നിയമനം എന്നു നടക്കുമെന്ന് ഉദ്യോഗാർഥി; ഉദ്യോഗസ്ഥരോട് പറഞ്ഞ് അയോഗ്യയാക്കുമെന്ന് മന്ത്രി
Mail This Article
അധ്യാപക നിയമനം കാത്തിരിക്കുന്ന യുവതിയുടെ ചോദ്യങ്ങളോടു പരുഷമായി പ്രതികരിക്കുകയും അവരെ ശകാരിക്കുകയും ചെയ്ത മഹാരാഷ്ട്ര സ്കൂൾ വിദ്യാഭ്യാസ മന്ത്രി ദീപക് കേസർകർ വിവാദത്തിൽ. ഉദ്യോഗാർഥിയുടെ ചോദ്യത്തിന്റെയും മന്ത്രിയുടെ മറുപടിയുടെയും വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ മന്ത്രി മാപ്പ് പറയണമെന്ന ആവശ്യവും ശക്തമായി. മന്ത്രി, രാഷ്ട്രീയ നേതാവ് എന്നീ നിലകൾ വിട്ട് സ്വേഛാധിപതിയെപ്പോലുള്ള സംസാരമാണ് മന്ത്രിക്കു വിനയായത്. ശിവസേന ഏക്നാഥ് ഷിൻഡെ വിഭാഗത്തിൽ നിന്നുള്ള മന്ത്രിയാണ് കേസർകർ.
തിങ്കളാഴ്ച ബീഡ് നഗരത്തിൽ നടന്ന ചടങ്ങിനിടെയാണ്, വർഷങ്ങളായി സർക്കാർ ജോലി കാത്തിരിക്കുന്ന ഉദ്യോഗാർഥികളെ മന്ത്രി കണ്ടത്. സംസ്ഥാനത്തെ അധ്യാപക നിയമനം അനന്തമായി നീണ്ടുപോകുകയാണെന്നു ചൂണ്ടിക്കാട്ടിയ വനിതാ ഉദ്യോഗാർഥി, തങ്ങൾ കാത്തിരുന്നു വലഞ്ഞെന്ന് മന്ത്രിയോട് പറഞ്ഞു. നിയമനം എന്നു നടക്കും എന്നതിനെക്കുറിച്ച് അറിയിപ്പൊന്നുമില്ലെന്നും അവർ ചൂണ്ടിക്കാട്ടി. ഒഴിവുകളുടെ എണ്ണം ഉൾപ്പെടെ ഓരോ ജില്ലയിലെയും അധ്യാപക നിയമനത്തെക്കുറിച്ച് വ്യക്തമായ വിവരം പുറത്തുവിടാൻ അധികൃതരോട് നിർദേശിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. എന്നായിരിക്കും ആ വിവരം പുറത്തുവരുന്നതെന്ന് ഉദ്യോഗാർഥി ചോദിച്ചതോടെയാണ് മന്ത്രിയുടെ ക്ഷമ നശിച്ചത്.
അച്ചടക്കമില്ലാതെ പെരുമാറുന്നതു തുടർന്നാൽ നിങ്ങൾക്കൊരിക്കലും സർക്കാർ ജോലി ലഭിക്കില്ലെന്ന് മന്ത്രി തിരിച്ചടിച്ചു. ‘‘സ്നേഹമുള്ള വ്യക്തിയാണ് ഞാൻ. എന്നാൽ അച്ചടക്കത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും ഇല്ല. എനിക്കു പ്രധാനം വിദ്യാർഥികളാണ്. നിങ്ങൾ ജോലിയെക്കുറിച്ചോർത്ത് വിഷമിക്കുകയാണ്. 30,000 അധ്യാപക ഒഴിവുകളാണ് ഞാൻ നിങ്ങൾക്കുവേണ്ടി സൃഷ്ടിച്ചിരിക്കുന്നത്. എന്നാൽ, അച്ചടക്കമില്ലാതെയാണ് വിദ്യാർഥികളോട് പെരുമാറാൻ ഉദ്ദേശിക്കുന്നതെങ്കിൽ ഞാനത് അനുവദിക്കില്ല’’ –മന്ത്രി പറഞ്ഞു.
യുവതി വീണ്ടും സംസാരിക്കാൻ ശ്രമിച്ചതോടെ മന്ത്രി സ്വരം കടുപ്പിച്ചു. നിങ്ങളുടെ പേര് കണ്ടുപിടിക്കുമെന്നും ഉദ്യോഗസ്ഥരോടു പറഞ്ഞ് അയോഗ്യയാക്കുമെന്നും മന്ത്രി മുന്നറിയിപ്പു നൽകി. വിഡിയോ പുറത്തായയുടൻ, മന്ത്രിയെ വിമർശിച്ച് എൻസിപി എംപി സുപ്രിയ സുളെ രംഗത്തെത്തി. യുവതിയോടു മന്ത്രി മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട സുപ്രിയ, മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ മന്ത്രിമാരെ നിലയ്ക്കുനിർത്തണമെന്നും പറഞ്ഞു.