ADVERTISEMENT

എത്ര അടി കിട്ടിയാണു നമ്മളൊക്കെ വളർന്നത്. സ്കൂളിൽ കിട്ടിയ തല്ലിനെപ്പറ്റി വീട്ടിൽ പറഞ്ഞാൽ വീണ്ടും തല്ലു കിട്ടുമെന്നു ചിന്തിച്ചിരുന്ന കാലം. ചന്തിക്കു കിട്ടിയിരുന്ന സൂപ്പർ പെടയുടെ നൊമ്പരത്തിന്റെ ഓർമ പലർക്കുമുണ്ടാകും. ചൂരൽ കൊണ്ടു തുടയിൽ കിട്ടിയ അടിയുടെ പാട് വീട്ടുകാർ കാണാതിരിക്കാൻ നിക്കർ താഴേക്കു വലിച്ചിട്ട് ഒളിപ്പിച്ചു നടന്ന വൈകുന്നേരങ്ങൾ. ഇപ്പോൾ ഓർക്കുമ്പോൾ സ്നേഹ നോവുകളും ഉത്തേജകങ്ങളുമാണ് ആ തല്ലുകൾ. ഇപ്പോഴത്തെ കുട്ടികൾക്ക് ഈർക്കിൽ കൊണ്ടൊരു തല്ലു കിട്ടിയാലോ ഉറക്കെയൊന്നു വഴക്കു പറഞ്ഞാലോ സഹിക്കാൻ കഴിയാതായിരിക്കുന്നു. അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല, കാലം മാറി, ചിന്താഗതികളും. കുട്ടികളെ അധ്യാപകർ തല്ലുന്നത് അവരുടെ നന്മയ്ക്കാണെന്നു ചിന്തിച്ചിരുന്ന രക്ഷാകർത്താക്കളുടെയും അനാവശ്യമായി കുട്ടികളെ നൊമ്പരപ്പെടുത്താൻ ആഗ്രഹിക്കാതെ തെറ്റുതിരുത്തുന്ന നല്ല അധ്യാപകരുടെയും എണ്ണം കുറയുകയാണോ?

ചൊല്ലും ചോറും തന്നെ വേണം

ചെറിയൊരു നൊമ്പരവും അവഗണനയും പോലും സഹിക്കാനാകാതെ കുട്ടികൾ അഴലിന്റെ ആഴങ്ങളിലേക്കു വീണുപോകുന്ന അവസ്ഥയ്ക്കു നമുക്ക് കൂട്ടുത്തരവാദിത്തം ഉണ്ടെന്നതിൽ തർക്കമില്ല. പോസിറ്റീവായി കാര്യങ്ങളെ സമീപിക്കാൻ രക്ഷകർത്താക്കളും അധ്യാപകരും പഠിക്കണം ചൊല്ലും ചോറും എന്ന പഴമൊഴി തന്നെയാണ് അനുകരണീയം. വഴക്കു പറഞ്ഞത് എന്തിനാണെന്നു കുട്ടിയെ ബോധ്യപ്പെടുത്താൻ കഴിയണം. തെറ്റു തിരുത്താൻ അവരെ സഹായിക്കുന്നതാകണം അത്. അല്ലെങ്കിൽ അവർ വഴിതെറ്റിപ്പോകും എന്നതിൽ തർക്കമില്ല. അങ്ങനെ വഴിതെറ്റിപ്പോയവർക്കു പശ്ചാത്താപം തോന്നുമ്പോൾ, ജീവിതം അവസാനിപ്പിക്കുക എന്ന ക്രൂരമായി ചിന്തയിലേക്ക് എത്തിച്ചേരും. നല്ലതിനെ നല്ലതായും ചീത്തയെ ചീത്തയായും കരുതി മുന്നേറാൻ നമ്മുടെ മക്കൾക്കു നല്ലപാഠം പകരണം. മക്കളുടെ എല്ലാ ആവശ്യങ്ങളും നടത്തിക്കൊടുക്കുന്നതാണു നല്ല പേരന്റിങ് എന്ന ചിന്ത വേണ്ട. അവരുടെ ഒരാവശ്യം വേണ്ടെന്നു രക്ഷകർത്താവ് പറയുമ്പോൾ, അതിന്റെ കാരണംകൂടി കുട്ടികൾക്കു മനസ്സിലാക്കിക്കൊടുക്കണം.

താരതമ്യം ഒഴിവാക്കണം

വിദ്യാർഥികളിൽ ആത്മഹത്യയില്ലെന്നും അങ്ങനെ അവർ ചെയ്യില്ലെന്നുമുള്ള ചിന്ത ആദ്യം മാറണം. ജീവനൊടുക്കിയ വിദ്യാർഥികളുടെ എണ്ണത്തേക്കാൾ എത്രയോ കൂടുതലാണ് ആത്മഹത്യ പ്രവണതയുള്ളവരും ആത്മഹത്യയ്ക്കു ശ്രമിച്ചു പരാജയപ്പെട്ടവരുമായ വിദ്യാർഥികളുടെ എണ്ണമെന്നു തിരിച്ചറിയണം. കുട്ടികളുടെ ആത്മഹത്യയ്ക്ക് പല കാരണങ്ങളുണ്ടാകാം. രക്ഷിതാക്കളും അധ്യാപകരും മനസ്സിലാക്കേണ്ട പ്രധാന കാര്യം, ഓരോ വിദ്യാർഥിയും വ്യത്യസ്തരാണ്, ഓരോ വ്യക്തിയാണ് എന്നതാണ്. അവരുടെ സാഹചര്യങ്ങളും വൈകാരിക അവസ്ഥകളും ഭിന്നമായിരിക്കും. അതിനാൽ അവരെ മറ്റൊരാളുമായി താരതമ്യം ചെയ്യുന്നതു ശരിയല്ല.

വിദ്യാർഥിയുടെ മാനസിക, സാമൂഹിക അവസ്ഥ മനസ്സിലാക്കുക എന്നതു പ്രധാനമാണ്. ദുർഘടമായ അന്തരീക്ഷത്തിൽ വളരുന്ന കുഞ്ഞുങ്ങളിൽ മാനസിക സമ്മർദം കൂടുതലാണ്. സാമ്പത്തിക ബുദ്ധിമുട്ടുള്ള വീടുകൾ, സ്ഥിരം കലഹമുള്ള വീടുകൾ, ശാരീരികവും മാനസികവുമായ പീഡനം, ലഹരി ഉപയോഗിക്കുന്ന മാതാപിതാക്കൾ, കുടുംബത്തിൽ ആരെങ്കിലും ആത്മഹത്യയ്ക്ക് ശ്രമിക്കുകയോ, ആത്മഹത്യ ചെയ്യുകയോ ചെയ്തിട്ടുള്ളവർ, ലഹരി ഉപയോഗിക്കുന്ന കുട്ടികൾ തുടങ്ങി വ്യത്യസ്തമായ കാരണങ്ങൾ ഉണ്ടാകാം. ഓരോ വിഭാഗത്തിലുള്ളവരെയും പ്രത്യേകം പരിഗണിച്ചു വേണം കാര്യങ്ങൾ വിശകലനം ചെയ്യാനും പരിഹാരം കാണാനും. വ്യത്യസ്തമായ കാരണങ്ങൾ ഉണ്ടെങ്കിലും അവയെല്ലാം പരസ്പര പൂരകങ്ങളാണെന്ന ചിന്ത പ്രശ്നപരിഹാരത്തിനു തുനിയുന്നവരുടെ മനസ്സിലുയരണം.

mobile-addiction
Representative Image. Photo Credit : Miljko / iShutterstock.com

മൊബൈൽ വില്ലനാകുന്നു

പ്രായം ഏതായാലും വളരെ ശ്രദ്ധയോടെയും നിയന്ത്രിതമായും ഉപയോഗിക്കേണ്ട ഒന്നാണ് മൊബൈൽ ഫോൺ. പക്വതയെത്താത്ത പ്രായത്തിൽ മൊബൈൽ ഫോണും ഇന്റർനെറ്റും നിയന്ത്രണമില്ലാതെ ലഭിക്കുന്നതു കുട്ടികളെ തെറ്റായ വഴിയിലേക്കു നയിക്കുന്നുണ്ട്. ഉദ്ദേശിച്ചതുപോലെ ജീവിതം മുന്നോട്ടു പോകുന്നില്ല എന്ന തോന്നലാണു പലപ്പോഴും ആത്മഹത്യയിലേക്കു നയിക്കുന്നത്. മനസ്സിന്റെ ചെറിയ താളപ്പിഴകൾ ജീവൻ തന്നെ ഇല്ലാതാക്കുന്നതിലേക്കു നയിക്കും 

ചേർത്തു നിർത്താം

സാമൂഹികമായ ഒറ്റപ്പെടുത്തലും അപമാനവും ആത്മഹത്യാപ്രവണത വർധിപ്പിക്കും എന്നതിൽ തർക്കമില്ല. പ്രതികൂല സാഹചര്യങ്ങൾ വിദ്യാർഥികളിൽ മാനസിക സമ്മർദം വർധിപ്പിക്കും. നീണ്ടു നിൽക്കുന്ന വിഷാദം, മുൻപു ചെയ്ത കാര്യങ്ങളിൽ താൽപര്യമില്ലായ്മ, പഠനത്തിൽ താൽപര്യക്കുറവ്, വിശപ്പില്ലായ്മ, ഉറക്കക്കുറവ് തുടങ്ങിയവ വിഷാദത്തിന്റെ ലക്ഷണങ്ങളാവാം. കുട്ടികളുടെ പെരുമാറ്റത്തിൽ ഉണ്ടാകുന്ന വ്യത്യാസങ്ങൾ, കരച്ചിൽ, പഠനത്തിൽ ശ്രദ്ധിക്കാൻ കഴിയാതിരിക്കുക, ഭാവിയെക്കുറിച്ച് പ്രതീക്ഷയില്ല എന്ന രീതിയിലുള്ള സംസാരം, സ്ഥിരമായി മരണത്തെക്കുറിച്ച് സംസാരിക്കുക, പ്രിയപ്പെട്ട വസ്തുക്കൾ മറ്റുള്ളവർക്കു നൽകുക, ക്ഷമാപണം നടത്തുക, ആത്മഹത്യക്കുറിപ്പ് എന്നു തോന്നുന്ന വിധത്തിലുള്ള നിരാശ കലർന്ന വാചകങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുക, പതിവില്ലാത്ത ദേഷ്യം എന്നിവയൊന്നും അവഗണിക്കരുത്.

student-counselling
Representative Image. Photo Credit: VH-studio/Shutterstock

കൗൺസലിങ് സ്കൂളുകളിൽ അനിവാര്യം

മാതാപിതാക്കളെക്കാൾ അധ്യാപകരാണ് കുട്ടികളെ പകൽ സമയം കൂടുതൽ നേരം കാണുന്നത്. വിദ്യാർഥികളുടെ പല തരത്തിലുള്ള പ്രയാസങ്ങൾ മനസ്സിലാക്കാനും അവരോട് കൂടുതൽ ഇടപെടാനും അധ്യാപകർക്കു കഴിയും. കുട്ടികളുടെ പ്രശ്നങ്ങൾ കൃത്യമായി മനസ്സിലാക്കാൻ എല്ലാ സ്കൂളുകളിലും പ്രത്യേക സമിതി കാര്യക്ഷമമായി പ്രവർത്തിക്കണം. കൗൺസലിങ് സ്കൂളുകളിൽ നിർബന്ധമാക്കണം. മൂന്നു മാസത്തിലൊരിക്കലെങ്കിലും കൗൺസലിങ് ക്ലാസുകൾ ക്രമീകരിക്കണം. ആത്മഹത്യയെക്കുറിച്ചു സംസാരിച്ചാൽ താൻ ഒറ്റപ്പെടുമോ എന്ന ഭയം മൂലം കുട്ടികൾ കാര്യങ്ങൾ തുറന്നു പറയാതിരിക്കാം. അതുകൊണ്ടുതന്നെ കാര്യങ്ങൾ തുറന്നു പറയാനുള്ള സാഹചര്യം ഒരുക്കുക എന്നതാണ് അധ്യാപകരും മാതാപിതാക്കളും പ്രധാനമായും ചെയ്യേണ്ടത്. കുറ്റപ്പെടുത്തലും കളിയാക്കലും ഒഴിവാക്കുക. സ്കൂളുകൾ കേന്ദ്രീകരിച്ച് മാനസികാരോഗ്യത്തെക്കുറിച്ചു കുട്ടികൾക്ക് അവബോധം നൽകുന്ന പരിപാടികൾ ഒരുക്കണം. പ്രശ്നങ്ങൾ തുറന്നു പറയാം, സ്വകാര്യത ഉറപ്പുവരുത്തും, കുറ്റബോധം തോന്നേണ്ടതില്ല എന്നീ കാര്യങ്ങൾ കുട്ടികളെ ബോധ്യപ്പെടുത്തണം.

അധ്യാപകരേ, നിങ്ങൾക്കു കഴിയും

പ്രിയപ്പെട്ട അധ്യാപകരേ, നിങ്ങൾക്ക് കുട്ടികളിലെ ആത്മഹത്യ പ്രവണത കുറയ്ക്കാൻ സാധിക്കും. ഒരു പരാജയം ഒന്നിന്റെയും അവസാനമല്ലെന്ന് അവരെ ബോധ്യപ്പെടുത്താൻ നിങ്ങൾക്കു കഴിയും. അതിനായി കാലത്തിന്റെ മാറ്റത്തിനനുസരിച്ചു മാറാൻ അധ്യാപകർ തയാറാകണം. വടിയെടുത്തും വഴക്കു പറഞ്ഞു പേടിപ്പിക്കുന്ന കാലമല്ല. സമചിത്തതയോടെ കാര്യങ്ങളെ സമീപിക്കുന്ന നല്ല അധ്യാപകരായി മാറണം. വടിയല്ല, മറിച്ചു തേൻ ചാലിച്ച വാക്കുകൾക്കു വലിയ ശക്തിയുണ്ടെന്നു തിരിച്ചറിയണം. വിദ്യാർഥിയെ കരുതുകയും നല്ലവണ്ണം പഠിപ്പിക്കുകയും ചെയ്യുന്ന അധ്യാപകർ ഉദിച്ചുയരണം. 

teacher-with-students
Representative image. Photo Credit : triloks/iStock

കാലം മാറി എന്നു വിശ്വസിച്ചു കോലം കെട്ടുന്നതല്ല അധ്യാപനം. അതൊരു പവിത്രമായ കർമമാണ്. വിജയത്തിനൊപ്പം വിവേകവും പകർന്നു നൽകേണ്ട വലിയൊരു ത്യാഗം. ആ ത്യാഗം ഏറ്റെടുക്കാൻ പൂർണ മനസ്സ് ഉള്ളവർ മാത്രമേ ഈ കർമത്തിന് ഇറങ്ങാവൂ. ടൈം പാസ് ആയി എത്തുന്നവർക്കു പലപ്പോഴും പാഠത്തിനൊപ്പം പക്വതയും തിരിച്ചറിവും കുട്ടികൾക്കു നൽകാൻ കഴിയാതെ പോകാറുണ്ട്. നമ്മുടെ ദൗർബല്യങ്ങളും സങ്കടങ്ങളും വികലമായി ഇറക്കിവയ്ക്കാനുള്ള ഇടമല്ല കുട്ടികളുടെ മനസ്സ്. അവരുടെ മനസ്സാകുന്ന ക്യാൻവാസിൽ അധ്യാപകർ ചാലിക്കുന്ന വർണ്ണക്കൂട്ട് അവരിൽ മഴവില്ലിന്റെ മനോഹര ചിത്രങ്ങളായി തെളിയണം. മങ്ങിയ ചിത്രങ്ങളല്ല, തെളിമയുള്ള ജീവിത വർണക്കൂട്ടുകളാണ് ഒരുക്കേണ്ടത്.

സമയം കണ്ടെത്തണം, മക്കളോടു സംസാരിക്കാൻ

ജോലിത്തിരക്കിനിടയിൽ പലപ്പോഴും കുട്ടികളോടു സംസാരിക്കാൻ മാതാപിതാക്കൾക്കു സമയം കിട്ടാറില്ല. സമയമില്ലാത്ത മാതാപിതാക്കളേ, ഓർക്കുക, നിങ്ങൾക്കു സമയമില്ലെങ്കിൽ അവരുടെ വാക്കുകൾ കേൾക്കാൻ കാത്തിരിക്കുന്ന ചതിയിടങ്ങളിലേക്ക് അവർ ആകർഷിക്കപ്പെട്ടേക്കാം, അവസാനം ജീവിതത്തുടിപ്പ് സ്വയം ഇല്ലാതാക്കുന്ന ദുരന്തഗർത്തത്തിലേക്ക് അവർ വീണു പോയേക്കാം. അതിനാൽ സമയം കണ്ടെത്തിയേ പറ്റൂ. പരീക്ഷയുടെ മാർക്ക് ലഭിക്കുമ്പോൾ മക്കളെ ചാടിക്കടിച്ചു വഴക്കു പറയുന്ന മാതാപിതാക്കളെയല്ല മക്കൾ പ്രതീക്ഷിക്കുന്നത്. ആ ക്രൂരത അവർ ആഗ്രഹിക്കുന്നില്ല. അവരുടെ പ്രശ്നം എന്താണെന്നു മനസ്സിലാക്കാനുള്ള സമയം കണ്ടെത്തണം, അവർക്കായി കരുതുന്ന, അവരെ കേൾക്കുന്ന നിമിഷങ്ങളാണ് അവർ ആഗ്രഹിക്കുന്നത്. ഒരു തെറ്റു കണ്ടാൽ സമചിത്തതയോടെ അതു പരിഹരിക്കാനുള്ള ശ്രമമാണ് ഉണ്ടാകേണ്ടത്. 

quality-time
Representative image. Photo Credit : Deepak Sethi/iStock

നിങ്ങൾ കുട്ടികളോടു സംസാരിക്കുന്നില്ലെങ്കിൽ തീർച്ചയായും അവരുടെ മനസ്സിൽ മറ്റെന്തെങ്കിലും ചിന്തകൾ രൂപപ്പെട്ടുകൊണ്ടിരിക്കും. ദിവസവും മക്കളോടു സംസാരിക്കാനും അവരുടെ വിശേഷങ്ങൾ അറിയാനും സമയം കണ്ടെത്തണം. ആ കൊച്ചുകുസൃതി വർത്തമാനങ്ങൾ കേൾക്കണം. രക്ഷിതാക്കളുമായി ആരോഗ്യകരവും സൗഹാർദ്ദവുമായ ആശയവിനിമയം സാധ്യമാകാത്തതാണു കുട്ടികളിൽ ആത്മഹത്യ പ്രവണത വർധിക്കുന്നതിന് ഒരു കാരണം. സ്കൂളിൽ അധ്യാപകർ വഴക്കു പറഞ്ഞാലോ അടിച്ചാലോ അധ്യാപകരെ കുറ്റപ്പെടുത്തുന്നതിനു പകരം കൃത്യമായി കാര്യങ്ങൾ അന്വേഷിച്ചു മനസ്സിലാക്കി, കുട്ടികളിൽ ഉണ്ടായ തെറ്റ് തിരുത്താനുള്ള ശ്രമമാണു നടത്തേണ്ടത്. അല്ലാതെ, ‘എന്റെ മകന് അല്ലെങ്കിൽ മകൾക്ക് വേദനിച്ചു, അതിനാൽ അധ്യാപകനെ അല്ലെങ്കിൽ അധ്യാപികയെ ഞാൻ കാണിച്ചു കൊടുക്കാം’ എന്നു പറയുന്ന വിരോധത്തിന്റെ ശബ്ദം കുട്ടികളിൽ മറ്റൊരു വിധത്തിലുള്ള വികലമായ സ്വഭാവം വളരുന്നതിന് ഇടയാക്കും. 

അനാവശ്യമായും ക്രൂരമായും കുട്ടികളെ അടിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്ന സംഭവങ്ങളും അത്തരം അധ്യാപകരെയുമല്ല ഇവിടെ ഉദ്ദേശിച്ചത്. അത്തരം പ്രവൃത്തികൾ തീർച്ചയായും ചോദ്യം ചെയ്യപ്പെടുകയും തടയപ്പെടുകയും വേണം. അതേസമയം, നല്ല അധ്യാപകർ സദുദ്ദേശ്യത്തോടെ ചെയ്യുന്ന കാര്യങ്ങൾ തിരിച്ചറിയുവാനും രക്ഷിതാക്കൾക്കു സാധിക്കണം.

അഞ്ചു മിനിറ്റ് ധ്യാനം

ആത്മഹത്യ ഒരു നിമിഷത്തിന്റെ ചപലതയാണ്. അതിൽനിന്നു മോചനം നേടാനുള്ള മാർഗം, ആ നിമിഷത്തെ മറികടക്കുക എന്നതു തന്നെയാണ്. എന്നാൽ അതു സാധ്യമാകുന്ന അവസരം വിരളമാണ്. ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച്, അതു ചെയ്യാൻ ശ്രമിക്കുന്ന നിമിഷത്തിലെത്തുന്ന ഫോൺ വിളി, കതകിലെ ഒരു മുട്ടൽ, ഒരു പിൻവിളി, ഒരു ശുഭചിന്ത ആ നിമിഷത്തിൽനിന്നു മാറാൻ പ്രേരകമാകും അങ്ങനെ ജീവിതത്തിലേക്കു തിരിച്ചുവന്ന പല സംഭവങ്ങളുമുണ്ട്. 

പ്രിയ മക്കളേ, നിങ്ങൾക്ക് ആ ഒരു നിമിഷത്തിന്റെ ചപലത ഉണ്ടാകരുത്. ജീവിതം ഇല്ലാതാക്കണമെന്നു തോന്നുന്ന നിമിഷത്തിൽ മനസ്സിനെ ഏകാഗ്രമാക്കി ഒന്നു മുതൽ അഞ്ചു വരെ എണ്ണാൻ സാധിച്ചാൽ, ഒത്തിരിപ്പേരെ വിഷമിപ്പിക്കുന്ന എല്ലാ അവസാനിപ്പിക്കാം എന്ന ചിന്തയെ തകർക്കാൻ സാധിക്കും. ഏറ്റവും ഇഷ്ടപ്പെടുന്ന വസ്തു, അധ്യാപകൻ, സുഹൃത്ത് എന്നിവരെ ആ നിമിഷം ഓർക്കാൻ കഴിയണം. അങ്ങനെ കഴിയണമെങ്കിൽ ദിവസവും അഞ്ചു മിനിറ്റെങ്കിലും കണ്ണടച്ചു ധ്യാനിക്കാൻ പഠിക്കണം. ആ ധ്യാനം ജീവിതചര്യയാക്കി മാറ്റണം.

English Summary:

Preventing Child Suicide: The Role of Parents and Teachers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com