽ നിരവധി ക്ലബുകള്‍ കുട്ടികളെ അനുമോദിച്ചു. നിരവധി സമ്മാനങ്ങളും ലഭിച്ചു. പലയിടത്തുനിന്നും ചെറിയ പരിപാടികൾക്കൊക്കെ ഇരുവരെയും ക്ഷണിക്കുന്നുണ്ട്.
മാവൂർ സർക്കാർ സ്കൂളിലാണ് സാൻവിക പഠിക്കുന്നത്. അധ്യാപകരെല്ലാവരും മികച്ച പിന്തുണയാണ് നൽകുന്നുണ്ട്. ചാനലുകളിലും മറ്റും പരിപാടികൾക്ക് ക്ഷണിക്കുന്നതിനാൽ ചിലപ്പോൾ ക്ലാസുകൾ മുടങ്ങാറുണ്ട്. എങ്കിലും അധ്യാപകരുടെ സഹകരണത്തോടെ സാൻവിക എല്ലാം പഠിച്ചെടുക്കുന്നുണ്ട്. ജനങ്ങൾ തങ്ങളുടെ മക്കളെ സ്നേഹിക്കുന്നത് കാണുമ്പോൾ ഏറെ സന്തോഷമുണ്ട്–’’ സുരേഷ് പറഞ്ഞു.