ADVERTISEMENT

ബാബു പയ്യത്ത്
ജിഎച്ച്എസ് ആവള 
കുട്ടോത്ത്
കോഴിക്കോട്

മോഡൽ പരീക്ഷ നൽകിയ ആത്മവിശ്വാസത്തിൽ തയാറെടുത്ത കുട്ടികളെ നിരാശപ്പെടുത്തുന്നതായിരുന്നില്ല എസ്എസ്എൽസി രസതന്ത്രം പരീക്ഷ. എല്ലാ വിഭാഗം കുട്ടികളെയും പരിഗണിച്ചതിനൊപ്പം യൂണിറ്റുകളിലെ സ്കോർ വെയ്റ്റേജ് ഏകദേശം പാലിച്ചിട്ടുമുണ്ട്. കഠിനമായ ചോദ്യങ്ങൾ ചോദിച്ച് കുട്ടികളെ വെല്ലുവിളിക്കുന്നതിനു പകരം പല നിലവാരത്തിലുള്ള ചോദ്യങ്ങൾ സമർഥമായി ഉൾക്കൊള്ളിച്ചതായിരുന്നു ചോദ്യക്കടലാസ്.

ഒരു സ്കോറിന്റെ ചോദ്യങ്ങളിൽ 1,4 ചോദ്യങ്ങൾ ചില കുട്ടികൾക്ക് അൽപം ബുദ്ധിമുട്ടുള്ളതായി തോന്നാം. പക്ഷേ, ക്ലാസ് മുറികളിൽ ഒട്ടേറെത്തവണ ചർച്ച ചെയ്തവ ആയതിനാൽ തെറ്റിക്കാതെ ഉത്തരം എഴുതാൻ കഴിയും. ഈ വിഭാഗത്തിലെ മറ്റു ചോദ്യങ്ങൾ എളുപ്പമായിരുന്നു. അഞ്ചാം ചോദ്യം കഴിഞ്ഞ വർഷത്തെ മോഡൽ പരീക്ഷയ്ക്കു ചോദിച്ചതുതന്നെയായിരുന്നു. അതുപോലെ 11, 13 ചോദ്യങ്ങൾ 2022 ലെ പൊതുപരീക്ഷയുടെ ആവർത്തനമായിരുന്നു.
ഇത്തരത്തിൽ ചോദ്യങ്ങൾ ആവർത്തിച്ചു ചോദിക്കുന്നത് പാഠ്യപദ്ധതിയിലെ സമീപനത്തിനു യോജിച്ചതും ആശാസ്യവുമല്ല.

2 സ്കോറിന്റെ ചോദ്യങ്ങളിൽ ആറാം ചോദ്യം വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായി. 7, 8 ചോദ്യങ്ങളിൽ നന്നായി തയാറെടുത്ത കുട്ടികൾക്ക് സംതൃപ്തി തോന്നുന്ന ഭാഗങ്ങളുണ്ട്. പത്താം ചോദ്യത്തിന്റെ ബി ഭാഗവും അൽപം വെല്ലുവിളി ഉയർത്തുന്നതു തന്നെ. 3 സ്കോർ വിഭാഗത്തിൽ 12(c) ചിലരെയെങ്കിലും ബുദ്ധിമുട്ടിച്ചിട്ടുണ്ടാവും. 15–ാം ചോദ്യവും നന്നായി പഠിക്കുന്ന കുട്ടികളെ സന്തോഷിപ്പിക്കുന്നതാണ്.

ഡി വിഭാഗത്തിലെ ചോദ്യങ്ങൾ പൊതുവേ എളുപ്പമായിരുന്നു. 17–ാം ചോദ്യത്തിൽ ഡി പാർട്ടിൽ സംയുക്തത്തിന്റെ ഏതെങ്കിലും ഒരു ഫങ്ഷനൽ ഐസോമർ എന്നായിരുന്നെങ്കിൽ കൂടുതൽ നന്നായേനെ. മോൾ സങ്കൽപനത്തിലെ ഗണിത പ്രശ്നം ഉൾപ്പെടുന്ന 18–ാം ചോദ്യം ഡേറ്റ കൃത്യമായി നൽകിയതിനാലും ഭിന്നതല ചോദ്യത്തിന്റെ ഘട്ടങ്ങളായുള്ള സാധ്യത ശരിയായി ഉപയോഗപ്പെടുത്തിയതിനാലും കുട്ടികൾക്കും നന്നായി എഴുതാൻ കഴിഞ്ഞിട്ടുണ്ടാവും. പൊതുവേ കുട്ടികളുടെ പരീക്ഷാ ഒരുക്കത്തെ പരിഗണിക്കുന്നതും ആത്മവിശ്വാസം കൂട്ടുന്നതുമായി രസതന്ത്രം.

English Summary:

Ease and Challenge: SSLC Chemistry Exam 2023 Strikes Right Balance for Varied Student Abilities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com