മൂന്ന് ബിരുദ പ്രോഗ്രാമുകൾക്ക് 7.5 കോടി രൂപയുടെ വാർഷിക സ്കോളർഷിപ്പ് പ്രഖ്യാപിച്ച് എഐസിടിഇ
Mail This Article
ന്യൂഡൽഹി : ബിബിഎ, ബിസിഎ, ബിഎംഎസ് (ബാച്‌ലർ ഓഫ് ബിസിനസ് മാനേജ്മെന്റ്) പ്രോഗ്രാമുകൾ പഠിപ്പിക്കുന്ന രാജ്യത്തെ 3271 സ്ഥാപനങ്ങൾക്ക് എഐസിടിഇ അംഗീകാരം. നിലവിൽ യുജിസിയുടെ കീഴിലുള്ള പ്രോഗ്രാമുകൾ, വരുന്ന അധ്യയനവർഷം മുതൽ എഐസിടിഇയുടെ കീഴിലേക്കു മാറ്റാൻ നേരത്തേ തീരുമാനിച്ചിരുന്നു.
ഇതുവരെ എഐസിടിഇയുടെ കീഴിലേക്കു മാറിയവയിൽ കേരളത്തിലെ 309 സ്ഥാപനങ്ങളുമുണ്ട്. കർണാടക (694), മഹാരാഷ്ട്ര (467) എന്നിവരാണ് ആദ്യ രണ്ടു സ്ഥാനങ്ങളിൽ. മധ്യപ്രദേശ് (183), പഞ്ചാബ് (159) എന്നിവയാണു നാലും അഞ്ചും സ്ഥാനങ്ങളിൽ.
എംബിഎ, പിജിഡിഎം, എംസിഎ പ്രോഗ്രാമുകൾ എഐസിടിഇക്കു കീഴിലാണ്. ബിരുദ പ്രോഗ്രാമുകളും ഇതിനു കീഴിലാകുന്നതോടെ കോഴ്സ് ഘടന ഏകീകരിക്കാനും മറ്റും എളുപ്പം സാധിക്കുമെന്നാണു വിലയിരുത്തൽ. പരിഷ്കരിച്ച പാഠ്യപദ്ധതി ചട്ടക്കൂടിന്റെ കരട് ഒരാഴ്ചയ്ക്കുള്ളിൽ പ്രസിദ്ധീകരിക്കുമെന്നാണ് എഐസിടിഇ അധികൃതർ നൽകുന്ന വിവരം.
ബിബിഎ, ബിസിഎ പഠനസ്ഥാപനങ്ങൾക്ക് അപേക്ഷ സമർപ്പിക്കാൻ 16 വരെ സമയം അനുവദിച്ചിട്ടുണ്ടെന്നും ഈ സാഹചര്യത്തിൽ കൂടുതൽ സ്ഥാപനങ്ങൾക്ക് അനുമതി ലഭിച്ചേക്കുമെന്നും അധികൃതർ പറഞ്ഞു.
ബിബിഎ, ബിസിഎ, ബിഎംഎസ് പ്രോഗ്രാമുകളിലെ വിദ്യാർഥികൾക്കായി 7.5 കോടി രൂപയുടെ വാർഷിക സ്കോളർഷിപ്പും എഐസിടിഇ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പ്രോഗ്രാമുകൾ പഠിക്കുന്ന 3000 സാമ്പത്തിക പിന്നാക്ക വിദ്യാർഥികൾക്ക് പ്രതിവർഷം 25,000 രൂപ വീതം ലഭിക്കും.