ഭിന്നശേഷി വിദ്യാർഥികൾക്ക് പരീക്ഷാ ആനുകൂല്യങ്ങൾ
Mail This Article
തിരുവനന്തപുരം: ഭിന്നശേഷി വിഭാഗത്തിൽപെട്ട 10,330 വിദ്യാർഥികൾക്ക് എസ്എസ്എൽസി പരീക്ഷ എഴുതുന്നതിനുള്ള ആനുകൂല്യങ്ങൾ വിദ്യാഭ്യാസ വകുപ്പ് അനുവദിച്ചു. അപേക്ഷയുടെയും അനുബന്ധ രേഖകളുടെയും അടിസ്ഥാനത്തിലാണിത്. പരീക്ഷയ്ക്കു മുൻപ് പതിനായിരത്തോളം അപേക്ഷകൾ കൂടി അംഗീകരിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. 21 ഭിന്നശേഷി വിഭാഗത്തിൽപെട്ടവർക്കാണ് ആനുകൂല്യങ്ങൾ ലഭിക്കുക. പരീക്ഷ എഴുതാൻ മണിക്കൂറിന് 20 മിനിറ്റ് വീതം അധികസമയം, ആവശ്യമുള്ളവർക്ക് കേട്ടെഴുതാൻ സ്ക്രൈബ്, സഹായിക്കാൻ ഇന്റർപ്രട്ടർ എന്നീ ആനുകൂല്യങ്ങൾക്കൊപ്പം നേടിയ മാർക്കിന്റെ 25% ഗ്രേസ് മാർക്കും ലഭിക്കും.
കേന്ദ്ര സർക്കാർ നൽകുന്ന യുണീക് ഡിസബിലിറ്റി കാർഡ്(യുഡിഐഡി) പരീക്ഷാ ആനുകൂല്യങ്ങൾക്ക് അപേക്ഷിക്കാനുള്ള രേഖയായി പൊതുവിദ്യാഭ്യാസ വകുപ്പ് നേരത്തെ തന്നെ അംഗീകരിച്ചിട്ടുണ്ടെന്നും ഈ വർഷവും ഇതിനകം 23 കുട്ടികൾ അതുപയോഗിച്ച് ആനൂകൂല്യം നേടിയതായും മന്ത്രി വ്യക്തമാക്കി.