ADVERTISEMENT

തിരുവനന്തപുരം : സംസ്ഥാനത്തെ കേന്ദ്രീയ വിദ്യാലയങ്ങളിലെയും സൈനിക സ്കൂളിലെയും കുട്ടികളെ മലയാളം പഠിപ്പിക്കാൻ സംസ്ഥാന സർക്കാർ. വിവിധ കേന്ദ്രീയ വിദ്യാലയങ്ങൾ ആവശ്യപ്പെട്ടതിനെ തുടർന്ന് മലയാളം പഠിപ്പിക്കുന്നതിനുള്ള ചുമതല സാംസ്കാരിക വകുപ്പിനു കീഴിലെ മലയാളം മിഷനെ സർക്കാർ ഏൽപിച്ചു. പിഎസ്‌സി നടത്തുന്ന പൊതുപരീക്ഷകൾക്ക് അപേക്ഷിക്കുന്നവർ പത്താം ക്ലാസ് വരെയോ അതിനു ശേഷമോ മലയാളം ഒരു വിഷയമായി പഠിച്ചു പാസായിരിക്കണമെന്നു നിർബന്ധമുണ്ട്. ഇതിനു പകരം മലയാളം മിഷന്റെ നീലക്കുറിഞ്ഞി ഭാഷാ തുല്യതാ പരീക്ഷ പാസായാലും മതി. നിലവിൽ പ്രവാസികൾക്കു മാത്രമായി നടത്തുന്ന നീലക്കുറിഞ്ഞി കോഴ്സും പരീക്ഷയും ഇനി കേന്ദ്രീയ വിദ്യാലയങ്ങളിലേക്കു കൂടി വ്യാപിപ്പിക്കാനാണു തീരുമാനം.

സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും മലയാളം പഠിപ്പിക്കണമെന്നു സംസ്ഥാന സർക്കാർ 2017ൽ നിയമം പാസാക്കിയെങ്കിലും കേന്ദ്രീയ വിദ്യാലയങ്ങളടക്കം ഒട്ടേറെ സ്കൂളുകൾ ഇതുവരെ നടപ്പാക്കിയിട്ടില്ല. ഇനി കോഴ്സ് നടത്താൻ താൽപര്യമുള്ള സ്കൂളുകൾക്ക് മലയാളം മിഷനെ സമീപിക്കാം. ഭാഷാപ്രാവീണ്യ ക്ലാസുകൾ നടത്താൻ സ്കൂളുകൾക്ക് മിഷൻ അംഗീകാരം നൽകുകയും പ്രിൻസിപ്പലിനെ ചുമതലപ്പെടുത്തുകയും ചെയ്യും. കുട്ടിമലയാളം എന്ന പേരിൽ ക്ലബ്ബും രൂപീകരിക്കും. പ്രിൻസിപ്പൽ ചെയർമാനും വൈസ് പ്രിൻസിപ്പൽ വൈസ് ചെയർമാനും അധ്യാപക സെക്രട്ടറി, അധ്യാപക കൺവീനർ, വിദ്യാർഥി കൺവീനർ, മാനേജ്‌മെന്റ് പ്രതിനിധി, രക്ഷാകർതൃ പ്രതിനിധി, സ്‌കൂളിലെ മലയാളം അധ്യാപകർ, താൽപര്യമുള്ള മറ്റ് അധ്യാപകർ എന്നിവർ അംഗങ്ങളുമായി നിർവാഹക സമിതിയെയും നിയമിക്കും.

കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ, നീലക്കുറിഞ്ഞി എന്നീ കോഴ്‌സുകളിലൂടെയാണു ഭാഷ പഠിപ്പിക്കുക. ഭാഷയിൽ പ്രാവീണ്യമുള്ളവർക്ക് ലാറ്ററൽ എൻട്രിയിലൂടെ ഉയർന്ന കോഴ്‌സുകളിലേക്കു നേരിട്ടു പ്രവേശനം നേടാനാകും. എല്ലാ കോഴ്സുകൾക്കും കുട്ടികൾ ഫീസ് അടയ്ക്കണം. പത്താം ക്ലാസ് ഭാഷാ തുല്യത പരീക്ഷയായ നീലക്കുറിഞ്ഞി സീനിയർ ഹയർ ഡിപ്ലോമ പരീക്ഷ പൊതുവിദ്യാഭ്യാസ വകുപ്പാണു നടത്തുന്നത്. അതിനാൽ, പരീക്ഷാഫീസ് കൂടി മലയാളം മിഷന് അടയ്‌ക്കണം. അഡീഷനൽ സ്‌കിൽ അക്യുസിഷൻ കോഴ്സായും ഇത് അംഗീകരിച്ചിട്ടുണ്ട്. മലയാളം മിഷന്റെ പരിശീലനം പൂർത്തിയാക്കുന്ന അധ്യാപകരാണു ക്ലാസുകൾ നയിക്കുക. സ്കൂൾ‌ ആവശ്യപ്പെട്ടാൽ, പരിശീലനം ലഭിച്ച അധ്യാപകരെ മലയാളം മിഷൻ ലഭ്യമാക്കും. അധ്യാപകർക്ക് സർക്കാർ നിശ്ചയിക്കുന്ന ദിവസവേതനം സ്‌കൂളുകൾ നൽകണം. ഫോൺ: 72935 75138, 80789 20247. അപേക്ഷിക്കാൻ ഇമെയിൽ: malayalammissionkerala01@gmail.com

കോഴ്സുകളും ഫീസും
∙കണിക്കൊന്ന സർട്ടിഫിക്കറ്റ് കോഴ്‌സ് (2 വർഷം): 1,500 രൂപ
∙സൂര്യകാന്തി ഡിപ്ലോമ കോഴ്‌സ് (2 വർഷം): 2,000 രൂപ
∙ആമ്പൽ ഹയർ ഡിപ്ലോമ കോഴ്‌സ് (3 വർഷം): 2,500 രൂപ
∙നീലക്കുറിഞ്ഞി സീനിയർ ഹയർ ഡിപ്ലോമ കോഴ്‌സ് (3 വർഷം): 3,500 രൂപ

English Summary:

Transformative Education: Malayalam Mission Pioneers Language Proficiency in Central Schools Across Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com