ADVERTISEMENT

ന്യൂഡൽഹി ∙ എംഫിൽ കോഴ്സുകൾക്ക് ഇനി ചേരരുതെന്നും പ്രവേശനം നടത്തുന്നതു സർവകലാശാലകൾ അടിയന്തരമായി നിർത്തിവയ്ക്കണമെന്നും യുജിസി നിർദേശിച്ചിട്ടും കോഴ്സുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം തുടരുന്നു. പല സർവകലാശാലകളും നിലവിലെ അധ്യയന വർഷത്തിലേക്ക് ഇതിനോടകം പ്രവേശനം അനുവദിച്ചു കഴിഞ്ഞിരുന്നു. റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ (ആർസിഐ) നടത്തുന്ന എംഫിൽ കോഴ്സുകളും നിലവിലുണ്ട്. പല സ്ഥാപനങ്ങളും വിഷയത്തിൽ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ടതോടെ ഏതാനും ആഴ്ചകൾക്കുള്ളിൽ വിശദീകരണം നൽകാമെന്നാണു യുജിസി അറിയിച്ചിരിക്കുന്നത്.

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിൽ എംഫിൽ കോഴ്സുകൾ നിർത്തലാക്കി 2022 ൽ യുജിസി വ്യവസ്ഥ കൊണ്ടുവന്നിരുന്നു. എന്നിട്ടും പല സ്ഥാപനങ്ങളും പ്രവേശനം തുടർന്നതോടെയാണു കഴിഞ്ഞ ഡിസംബർ 27നു യുജിസി വീണ്ടും നോട്ടിസ് ഇറക്കിയത്. നിലവിലെ അധ്യയന വർഷം ചേർന്ന വിദ്യാർഥികളുടെ കോഴ്സുകൾക്ക് അംഗീകാരമുണ്ടാകുമോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ ഇപ്പോഴും ആശയക്കുഴപ്പം തുടരുകയാണ്.

ആർസിഐയുടെ കീഴിൽ റീഹാബിലിറ്റേഷൻ സൈക്കോളജി, ക്ലിനിക്കൽ സൈക്കോളജി തുടങ്ങിയ വിഷയങ്ങളിൽ എംഫിൽ കോഴ്സുകൾ നിലവിലുണ്ട്. 19നു ആർസിഐ കൗൺസിൽ യോഗം എംഫിൽ കോഴ്സ് വിഷയം ചർച്ച ചെയ്തിരുന്നുവെങ്കിലും തീരുമാനമുണ്ടായിട്ടില്ല. യുജിസി ഉൾപ്പെടെയുള്ളവരുമായി വിഷയം ചർച്ച ചെയ്തു വ്യക്തത വരുത്തുമെന്ന് അധികൃതർ പറയുന്നു.

കേരളത്തിൽ ആരോഗ്യസർവകലാശാലയുടെ കീഴിലും നിലവിൽ എംഫിൽ കോഴ്സുകളുണ്ട്. യുജിസി ചെയർമാൻ പ്രഫ. എം.ജഗദേഷ് കുമാറുമായി ആരോഗ്യ സർവകലാശാല വിസി ‍ഡോ. മോഹനൻ കുന്നുമ്മൽ ചർച്ച നടത്തിയിരുന്നു. 2–3 ആഴ്ചയ്ക്കുള്ളിൽ മറുപടി നൽകാമെന്നാണ് യുജിസി ചെയർമാൻ അറിയിച്ചിരിക്കുന്നത്.

മദ്രാസ് യൂണിവേഴ്സിറ്റി, കർണാടകയിലെ ഗുൽബർഗ യൂണിവേഴ്സിറ്റി തുടങ്ങിയ സ്ഥാപനങ്ങൾ നിലവിലെ അധ്യയന വർഷം എംഫിൽ കോഴ്സിൽ പ്രവേശനം അനുവദിച്ചിട്ടുണ്ട്. ബംഗാളിൽ എംഫിൽ തുടരുമെന്നാണു സർക്കാർ പ്രഖ്യാപനം. കേരളത്തിൽ എംഫിൽ നിർത്തലാക്കിയെങ്കിലും നിലവിൽ പ്രവേശനം നേടിയവർക്കു കോഴ്സ് പൂർത്തിയാക്കാമെന്നാണു തീരുമാനം.

Content Summary :

MPhil Admission Chaos: Universities Struggle for Clarity Amid UGC's Directive

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com