ADVERTISEMENT

തിരുവനന്തപുരം∙ ഈ വർഷത്തെ മെഡിക്കൽ, എൻജിനീയറിങ് പ്രവേശനത്തിനുള്ള വിജ്ഞാപനം ഈ മാസം 20നു ശേഷം ഇറക്കും. ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധ്യക്ഷതയിൽ കൂടിയ കമ്മിറ്റി പ്രോസ്പെക്ടസിന്റെ കരടിന് അന്തിമ രൂപം നൽകി. ഫ്ലോട്ടിങ് സംവരണ രീതി നിർത്തലാക്കണമെന്നും ഇക്കാര്യം പ്രോസ്പെക്ടസിൽ ഉൾപ്പെടുത്തമെന്നും സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ആവശ്യപ്പെട്ടെങ്കിലും അന്തിമ തീരുമാനം സർക്കാരിനു വിട്ടിരിക്കുകയാണ്. 

ഫ്ലോട്ടിങ് സംവരണം നിർത്തുകയാണെങ്കിൽ അക്കാര്യം പ്രോസ്പെക്ടസിൽ ഉൾപ്പെടുത്തണം. ഈ മാസം അവസാനം പ്രസിദ്ധീകരിക്കുന്ന പ്രോസ്പെക്ടസിൽ ഇതുസംബന്ധിച്ചു പരാമർശമില്ലെങ്കിൽ പോലും പിന്നീട് ഭേദഗതി ഉത്തരവിലൂടെ ഉൾപ്പെടുത്താൻ സാധിക്കും. ഫ്ലോട്ടിങ് സംവരണം നിർത്തുന്നത് സംവരണ വിഭാഗങ്ങളുടെ അവസരം കുറയ്ക്കുമെന്നതിനാൽ തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് സർക്കാർ ഇത്തരമൊരു തീരുമാനം എടുക്കാൻ സാധ്യത കുറവാണ്. എൻജിനീയറിങ്ങിനു മാത്രമായി ഇതു നടപ്പാക്കാനും സാധിക്കില്ല. 

എൻജിനീയറിങ് പ്രവേശനത്തിനുള്ള ഓൺലൈൻ പരീക്ഷ മേയ് 15നു ശേഷം നടത്താനാണ് ആലോചിക്കുന്നത്. എന്നാൽ ഇതേ ദിവസങ്ങളിൽ മറ്റു ചില മത്സര പരീക്ഷകൾ വരുന്നതിനാൽ തീയതിയുടെ കാര്യത്തിൽ വരുംദിവസങ്ങളിലേ അന്തിമ തീരുമാനമെടുക്കൂ. ഒരാഴ്ച കൊണ്ട് ഓൺലൈൻ പരീക്ഷ പൂർത്തിയാകുമെന്നു പ്രതീക്ഷിക്കുന്നു. ഗൾഫിലും പരീക്ഷാ കേന്ദ്രമുണ്ട്. മേയ് 5ന് ആണ് മെഡിക്കൽ ബിരുദ പ്രവേശനത്തിനുള്ള നീറ്റ്. 

മെഡിക്കൽ, എൻജിനീയറിങ് പ്രവേശനത്തിനുള്ള പ്രോസ്പെക്ടസ് തയാറാക്കുന്ന സമിതി എല്ലാ വിഭാഗങ്ങളുടെയും അഭിപ്രായം തേടാറുണ്ട്. ഇതനുസരിച്ചാണ് ഫ്ലോട്ടിങ് സംവരണം മൂലമുള്ള പ്രശ്നങ്ങൾ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ചൂണ്ടിക്കാട്ടിയത്. ഇത് അവസാനിപ്പിക്കുന്ന കാര്യം പ്രോസ്പെക്ടസിൽ ഉൾപ്പെടുത്തണമെന്നും പ്രവേശനപരീക്ഷാ കമ്മിഷണറോട് ഡയറക്ടർ ആവശ്യപ്പെട്ടിരുന്നു. പ്രോസ്പെക്ടസ് സമിതിയുടെ അന്തിമ യോഗം ഇതു പരിഗണിച്ചു. വിവാദ വിഷയമായതിനാൽ തീരുമാനം സർക്കാരിനു വിടാമെന്ന ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയുടെ നിർദേശം അംഗീകരിച്ചു സമിതി പിരിയുകയായിരുന്നു. സമിതി യോഗത്തിന്റെ മിനിറ്റ്സ് സർക്കാർ അംഗീകരിക്കുന്ന മുറയ്ക്ക് പ്രോസ്പെക്ടസിന് അന്തിമരൂപമാകും.

എന്താണ് ഫ്ലോട്ടിങ് സംവരണം? 
പിന്നാക്ക വിഭാഗത്തിലെ  ഒരു കുട്ടിക്ക് മെറിറ്റിലും സംവരണാടിസ്ഥാനത്തിലും മെഡിക്കൽ പ്രവേശനത്തിന് അർഹതയുണ്ടെന്നു കരുതുക. സംവരണാടിസ്ഥാനത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജിലും മെറിറ്റിൽ  ആലപ്പുഴ മെഡിക്കൽ കോളജിലുമാണ് ഒഴിവുകൾ. എന്നാൽ, കുട്ടിക്ക് താൽപര്യം തിരുവനന്തപുരം മെഡിക്കൽ കോളജിൽ പഠിക്കാനാണെങ്കിൽ  ആലപ്പുഴയിലെ മെറിറ്റ് സീറ്റ് തിരുവനന്തപുരത്തേക്കു മാറ്റി അവിടെ പ്രവേശിപ്പിക്കും. തിരുവനന്തപുരത്തെ സംവരണ സീറ്റ് ആലപ്പുഴയിലേക്കും മാറ്റും. ആലപ്പുഴയിൽ ഒരു മെറിറ്റ് സീറ്റ് കുറയുകയും ഒരു സംവരണസീറ്റ് കൂടുകയും ചെയ്യും. പിന്നീട് പിന്നാക്കവിഭാഗത്തിലെ മറ്റൊരു വിദ്യാർഥിക്കു ആലപ്പുഴയിൽ പ്രവേശനം ലഭിക്കും. സംസ്ഥാനത്തെ ആകെ സംവരണസീറ്റുകളിൽ കുറവു വരില്ല.  പക്ഷേ, ഫ്ലോട്ടിങ് റിസർവേഷൻ നിർത്തലാക്കിയാൽ തിരുവനന്തപുരത്തെ സംവരണസീറ്റ് മെറിറ്റ് സീറ്റായിക്കരുതി, അതിൽ സംവരണാർഹതയുമുള്ള  മെറിറ്റ് വിദ്യാർത്ഥിയെ പ്രവേശിപ്പിക്കും. ഫലത്തിൽ ഒരു‌ സംവരണസീറ്റ് നഷ്ടമാകും. കോളജുകൾ തമ്മിൽ സീറ്റു വച്ചുമാറുന്ന രീതി ഉണ്ടായിരിക്കില്ല. അങ്ങനെ പല സംവരണസീറ്റുകളും സംസ്ഥാനത്തു നഷ്ടപ്പെടും. മെറിറ്റ് സീറ്റുകൾ അതനുസരിച്ച് കൂടുകയും ചെയ്യും.

ആപ്റ്റിറ്റ്യൂഡ് മാറാൻ സാധ്യതയുണ്ടോ? - വിഡിയോ

English Summary:

Kerala Engineering Architecture Medical 2024 - Notification

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com