ഗവേഷണത്തിന് നിർമിത ബുദ്ധി: ദേശീയ പരിശീലന പരിപാടിയുമായി കേരള വെറ്ററിനറി സർവകലാശാല
Mail This Article
ചാറ്റ് ജിപിടിയും മറ്റ് നിർമിത ബുദ്ധി സങ്കേതങ്ങളും ഉപയോഗിച്ച് ഗവേഷണം കൂടുതൽ കാര്യക്ഷമവും ശാസ്ത്രീയവുമാക്കാൻ കേരള വെറ്ററിനറി സർവകലാശാല ദേശീയ തലത്തിൽ പരിശീലന പരിപാടി നടത്തുന്നു. ഡിസംബർ 11, 12 തീയതികളിൽ തൃശൂർ മണ്ണുത്തി വെറ്ററിനറി കോളജിലെ അക്കാദമിക് സ്റ്റാഫ് കോളജിലാണ് പരിശീലനം. ഓൺലൈനായും പങ്കെടുക്കാൻ അവസരമുണ്ട്. പുണെയിലുള്ള എസ്പോയർ ടെക്നോളജീസ് ഡയറക്ടറും ചീഫ് മെന്ററുമായ ഡോ.സുരേഷ് നമ്പൂതിരിയാണ് മുഖ്യ പരിശീലകൻ. ആർട്സ്, സയൻസ്, മെഡിക്കൽ തുടങ്ങി ഏതു വിഷയത്തിലും ഗവേഷണ താൽപര്യമുള്ളവർക്ക് പങ്കെടുക്കാം.
നിർമിതബുദ്ധി മനുഷ്യരുടെ ജോലിയവസരം ഇല്ലാതാക്കുമോ എന്ന ചോദ്യമുയരാൻ തുടങ്ങിയിട്ട് ഒരുപാടു നാളായി. നിർമിത ബുദ്ധിക്ക് മനുഷ്യരുടെ ജോലി കളയാനാവില്ല, പക്ഷേ നിർമിത ബുദ്ധിയുടെ ഉപയോഗം അറിയാവുന്നവർ നിങ്ങൾക്ക് പകരക്കാരനാകും എന്നാണ് ഇതിന് പല വിദഗ്ധരും പറയുന്ന ഉത്തരം. അധ്യാപനം, ഗവേഷണം തുടങ്ങിയ മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങളാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കൊണ്ടു വരാൻ പോകുന്നത്. ഗവേഷണത്തിൽ താൽപര്യമുള്ളവർക്ക് ഉന്നത ഗുണമേന്മയുള്ള ഗവേഷണാശയങ്ങൾ രൂപപ്പെടുത്താനും രൂപകൽപന ചെയ്യാനും പ്രബന്ധങ്ങൾ എഴുതാനുമൊക്കെ ചാറ്റ് ജിപിടി പോലുള്ള നിർമിത ബുദ്ധി സംവിധാനങ്ങൾ ഫലപ്രദമാണ്. ഉത്തരവാദിത്തവും ധാർമികതയും മാനിച്ചുകൊണ്ട്, കോപ്പിയടി പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കി ഇത്തരം സങ്കേതങ്ങൾ എങ്ങനെ ഉപയോഗിക്കാമെന്നതാണ് പരിശീലനത്തിന്റെ സിലബസ്. ഹൈ ഇംപാക്ട് റിസർച്ച് ചെയ്യാൻ ഗവേഷണ രീതിയെ 10 ഘട്ടങ്ങളായി തിരിച്ച്, ഓരോന്നിലും ചാറ്റ് ജിപിടിക്ക് നൽകേണ്ട നിർദ്ദേശങ്ങൾ (prompts) എങ്ങനെയാണ് എന്ന പ്രോംപ്റ്റ് എൻജിനീയറിങ് പ്രായോഗിക പരിശീലനമാണ് മുഖ്യം.
ഫീസ് ഓൺലൈൻ - 1000, ഓഫ് ലൈൻ - 2000 (താമസ സൗകര്യത്തിന് പ്രത്യേകം ഫീസ് ഉണ്ടാകും). കൂടുതൽ വിവരങ്ങൾക്ക് ഡോ. സാബിൻ ജോർജ്: 9446203839. കൂടുതൽ വിവരങ്ങളടങ്ങിയ ബ്രോഷർ Kvasu.ac.in വെബ്സൈറ്റിലുണ്ട്.