ADVERTISEMENT

തിരുവനന്തപുരം ∙ നഴ്സിങ് അപേക്ഷാ ഫീസിന് ചരക്ക്, സേവന നികുതി (ജിഎസ്ടി) ഏർപ്പെടുത്തിയതിനാൽ ഏകീകൃത പ്രവേശന രീതിയിൽനിന്നു പിന്മാറുമെന്ന് നഴ്സിങ് കോളജ് മാനേജ്മെന്റുകൾ പ്രഖ്യാപിച്ചിട്ടും ആരോഗ്യ വകുപ്പ് ഇടപെടുന്നില്ല. മാനേജ്മെന്റുകൾ കടുത്ത നിലപാടു സ്വീകരിച്ചതോടെ വിദ്യാർഥികൾ ഓരോ കോളജിലും വെവ്വേറെ അപേക്ഷിക്കേണ്ടിവരും. സംസ്ഥാനത്തെ നൂറിലേറെ സ്വകാര്യ സ്വാശ്രയ നഴ്സിങ് കോളജുകളുണ്ട്. ഇതിൽ 50 എണ്ണം കേരള പ്രൈവറ്റ് നഴ്സിങ് കോളജ് മാനേജ്മെന്റ് അസോസിയേഷനിലും 31 എണ്ണം ക്രിസ്ത്യൻ മാനേജ്മെന്റ് അസോസിയേഷനിലും അംഗങ്ങളാണ്. ഈ അസോസിയേഷനുകൾ ഓൺലൈനായി അപേക്ഷ സ്വീകരിച്ച് മെറിറ്റ് അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചാണു പ്രവേശനം. ഓരോ അസോസിയേഷനും അപേക്ഷാ ഫീസായി 1000 രൂപ ഈടാക്കും. ഈ അപേക്ഷയ്ക്കു 18% ജിഎസ്ടി ഈടാക്കണമെന്നാണു സംസ്ഥാന ജിഎസ്ടി കമ്മിഷണറേറ്റിന്റെ നിർദേശം. 2017 മുതലുള്ള നികുതി കുടിശിക അടയ്ക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇനി അപേക്ഷ ക്ഷണിക്കുമ്പോൾ അതിന്റെ നികുതി അതതു മാസങ്ങളിൽ അടയ്ക്കണം. വൈകിയാൽ പിഴ ഈടാക്കും. വർഷം പതിനയ്യായിരത്തിലേറെ അപേക്ഷകൾ ലഭിക്കുന്നതിനാൽ അസോസിയേഷൻ ഒന്നരക്കോടി രൂപയിലേറെ അടയ്ക്കേണ്ടിവരും. 

സർക്കാർ കോളജുകളിലേക്ക് ഒരുമിച്ച് അപേക്ഷ ക്ഷണിച്ചു പ്രവേശനം നടപടികൾ നിർവഹിക്കുന്ന സർക്കാർ ഏജൻസിയായ എൽബിഎസിന് നികുതി ബാധകമാക്കിയിട്ടില്ല. കോർപറേറ്റ് സ്ഥാപനങ്ങളും സഹകരണ സ്ഥാപനങ്ങളും നടത്തുന്ന ഇരുപതോളം നഴ്സിങ് കോളജുകളിൽ ഒറ്റയ്ക്കൊറ്റയ്ക്കാണ് അപേക്ഷ നൽകേണ്ടത്. ഓരോ കോളജും 1000 രൂപ വീതം അപേക്ഷ ഫോമിന് ഈടാക്കാറുണ്ട്. ഈ സ്ഥാപനങ്ങൾക്കും നികുതി ബാധകമല്ല. 2018 ജനുവരി 18നു ചേർന്ന ജിഎസ്ടി കൗൺസിൽ യോഗം പ്രവേശനത്തിനുള്ള അപേക്ഷയ്ക്കു നികുതി ഒഴിവാക്കിയ വിവരം മാനേജ്മെന്റുകൾ അറിയിച്ചെങ്കിലും ജിഎസ്ടി വകുപ്പ് അംഗീകരിച്ചില്ല. തീരുമാനം പിൻവലിക്കുന്നതിന് അസോസിയേഷൻ ഭാരവാഹികൾ മന്ത്രിമാരായ കെ.എൻ.ബാലഗോപാലിനെയും മന്ത്രി വീണാ ജോ‍ർജിനെയും കണ്ടെങ്കിലും ഫലമില്ലാത്ത സാഹചര്യത്തിലാണ് ഏകീകൃത പ്രവേശനം ഉപേക്ഷിക്കുന്നത്.

English Summary:

Nursing College Crisis: Kerala Govt. MIA as GST Triggers Split in Admission Systems

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com