മരണ സർട്ടിഫിക്കറ്റ്: തെറ്റൊഴിവാക്കാൻ ഡോക്ടർമാർക്ക് കോഴ്സുമായി ആരോഗ്യ സർവകലാശാല

Mail This Article
തൃശൂർ : കൃത്യമായ വിവരങ്ങളടങ്ങിയ മരണ സർട്ടിഫിക്കറ്റ് തയാറാക്കാൻ ഡോക്ടർമാർക്കു കേരള ആരോഗ്യ സർവകലാശാല ഫീസ് ഇല്ലാത്ത പരിശീലന കോഴ്സ് നടത്തും. ഗവ.മെഡിക്കൽ കോളജുകളിലെയും ആരോഗ്യ വകുപ്പിലെയും (ഹെൽത്ത് സർവീസ്) ഡോക്ടർമാർ, സ്വകാര്യ പ്രാക്ടിസ് ചെയ്യുന്നവർ എന്നിവരെ ലക്ഷ്യമിട്ടാണ് 4 മാസത്തെ ഓൺലൈൻ–ഓഫ്‌ലൈൻ കോഴ്സ്. ആരോഗ്യം, തദ്ദേശ സ്വയംഭരണം, സാമ്പത്തിക സ്ഥിതി വിവരം എന്നീ വകുപ്പുകളും സർവകലാശാലയുടെ കീഴിൽ തിരുവനന്തപുരത്തുള്ള സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തും ചേർന്നാണു കോഴ്സ് നടത്തുക. ഓരോ ബാച്ചിലും 20 സീറ്റ്. 40 മണിക്കൂർ ഓൺലൈൻ തിയറി ക്ലാസും (ആഴ്ചയിൽ 3 മണിക്കൂർ) 20 മണിക്കൂർ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിൽ പ്രാക്ടിക്കൽ ക്ലാസുമാണ്. റജിസ്ട്രേഷനുള്ള അവസാന തീയതി ഏപ്രിൽ 20. തിയറിയിൽ 80% ഹാജരും പ്രാക്ടിക്കലിനു 100% ഹാജരും നിർബന്ധം. പരീക്ഷയിൽ 70% മാർക്കു നേടുന്നവർ വിജയിക്കും.
കേരളത്തിന്റെ പ്രത്യേക സാഹചര്യത്തിൽ മരണ സർട്ടിഫിക്കറ്റും മരണ നിരക്കും സംബന്ധിച്ച ഓരോ വിവരവും തെറ്റില്ലാത്തതാകണം. ‘സീറോ എറർ’ സർട്ടിഫിക്കറ്റ് എന്നതാണ് ലക്ഷ്യം
ഡോ.കെ.രാജ്മോഹൻ
പ്രഫസർ, സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത് തിരുവനന്തപുരം