ADVERTISEMENT

തിരുവനന്തപുരം ∙ ശിശുദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികളുടെ പ്രധാനമന്ത്രിയെയും പ്രസിഡന്റിനെയും തിരഞ്ഞെടുത്തു. കോഴിക്കോട് പ്രോവിഡൻസ് എൽപിഎസിലെ നാലാം ക്ലാസ് വിദ്യാർഥിനി വി.എസ്.ആത്മികയാണ് കുട്ടികളുടെ പ്രധാനമന്ത്രി.  കോഴിക്കോട് ജില്ലയിലെ തന്നെ ഉള്ളിയേരി എയുപിഎസിലെ ഏഴാം ക്ലാസ് വിദ്യാർഥിനി മിത്ര കിനാത്തിയാണു കുട്ടികളുടെ പ്രസിഡന്റ്. തിരുവനന്തപുരം ഹോളി ഏഞ്ചൽസ് സിബിഎസ്‍സി സ്കൂളിലെ  എസ്.നന്മയാണ് കുട്ടികളുടെ സ്പീക്കർ.

തിരുവനന്തപുരം കാർമൽ ഹയർ സെക്കൻഡറി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനി റബേക്ക മറിയം ചാക്കോ  ശിശുദിന സമ്മേളനത്തിൽ സ്വാഗതവും വയനാട് അടികൊല്ലി ദേവമാതാ എഎൽപിഎസിലെ ജോയൽ ബിനോയ് നന്ദിയും പറയും. ശിശുദിനത്തോടനുബന്ധിച്ച് സർക്കാരും ശിശുക്ഷേമ സമിതിയും ചേർന്ന് 14ന് തലസ്ഥാനത്തു നടത്തുന്ന ശിശുദിന റാലിയും പൊതുസമ്മേളനവും ഇവരാണു നയിക്കുക. 

സംസ്ഥാനതല മലയാളം എൽപി, യുപി പ്രസംഗ മത്സരത്തിലെ ഓരോ വിഭാഗത്തിലെയും ആദ്യ ആറു സ്ഥാനക്കാരിൽ നിന്ന് സ്ക്രീനിങ് വഴിയാണ് ഇത്തവണത്തെ കുട്ടികളുടെ പ്രധാനമന്ത്രിയെയും പ്രസിഡന്റിനെയും മറ്റും  തിരഞ്ഞെടുത്തതെന്ന്  സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺ ഗോപി അറിയിച്ചു. 

തിരുവനന്തപുരം ജഗതി ഈശ്വരവിലാസം മാധവത്തിൽ ശ്രീകുമാർ (ഐടി ഉദ്യോഗസ്ഥൻ)– ഡോ.എസ്. ദിവ്യ ദമ്പതികളുടെ മകളാണ് നന്മ. 

തിരുവനന്തപുരം അമ്പലത്തറ അശ്വതി ഗാർഡൻസിൽ അനിൽ ചാക്കോ(എൻജിനീയർ, ബിഎസ്എൻഎൽ എൻജിനീയർ)–മിനു പത്രോസ്(ടൗൺ പ്ലാനിങ് വകുപ്പ്) ദമ്പതികളുടെ ഇളയ മകളാണ് റബേക്ക. 

നവംബർ 14 ന് രാവിലെ തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നിന്നാരംഭിച്ച് കനകക്കുന്നിൽ അവസാനിക്കുന്ന ശിശുദിന റാലിയിൽ കാൽലക്ഷം പേർ പങ്കെടുക്കുമെന്നു ശിശുക്ഷേമ സമിതി ഭാരവാഹികൾ അറിയിച്ചു. തുടർന്നു നിശാഗന്ധിയിൽ നടക്കുന്ന കുട്ടികളുടെ പൊതു സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാരും പങ്കെടുക്കും.  2023ലെ ശിശുദിന സ്റ്റാംപിന്റെ പ്രകാശനവും നടക്കും.

Content Summary:

Exciting Lineup of Young Leaders for Children's Day Celebrations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com