4 വർഷ യുജി കോഴ്സിന് ‘കേരള’ പാഠ്യപദ്ധതി
Mail This Article
തിരുവനന്തപുരം ∙ മുഴുവൻ കോളജുകളിലും അടുത്ത വർഷം മുതൽ ബിരുദ പഠനം 4 സംവിധാനത്തിലേക്കു മാറുന്നതിന്റെ ഭാഗമായി കേരള സർവകലാശാല പാഠ്യപദ്ധതി രൂപീകരിക്കുന്നു. ഡിസംബറിൽ 5 ദിവസങ്ങളിലായി സർവകലാശാലയ്ക്കു കീഴിലെ കോളജുകളിലും മറ്റു കേന്ദ്രങ്ങളിലുമായി എല്ലാ വിഷയങ്ങളുടെയും പാഠ്യപദ്ധതി രൂപീകരണ ശിൽപശാല നടക്കും.
ഓരോ വിഷയത്തിലും നൊബേൽ സമ്മാന ജേതാക്കളുൾപ്പെടെ രാജ്യാന്തര തലത്തിലെ അക്കാദമിക് വിദഗ്ധരെ ഓൺലൈൻ ആയോ നേരിട്ടോ ശിൽപശാലയിൽ പങ്കെടുപ്പിക്കാൻ ബോർഡ് ഓഫ് സ്റ്റഡീസ് അധ്യക്ഷർക്കു സർവകലാശാല നിർദേശം നൽകി. ഫലപ്രാപ്തിയിൽ അധിഷ്ഠിതമായിരിക്കും സിലബസ്. ഓരോ വർഷവും കാലാനുസൃത മാറ്റങ്ങൾ ഉൾപ്പെടുത്താൻ സിലബസ് 20% പരിഷ്കരിക്കും. പാഠ്യപദ്ധതിക്ക് 2024 ഫെബ്രുവരിയിൽ അക്കാദമിക് കൗൺസിൽ അന്തിമ അംഗീകാരം നൽകും.
ഏപ്രിലിനു മുൻപ് രണ്ടോ മൂന്നോ മേഖലകളായി തിരിച്ച് മുഴുവൻ അധ്യാപകർക്കും പുതിയ സിലബസിൽ 2 ദിവസത്തെ പരിശീലനം നൽകും. തുടർന്നുള്ള സംശയനിവാരണത്തിന് സർവകലാശാല തലത്തിൽ ഓൺലൈൻ സഹായകേന്ദ്രം ആരംഭിക്കും. ജൂൺ–ജൂലൈ മാസത്തിൽ പുതിയ സിലബസ് പ്രകാരം 4 വർഷ യുജി കോഴ്സുകൾക്കു തുടക്കമാകും.
പരീക്ഷയിലും മാറ്റം
പരീക്ഷാ പരിഷ്കരണ കമ്മിഷൻ നിർദേശിച്ച എല്ലാ മാറ്റങ്ങളും നടപ്പാക്കും. പരീക്ഷാ സമയം 1– 2 മണിക്കൂറായി ചുരുങ്ങും. പ്രാക്ടിക്കൽ പരീക്ഷകൾ ഇന്റേണൽ ആകും. തുടർ മൂല്യനിർണയ രീതിയിലാകും ഫലപ്രഖ്യാപനം. വിദ്യാർഥികൾക്കു മുൻകൂട്ടി നൽകുന്ന ചോദ്യബാങ്കിൽ നിന്നാകും ചോദ്യങ്ങൾ.