‘സാമൂഹികശാസ്ത്രത്തിലെ പല അധ്യായങ്ങളും ഒഴിവാക്കണം’ : എൻസിഇആർടിയോട് തിരഞ്ഞെടുപ്പ് കമ്മിഷൻ
Mail This Article
ന്യൂഡൽഹി ∙ എൻസിഇആർടിയുടെ സാമൂഹികശാസ്ത്ര പുസ്തകങ്ങളിലെ പല അധ്യായങ്ങളും ഒഴിവാക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ ആവശ്യപ്പെട്ടിരുന്നതായി വിവരം. പല പാഠഭാഗങ്ങളും തെറ്റായ വിവരങ്ങൾ നിറഞ്ഞതാണെന്നു കാട്ടിയാണ് 2016 മുതൽ ഇതുസംബന്ധിച്ച കത്തുകൾ എൻസിഇആർടിക്കു കൈമാറിയത്.
കമ്മിഷൻ ആവശ്യപ്പെട്ടവയിൽ 2 അധ്യായങ്ങൾ ആറാം ക്ലാസിലെയും 10–ാം ക്ലാസിലെയും പുസ്തകങ്ങളിൽനിന്ന് എൻസിഇആർടി നീക്കം ചെയ്തിരുന്നു. പഠനഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി 2022 ൽ നടത്തിയ പരിഷ്കരണത്തിലാണ് ഇവയും ഒഴിവാക്കിയത്.
6–ാം ക്ലാസിലെ ‘ജനാധിപത്യ ഭരണസംവിധാനത്തിന്റെ പ്രധാന ഘടകങ്ങൾ’ എന്ന അധ്യായം ഒഴിവാക്കിയവയിലുണ്ട്. ചെറുപ്രായത്തിലേ ഇതു പഠിക്കേണ്ടതില്ലെന്നതാണ് ഒഴിവാക്കാനുള്ള കാരണമായി കമ്മിഷൻ പറയുന്നത്. സമരങ്ങൾ, സംഘർഷങ്ങൾ എന്നിവയെക്കുറിച്ചാണു കൂടുതലായി പറയുന്നതെന്നും തിരഞ്ഞെടുപ്പു പ്രക്രിയയിൽ യുവാക്കളെ ആകർഷിക്കാനുള്ള കാര്യങ്ങൾ കുറവാണെന്നും കാട്ടിയാണ് 10–ാം ക്ലാസിലെ ‘പോപ്പുലർ സ്ട്രഗിൾസ് ആൻഡ് മൂവ്മെന്റ്സ്’ എന്ന അധ്യായം ഒഴിവാക്കാൻ നിർദേശിച്ചത്. ദേശീയ പാഠ്യപദ്ധതി പരിഷ്കരണത്തിനു കേന്ദ്രസർക്കാർ നിയോഗിച്ച കെ.കസ്തൂരിരംഗൻ കമ്മിറ്റിക്കും സാമൂഹികശാസ്ത്ര പുസ്തകങ്ങളുമായി ബന്ധപ്പെട്ട ശുപാർശകൾ തിരഞ്ഞെടുപ്പു കമ്മിഷൻ കൈമാറിയിരുന്നെന്നാണു വിവരം.