ADVERTISEMENT

പുതിയ തലമുറയിലെ കുട്ടികളുടെ അതിരുവിട്ട പെരുമാറ്റത്തെ ശകാരം കൊണ്ടോ പൊട്ടിത്തെറി കൊണ്ടോ നേരിട്ടിട്ട് യാതൊരു കാര്യവുമില്ലെന്നും അതേ നാണയത്തിൽ തിരിച്ചു മറുപടി കൊടുത്താലേ അവർ ആ തെറ്റ് ആവർത്തിക്കാതിരിക്കൂവെന്നും കാട്ടിത്തരുന്ന ഒരു വിഡിയോയാണ് വെർച്വൽ ലോകത്ത് തരംഗമായിരിക്കുന്നത്.

രക്ഷിത സിങ് എന്ന ഇൻസ്റ്റഗ്രാം പേജിൽ ഒരു അധ്യാപിക പങ്കുവച്ച വിഡിയോയാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. ബയോളജി അധ്യാപികയായ തന്നോട് കൗമാരക്കാരനായ വിദ്യാർഥി ചോദിച്ച അശ്ലീലച്ചുവയുള്ള ചോദ്യത്തെക്കുറിച്ചും അതിനു താൻ നൽകിയ  മറുപടിയെക്കുറിച്ചുമാണ് വിഡിയോയിൽ അധ്യാപിക പറയുന്നത്. ഓൺലൈൻ ക്ലാസിനിടെയായിരുന്നു സംഭവമെന്നും അധ്യാപിക വിശദീകരിക്കുന്നു.

ഓൺലൈൻ ക്ലാസിനിടെ വിദ്യാർഥി കമന്റ് ചെയ്ത അശ്ലീലച്ചുവയുള്ള ചോദ്യം ഉറക്കെ വായിച്ചുകൊണ്ടാണ് അധ്യാപിക അവന് മറുപടി നൽകിയത്. അധ്യാപകരുടെ കടമ വിദ്യാർഥികളെ പഠിപ്പിക്കുക എന്നതു മാത്രമല്ലെന്നും മറിച്ച് അവരെ കുറച്ചു കൂടി നല്ല മനുഷ്യരാക്കി മാറ്റുക എന്നതാണെന്നും അവർ പറയുന്നു. 17, 18 വയസ്സുള്ള കുട്ടികൾക്ക് മാന്യമായി എങ്ങനെ പെരുമാറണമെന്ന് പഠിപ്പിച്ചു കൊടുക്കേണ്ടതില്ല. അധ്യാപകരുൾപ്പടെയുള്ള സമൂഹത്തോട് പെരുമാറേണ്ടതെങ്ങനെയെന്ന അടിസ്ഥാന പാഠം അവർക്കറിയേണ്ടതാണ്. നാലുവർഷത്തെ ഓൺലൈൻ അധ്യാപനത്തിനിടെ ഇത്തരം കമന്റുകൾക്ക് മറുപടി നൽകാറില്ലായിരുന്നു. അധ്യാപികമാർ ഇത്തരം അപമാനം ഇനി സഹിക്കേണ്ടതില്ലെന്നും ഇത്തരത്തിൽ അപമാനിക്കപ്പെടുന്ന മറ്റ് അധ്യാപികമാർക്ക് പ്രതികരിക്കാനുള്ള പ്രേരണയാകാൻ വേണ്ടിയാണ് ഇപ്പോൾ പ്രതികരിക്കുന്നതെന്നും അധ്യാപിക പറയുന്നു.

കുർത്തി ധരിച്ചു കൊണ്ടായിരുന്നു താൻ ക്ലാസെടുത്തിരുന്നത്. അല്ലായിരുന്നെങ്കിൽ തന്റെ വസ്ത്രധാരണത്തിന്റെ പ്രശ്നം കൊണ്ടാണ് വിദ്യാർഥി അങ്ങനെ സംസാരിച്ചതെന്ന് ചിലരെങ്കിലും അഭിപ്രായപ്പെടുമായിരുന്നു. അധ്യാപനത്തിന്റെ ആദ്യകാലത്തൊക്കെ വഷളൻ കമന്റ് കേട്ട് ഒരുപാട് കരഞ്ഞിട്ടുണ്ട്. പ്രായം നൽകിയ പക്വതകൊണ്ട് ഇപ്പോൾ ഇത്തരക്കാരോട് അവരുടെ ഭാഷയിൽത്തന്നെ മറുപടി പറയാൻ പഠിച്ചെന്നും അധ്യാപിക പറയുന്നു.

ചെറുപ്പക്കാരായ അധ്യാപകർ ഇതുപോലെയുള്ള മോശം അനുഭവങ്ങളിലൂടെ കടന്നു പോകാറുണ്ടെന്നും ഇതുപോലെ ധൈര്യപൂർവം പ്രതികരിക്കുന്നവർ കുറവാണെന്നും പറഞ്ഞ് നിരവധി അധ്യാപകരാണ് ഈ അധ്യാപികയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ട് വിഡിയോയ്ക്കു താഴെ കമന്റ് നൽകിയിരിക്കുന്നത്. അധ്യാപകരുടെ പ്രശ്നങ്ങളെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ ഇത്തരം കാര്യങ്ങളും പരിഗണക്കണമെന്നാണ് ഭൂരിപക്ഷത്തിന്റെയും അഭിപ്രായം.

Content Summary:

Brave Teacher Takes Stand Against Student Insults During Online Class

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com