ADVERTISEMENT

വിദേശ സർവകലാശാലകൾക്ക് ഇന്ത്യയിൽ ക്യാംപസ് തുറക്കാനുള്ള അന്തിമ മാനദണ്ഡങ്ങൾ യുജിസി വിജ്ഞാപനം ചെയ്തു. വിദേശത്തുള്ള പ്രധാന സർവകലാശാലയുടെ നിലവാരത്തിൽ തന്നെയുള്ള കോഴ്സും അടിസ്ഥാന സൗകര്യങ്ങളും ഇന്ത്യയിലെ ക്യാംപസിലും ലഭ്യമാക്കണമെന്നും ദേശീയ വിദ്യാഭ്യാസ നയത്തിലെ നിർദേശങ്ങൾ അനുസരിച്ചുള്ള ഉന്നതവിദ്യാഭ്യാസം സജ്ജീകരിക്കണമെന്നും മാനദണ്ഡങ്ങളിൽ വ്യക്തമാക്കുന്നു. 

മാർഗരേഖയുടെ കരട് ജനുവരിയിൽ പ്രസിദ്ധീകരിച്ചിരുന്നെങ്കിലും അന്തിമ വിജ്ഞാപനം വൈകുന്നതിൽ പലരും ആശങ്ക അറിയിച്ചിരുന്നു. ഓസ്ട്രേലിയയിലെ ഡീകിൻ യൂണിവേഴ്സിറ്റി അടുത്ത അധ്യയനവർഷം ക്ലാസ് ആരംഭിക്കാനുള്ള നടപടികൾ ആരംഭിച്ചിരിക്കെയാണ് വിജ്ഞാപനം വരുന്നതെന്നതും ശ്രദ്ധേയം. 

രാജ്യാന്തര റാങ്കിങ്ങിൽ ആദ്യ 500ൽ എങ്കിലും ഉൾപ്പെട്ട സ്ഥാപനങ്ങൾക്കാണ് ഇന്ത്യയിൽ ക്യാംപസ് ആരംഭിക്കാൻ അനുമതി ലഭിക്കുക. പൊതുവിഭാഗത്തിലോ, ഏതെങ്കിലും പ്രത്യേക വിഷയത്തിലോ രാജ്യാന്തരതലത്തിൽ മികച്ച റാങ്കിങ് ഉണ്ടാകണം. ഈ റാങ്കിങ് മാനദണ്ഡം കാലോചിതമായി മാറ്റാനുള്ള അധികാരം യുജിസിക്കുണ്ടാകും. 

വിദേശത്തുനിന്നുള്ള പണം ആവശ്യമുണ്ടെങ്കിൽ എഫ്സിആർഎ ചട്ടങ്ങൾ അനുസരിച്ചു റജിസ്ട്രേഷൻ പൂർത്തിയാക്കണം. സർട്ടിഫിക്കറ്റ്, ഡിപ്ലോമ, ഡിഗ്രി, പിജി, ഗവേഷണ തലത്തിൽ കോഴ്സുകൾ നടത്താനും സർട്ടിഫിക്കറ്റുകൾ നൽകാനും അധികാരമുണ്ടായിരിക്കും.

∙മറ്റു നിർദേശങ്ങൾ

∙ മറ്റു പഠനകേന്ദ്രങ്ങൾ, പ്രമോഷനൽ കേന്ദ്രങ്ങൾ എന്നിവ ആരംഭിക്കാൻ അനുവാദമില്ല. 

∙ പുതിയ കോഴ്സുകൾ ആരംഭിക്കുന്നതിനു മുൻപു യുജിസിയുടെ അനുമതി തേടണം. 

∙ ഓൺലൈൻ, വിദൂരവിദ്യാഭ്യാസ കോഴ്സുകൾ പാടില്ല. അതേസമയം കോഴ്സിന്റെ 10 ശതമാനത്തിൽ കൂടാത്ത ക്ലാസുകൾ ഓൺലൈനായി നടത്താം. 

∙ രണ്ടോ അതിലധികമോ വിദേശസ്ഥാപനങ്ങൾ ചേർന്നും ഇന്ത്യയിൽ ക്യാംപസ് ആരംഭിക്കാം. ഇത്തരത്തിൽ കൈകോർക്കുന്ന സ്ഥാപനങ്ങളെല്ലാം യുജിസിയുടെ റാങ്കിങ് മാനദണ്ഡങ്ങൾ പാലിച്ചിരിക്കണം. 

∙ ഒരു വിദേശ യൂണിവേഴ്സിറ്റിക്ക് ഒന്നിലേറെ ക്യാംപസുകൾ ഇന്ത്യയിൽ ആരംഭിക്കാം. ഓരോ ക്യാംപസിനു വേണ്ടിയും പ്രത്യേക അപേക്ഷ നൽകണം. 

∙ വൺ ടൈം ആപ്ലിക്കേഷൻ ഫീസ് അല്ലാതെ വാർഷിക ഫീസ് യുജിസിക്കു നൽകേണ്ടതില്ല. 

∙ ഇന്ത്യൻ വിദ്യാർഥികൾക്ക് സ്കോളർഷിപ്പുകൾ ലഭ്യമാക്കണം. 

∙ സ്ഥാപനത്തിന് അനുമതി നൽകി യുജിസി നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ച ശേഷമേ വിദ്യാർഥികളെ പ്രവേശിപ്പിക്കാനും ഫീസ് വാങ്ങാനും പാടുള്ളൂ.

ഡീകിൻ ക്യാംപസിൽ 2 പിജി കോഴ്സ്

ന്യൂഡൽഹി ∙ ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിൽ പ്രവർത്തനമാരംഭിക്കുന്ന ഓസ്ട്രേലിയയിലെ ഡീകിൻ യൂണിവേഴ്സി ക്യാംപസിൽ വരുന്ന ജൂലൈയിൽ ക്ലാസ് ആരംഭിക്കും. ആദ്യഘട്ടത്തിൽ 2 പിജി കോഴ്സുകളുണ്ടാകും. 10.7 ലക്ഷം രൂപയായിരിക്കും വാർഷിക ഫീസ്. 

25,000 ചതുരശ്രയടി വിസ്തീർണമുള്ള ക്യാംപസ് ജനുവരിയിൽ ഉദ്ഘാടനം ചെയ്യും. മാർച്ച് 31 വരെ കോഴ്സുകൾക്ക് അപേക്ഷ നൽകാം. സൈബർ സെക്യൂരിറ്റി (പ്രഫഷനൽ), ബിസിനസ് അനലിസ്റ്റ് കോഴ്സുകളാണു സർവകലാശാല വാഗ്ദാനം ചെയ്യുന്നത്. ഓസ്ട്രേലിയയിൽ പഠനത്തിനു നൽകേണ്ടതിന്റെ പാതി മാത്രമാണ് ഇന്ത്യൻ ക്യാംപസിലെ വാർഷിക ഫീസ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com