മധ്യവേനലവധിക്കാലത്ത് ക്ലാസുകൾ നടത്തരുത്
Mail This Article
തിരുവനന്തപുരം : മധ്യവേനലവധിക്കാലത്ത് ക്ലാസുകൾ നടത്തരുതെന്ന ഉത്തരവ് വിദ്യാലയങ്ങൾ പാലിക്കുന്നു എന്ന് ഉറപ്പുവരുത്തണമെന്ന് ബാലാവകാശ കമ്മിഷൻ. സംസ്ഥാനത്ത് കെഇആർ (കേരള എജ്യുക്കേഷൻ ആക്ട് ആൻഡ് റൂൾസ്) ബാധകമായ സ്‌കൂളുകളിൽ ക്ലാസുകൾ നടത്തുന്നതിനുള്ള വിലക്ക് കർശനമായി നടപ്പാക്കാൻ കമ്മിഷൻ അംഗം ഡോ.എഫ്.വിൽസൺ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. പ്രൈമറി, ഹൈസ്കൂൾ, ഹയർസെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി എന്നിവയ്ക്കു പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിലവിലെ ഉത്തരവ് ബാധകമാണ്.
വേനലവധിക്കാലത്ത് സംസ്ഥാനത്തെ സിബിഎസ്ഇ, ഐസിഎസ്ഇ ക്ലാസ് സമയം രാവിലെ 7.30 മുതൽ 10.30 വരെയായി ക്രമപ്പെടുത്തണമെന്ന് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതു സംബന്ധിച്ച് നിയമലംഘനം നടത്തുന്നുണ്ടോ എന്ന് പരിശോധിക്കാൻ സിബിഎസ്ഇ തിരുവനന്തപുരം റീജനൽ ഓഫിസർക്കും ഐസിഎസ്ഇ ചെയർമാനും കമ്മിഷൻ നിർദേശം നൽകി. മധ്യവേനലവധിക്കാലത്ത് വിവിധ ക്ലാസുകൾ നടത്തുന്നതായി കമ്മിഷന് പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. ഇക്കാര്യത്തിൽ സ്വീകരിച്ച നടപടി റിപ്പോർട്ട് 15 ദിവസത്തിനകം ലഭ്യമാക്കാനും കമ്മിഷൻ ആവശ്യപ്പെട്ടു.