12–ാം ക്ലാസിനു ശേഷം ബയോളജി/ബയോടെക്നോളജി അധിക വിഷയമായി പഠിച്ചാലും ഇനി നീറ്റ് എഴുതാം

Mail This Article
ന്യൂഡൽഹി ∙ ബയോളജി അധിക വിഷയമായി പഠിച്ചാലും ഇനി മുതൽ ദേശീയ മെഡിക്കൽ പ്രവേശനപരീക്ഷ (നീറ്റ്–യുജി) എഴുതാം. ഇതുമായി ബന്ധപ്പെട്ടു പല കേസുകളും കോടതിയിൽ നിലനിൽക്കുന്ന സാഹചര്യത്തിലാണു ദേശീയ മെഡിക്കൽ കമ്മിഷൻ (എൻഎംസി) തീരുമാനമെടുത്തത്. മേയിൽ നടക്കുന്ന നീറ്റ്–യുജി പരീക്ഷ മുതൽ ഇതു പ്രാബല്യത്തിൽ വരും.
1997ലെ വ്യവസ്ഥകൾ അനുസരിച്ചു ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബയോടെക്നോളജി എന്നീ വിഷയങ്ങളിൽ 2 വർഷം റഗുലറായി 12–ാം ക്ലാസ് പൂർത്തിയാക്കിയവർക്കു മാത്രമായിരുന്നു നീറ്റ് യുജി എഴുതാൻ അർഹത. 12–ാം ക്ലാസിനു ശേഷം ബയോളജി/ബയോടെക്നോളജി അധികമായി പഠിച്ചവർക്കും ഇനി മുതൽ നീറ്റ് പരീക്ഷ എഴുതാനാകും.
പ്രസ്തുത കാരണത്താൽ മുൻപ് അപേക്ഷ നിരസിച്ചവർക്കും ഇനി പരീക്ഷയെഴുതാൻ സാധിക്കും. മുൻപു പരീക്ഷയെഴുതിയിട്ടും ഇതേ കാരണത്താൽ എലിജിബിലിറ്റി സർട്ടിഫിക്കറ്റ് ലഭിക്കാത്തവർക്കും ഇനി സർട്ടിഫിക്കറ്റ് ലഭിക്കും. ഈ വിഷയത്തിൽ വിവിധ കോടതികളിൽ നിലവിലുള്ള കേസുകൾ എൻഎംസി പിൻവലിക്കുമെന്നും വിദ്യാർഥികൾ നൽകിയ പരാതികൾ പിൻവലിക്കണമെന്നും എൻഎംസി വ്യക്തമാക്കി.
നീറ്റ്–യുജി: സിലബസ് പ്രസിദ്ധീകരിച്ചു
അടുത്ത വർഷം നടക്കുന്ന നീറ്റ്–യുജി പരീക്ഷയുടെ സിലബസ് ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) പ്രസിദ്ധീകരിച്ചു. ഒക്ടോബറിൽ എൻഎംസി പുറത്തുവിട്ട സിലബസ് തന്നെയാണ് എൻടിഎയും പ്രസിദ്ധീകരിച്ചിരിക്കുന്നത്. നിലവിലെ പാഠഭാഗങ്ങളിൽ നിന്നു 14 അധ്യായങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. എൻസിഇആർടി ഫിസിക്സ്, കെമിസ്ട്രി, ബയോളജി പുസ്തകങ്ങളിലെ 97 അധ്യായങ്ങളാണ് നീറ്റ് പരീക്ഷയ്ക്ക് ഉണ്ടായിരുന്നത്. ഇത് 83 അധ്യായമായി കുറഞ്ഞു.