ADVERTISEMENT

അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകത്തിനൊപ്പം വിദ്യാഭ്യാസ രംഗവും മാറ്റത്തിനു വിധേയമായിക്കൊണ്ടിരിക്കു കയാണ്. പഠന സമ്പ്രദായവും രീതികളും ഉപകരണങ്ങളും ഭാവിയുമുൾപ്പെടെ ത്വരിത ഗതിയിൽ മാറുന്നു. ജീവിതത്തിന്റെ ആദ്യ കുറേക്കാലം ക്ലാസ് മുറികളിൽ പഠിച്ചു നേടിയ അറിവുമായി യൗവനത്തിൽ ജോലി ചെയ്തു ജീവിക്കാനാരംഭിക്കുക എന്നതാണല്ലോ ഇതുവരെ തുടർന്ന രീതികൾ. എന്നാൽ, വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന ശിലകൾ എന്നു നാം കരുതിയവ പോലും കണ്ണടച്ചുതുറക്കുന്ന വേഗത്തിൽ ഇല്ലാതാകുകയോ പകരം പുതിയവ ഇടംപിടിക്കുകയോ ചെയ്യുന്നു. സാങ്കേതിക വിദ്യയാണ് പല മാറ്റങ്ങളുടെയും പിന്നിൽ. ഇതുവരെയുള്ള സമീപനങ്ങളെല്ലാം മാറ്റി ആലോചിക്കുമ്പോൾ, അടുത്ത ഒരു വർഷത്തിനുള്ളിൽ വരാനിരിക്കുന്ന മാറ്റത്തെ മുൻകൂട്ടിക്കണ്ട്, ഏറ്റവും ശ്രദ്ധേയമായ 5 വിദ്യാഭ്യാസ പ്രവണതകൾ അവതരിപ്പിക്കുകയാണ്. 

1. നിർമിത ബുദ്ധി
സാങ്കേതിക വിദ്യ കൊണ്ടുവന്ന മാറ്റങ്ങളിൽ ഏറ്റവും ദൂരവ്യാപക ഫലമുളവാക്കുന്ന ഒന്നാണ് നിർമിത ബുദ്ധി. വിദ്യാഭ്യാസം ഉൾപ്പെടെ മനുഷ്യരുടെ എല്ലാ ദൈനംദിന പ്രവർത്തനങ്ങളിലും നിർമിത ബുദ്ധി വലിയ മാറ്റം കൊണ്ടുവന്നുകഴിഞ്ഞു. ക്ലാസ് മുറികളിൽ വിദ്യാർഥികളെ മാത്രമല്ല അധ്യാപകരെയും സഹായിക്കാൻ ഇന്ന് വെർച്വൽ സഹായികളുണ്ട്. ഇവ സാധ്യമാക്കിയത് നിർമിത ബുദ്ധിയാണ്. പുസ്തകങ്ങളും ഏതാനും പഠനോപകരണങ്ങളും മാത്രമായിരുന്നു നേരത്തേ ക്ലാസ് മുറിയിൽ ഉണ്ടായിരുന്നത്. എന്നാൽ ഇന്ന്, ക്ലാസിൽ ഹാജരായോ വീട്ടിലോ ഇഷ്ടപ്പെട്ട സ്ഥലത്തോ ഇരുന്ന് ആർക്കും ഏതു ക്ലാസിലും ഹാജരാവാൻ കഴിയും. അധ്യാപകർക്കും ഇതേ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്. ഇവയ്ക്കൊപ്പം പഠനത്തെ സഹായിക്കാൻ നിർമിത ബുദ്ധി ഒട്ടേറെ പുതിയ പദ്ധതികൾ ആവിഷ്കരിച്ചിച്ചിട്ടുണ്ട്. ചൈനയിലെ ക്ലാസ് മുറികളിൽ ഇപ്പോൾ തന്നെ ഫേഷ്യൽ റെക്കഗ്നിഷൻ നടപ്പാക്കിയതിലൂടെ ഓരോ കുട്ടിയും പഠനത്തിൽ ശ്രദ്ധിക്കുന്നുണ്ടോ എന്ന് അധ്യാപകർക്ക് സൂക്ഷ്മമായി കണ്ടുപിടിക്കാൻ കഴിയും. 

1281389422
Representative image. Photo Credit : Tony Studio/iStock

ലോകത്തെ എല്ലാ രാജ്യങ്ങളിലും എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസം പകർന്നുകൊ‌ടുക്കാനുള്ള സൗകര്യം ഇപ്പോഴില്ല. ഇതിന് അവസാനം കുറിക്കാൻ നിർമിത ബുദ്ധിക്കു കഴിയുമെന്നാണ് യുനെസ്കോ അവകാശപ്പെടുന്നത്. എന്നാൽ ഒട്ടേറെ വെല്ലുവിളികളും നിർമിത ബുദ്ധി ഉയർത്തുന്നുണ്ട്. അവ ഓരോന്നും യഥാസമയം കണ്ടെത്തി പരിഹരിച്ചു മുന്നേറിയില്ലെങ്കിൽ, ഇതുവരെയില്ലാത്ത പുതിയ അനീതികളും അസമത്വങ്ങളെയും നേരിടേണ്ടിവരാം. 

2. റിമോട്ട്, ഓൺലൈൻ ആൻഡ് ഹൈബ്രിഡ് ലേണിങ്
കോവിഡ് കാലത്തിനു മുമ്പു വരെ ക്ലാസ് മുറിയിൽ പോകാതെയുള്ള പഠനത്തെക്കുറിച്ച് ചിന്തിക്കാനേ ആവാത്ത അവസ്ഥയായിരുന്നു. എന്നാൽ, കൊറോണ വൈറസ് ആക്രമണത്തോടെ, ക്ലാസ് മുറികൾ അട‍ഞ്ഞുകിടക്കുമ്പോൾത്തന്നെ പലയിടങ്ങളിലുള്ള വിദ്യാർഥികൾ ഒരേ സമയം ഒരേ ലക്ഷ്യത്തോടെ ഒരേ പാഠഭാഗങ്ങൾ പഠിക്കാൻ ഓൺലൈൻ പ്ലാറ്റ്ഫോമിൽ ഒത്തുകൂടി. ആരോഗ്യ അടിയന്തരാവസ്ഥ ഇന്നില്ലെങ്കിലും, വിദൂര പഠനവും കൂടിക്കാഴ്ചകളും വിദ്യാഭ്യാസത്തിൽ സമൂല മാറ്റങ്ങൾക്കാണു തുടക്കം കുറിച്ചത്. കോവിഡ് കാലത്തിനു മുമ്പു തന്നെ ഈ മാറ്റം നിർമിത ബുദ്ധി കൊണ്ടുവന്നിരുന്നു. ലോകത്താകെ, 270 ദശലക്ഷത്തോളം കുട്ടികൾ ഇക്കാലത്തും സ്കൂളിൽ പോകുന്നില്ലെന്ന് കണക്കുകൾ പറയുന്നു. ഇവർക്കു കൂടി വിദ്യാഭ്യാസം ലഭ്യമാക്കാൻ പുതിയ പഠന സമ്പ്രദായത്തിനു കഴിയുമോ എന്നാണ് വിദ്യാഭ്യാസ വിദഗ്ധർ ഉറ്റുനോക്കുന്നത്. 

1390539545
Representative image. Photo Credit : Dzmitry Dzemidovich/iStock

വിദ്യാർഥികൾക്കു മാത്രം ലഭ്യമായിരുന്ന അവസരങ്ങൾ ഇന്ന് മുതിർന്നവർക്കും ലഭിക്കുന്നുണ്ട്. ഏതു പ്രായത്തിലും പഠിക്കാനും ഇഷ്ടമുള്ള മേഖലകളിൽ വിജ്ഞാനം നേടാനും ആർക്കും കഴിയുമെന്ന സ്ഥിതി ഇന്നുണ്ട്. Udacity, Coursera, Udemy, and EdX എന്നീ വിദ്യാഭ്യാസ പോർട്ടലുകൾ വലിയ മാറ്റങ്ങൾ കൊണ്ടുവന്നുകഴിഞ്ഞു. ഇവ യാഥാർഥ്യമായതോടെ, അറിവ് നേ‌ടുക എന്നത് ജീവിതകാലം മുഴുവൻ നീളുന്ന പ്രക്രിയയായി മാറി. പഠനം ഒരിക്കലും പൂർത്തിയാകുന്നില്ല എന്ന അവസ്ഥ വന്നു. മാറുന്ന കാലത്തിനനുസരിച്ച് പുതിയ അറിവുകൾ എപ്പോഴും എല്ലാവരും നേടുന്ന രീതിയിലാണ് ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായം. micro-learning അഥവാ nano-learning എന്നീ മോഡലുകളും നിലവിൽ വന്നുകഴിഞ്ഞു. കുട്ടികൾക്കു വേണ്ടി എഴുതുന്നതിനെക്കുറിച്ച് ജൂലിയ ഡൊണാൾഡ്സൺ, സംവിധാനത്തെക്കുറിച്ച് മാർട്ടിൻ സ്കോർസസെ, ബോബ് ഇഗറിൽനിന്ന് ബിസിനസ് പാഠങ്ങൾ എന്നിങ്ങനെ ലോകത്ത് എവിടെയിരുന്നും എന്തും ആർക്കും പഠിക്കാം.

3. കോളജ് കൊണ്ട് പഠനം അവസാനിക്കുന്നില്ല
സ്കൂൾ കഴിഞ്ഞാൽ കോളജ് എന്ന ഇതുവരെയുള്ള രീതിയിൽ  മാറ്റം വന്നിരിക്കുന്നു. തൊഴിലധിഷ്ഠിത, സാങ്കേതിക വിദ്യ അടിസ്ഥാനത്തിലുള്ള പുതിയ കോഴ്സുകളാണ് ഇപ്പോഴത്തെ ട്രെൻഡ്. ഒട്ടേറെ പുതിയ അറിവുകളാണ് ഇത്തരം കോഴ്സുകളിലൂടെ പഠിക്കുന്നത്. അപ്രന്റിസ് ഷിപ് കോഴ്സുകളും ജോലി അധിഷ്ഠിതമായ പുതിയ കോഴ്സുകളും കോളജിലെ ക്ലാസ് മുറിയിലെ പഠനം ആവശ്യപ്പെടുന്നില്ല. കോളജിൽ നിന്ന് ബിരുദം നേടിയ വിദ്യാർഥികളെ വലിയ സ്ഥാപനങ്ങളും ആവശ്യപ്പെടുന്നില്ല. 2023 വർഷത്തെ യൂറോപ്യൻ ഇയർ ഓഫ് സ്കിൽ എന്നാണു വിളിക്കുന്നത്. കോളജ് പഠനത്തിനൊപ്പമോ കോളജിൽ പോകാതെയോ പുതിയ അറിവുകൾ നേടി നേരേ തൊഴിലടത്തിലേക്കു പോകുന്ന രീതിയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

4.വെർച്വൽ ആൻഡ് ഓഗ്‍മെന്റഡ് റിയാലിറ്റി
വെർച്വൽ റിയാലിറ്റി (വിആർ), ഓഗ്‍മെന്റഡ് റിയാലിറ്റി (എആർ) എന്നിവയാണ് വിദ്യാഭ്യാസത്തിലെ പുതിയ ട്രെൻഡ്. വിആറിലൂടെ വിദ്യാർഥികൾക്ക് വെർച്വൽ ലോകത്തേക്ക് നേരിട്ടു പ്രവേശിക്കാം. നേരത്തേ ചിന്തിക്കാനേ ആവാതിരുന്ന കാര്യങ്ങൾ പോലും ഇന്ന് നേരിട്ടു കാണുന്നതുപോലെ നോക്കിയും കണ്ടും പഠിക്കാനുള്ള സൗകര്യമുണ്ട്. വിആർ, എആർ എന്നിവയുടെ സഹായത്തോടെ സങ്കീർണ ശസ്ത്രക്രിയകൾ പോലും ഡോക്ടർമാർ ചെയ്യുന്നുണ്ട്. നഴ്സിങ് വിദ്യാഭ്യാസത്തിലും ഇത് മാറ്റങ്ങൾ കൊണ്ടുവന്നുകഴിഞ്ഞു. എആർ വഴി വിഭാവനം ചെയ്ത പാഠപുസ്തകങ്ങൾ ഇപ്പോൾ സ്കൂൾ ക്ലാസുകളിൽ തന്നെ ലഭ്യമാണ്. ഇവയിലെ ഇമേജുകൾ സ്മാർട് ഫോൺ ക്യാമറയിലൂടെ നോക്കി പുരാതന റോമൻ സാമ്രാജ്യത്തിന്റെ അവശേഷിപ്പുകളെക്കുറിച്ചുവരെ സൂക്ഷ്മമായി പഠിക്കാൻ കഴിയും. 

1360187678
Representative image. Photo Credit : Inna Kot/istock

5. സോഫ്റ്റ് സ്കിൽ ആൻഡ് സ്റ്റം
ആശയവിനിമയ നിപുണത, ടീം വർക്കിങ്, സർഗാത്മക ചിന്ത, ഇന്റർ പഴ്സനൽ പ്രോബ്ലം സോൾവിങ്, റിലേഷൻഷിപ് മാനേജ്മെന്റ് ആൻഡ് കോൺഫ്ലിക്റ്റ് റെസല്യൂഷൻ എന്നിവയാണ് സോഫ്റ്റ് സ്കിൽ എന്നറിയപ്പെടുന്നത്. ഏറ്റവും പുതിയ യന്ത്രസംവിധാനങ്ങൾ ആവിഷ്കരിച്ചാലും മനുഷ്യർ നേരിട്ടു ചെയ്യേണ്ട ജോലികളാണിവ. എആറിന്റെ സഹായത്തോടെ അസാധ്യമായിരുന്ന പല കാര്യങ്ങളും സാധ്യമാക്കിയെങ്കിലും സോഫ്റ്റ് സ്കില്ലുകളുടെ പ്രാധാന്യം കുറയുന്നില്ല. സാങ്കേതിക വിദ്യയ്ക്കൊപ്പം തുല്യപ്രാധാന്യത്തോടെതന്നെ ഇവ ഭാവികാലത്തും നിലനിൽക്കും. വരാനിരിക്കുന്ന വർഷം. സ്റ്റെം വിദ്യാഭ്യാസത്തിലൂടെ സോഫ്റ്റ് സ്കിൽ പരിശീലന രീതികളും മെച്ചപ്പെട്ടേക്കാം.

Content Summary:

Revolutionizing Classrooms: How AI and Virtual Learning are Shaping the Future of Education

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com