ADVERTISEMENT

വേനൽ ചൂടിനേക്കാൾ കടുത്തതാണു പരീക്ഷച്ചൂട്. വരണ്ട ചൂടുകൂടിയ കാലവസ്ഥയിലിരുന്നു പഠിക്കുന്നതിനേക്കാൾ ശ്രമകരമായൊരു കാര്യമില്ല. എങ്കിലും പരീക്ഷ എഴുതാതെ പറ്റില്ലല്ലോ. പരീക്ഷയ്ക്കായി രാപകലില്ലാതെ പഠിക്കുന്ന മക്കൾക്ക് എങ്ങനെ ചൂടിനെ നേരിടുന്നതിനും നന്നായി പഠിക്കുന്നതിനും കരുത്തു നൽകാം. ചൂടു നിയന്ത്രിച്ച് പഠനം എളുപ്പമാക്കാൻ കുട്ടികളെ സഹായിക്കുന്നതിന് എന്തൊക്കെ വേണമെന്ന് നോക്കാം.

∙ഭക്ഷണം
ശരീരത്തിന്റെ തണുപ്പു നിലനിർത്താൻ കഴിയുന്ന ഭക്ഷണങ്ങളാണ് ഇക്കാലത്ത് ഉത്തമം. ജലാംശമുള്ള പഴങ്ങൾ പച്ചക്കറികൾ എന്നിവ കുട്ടികൾക്കു നൽകാം. വയറിനും ഉത്തമം പഴങ്ങൾ തന്നെ. പഠനത്തിൽ ഉല്ലാസം ലഭിക്കുമെന്ന് മാത്രമല്ല ശരീരത്തിലെ ജലാംശം കുറയാതെ സൂക്ഷിക്കാനും ഇവയ്ക്കു കഴിയും. ദഹിക്കാൻ എളുപ്പമുള്ള ഭക്ഷണമാണു കഴിക്കേണ്ടത്. അമിത ആഹാരം ഒഴിവാക്കാം. അമിത ആഹാരം ദഹനപ്രക്രിയയെ മോശമായി ബാധിക്കുമെന്നു മാത്രമല്ല ക്ഷീണം കാരണം പഠനവും നടക്കില്ല. 

വീട്ടിൽ സാധാരണയായി ഉണ്ടാക്കുന്ന ഭക്ഷണം തന്നെ കഴിക്കാം. എന്നാൽ മാംസാഹാരം അമിതമായി കഴിക്കുന്നത് നിയന്ത്രിക്കണം.  മറ്റു ശാരീരിക പ്രശ്നങ്ങളില്ലെങ്കിൽ എണ്ണയ്ക്കു പകരം നെയ്യിൽ പാകം ചെയ്യുന്നതും നല്ലത്. ദഹനം എളുപ്പമാക്കാൻ ഇതു സഹായിക്കും. കിഴങ്ങു വർഗങ്ങൾ നല്ലതാണ്. പാലു കുടിക്കുന്നതുകൊണ്ടു കുഴപ്പമില്ല. പഴച്ചാറുകളെക്കാൾ പഴങ്ങൾ അങ്ങനെതന്നെ കഴിക്കുന്നതാണ് ഉത്തമം. പഴങ്ങൾ ജ്യൂസാക്കുമ്പോൾ അവയിലെ ഫൈബറുകളുടെ തനതു സ്വഭാവം നഷ്ടപ്പെടുന്നു, ജ്യൂസുകളിൽ ചേർക്കുന്ന പഞ്ചസാരയുടെ അളവും കൂടുന്നു. 

∙വെള്ളം
8 മുതൽ 11 വരെ ഗ്ലാസ് വെള്ളം കുടിക്കാം. മോരുംവെള്ളം, കഞ്ഞിവെള്ളം എന്നിവ കഴിക്കുന്നതു ശരീരത്തിൽ സോഡിയത്തിന്റെ അളവു നിയന്ത്രിക്കാൻ സഹായിക്കും. കുട്ടികളുടെ ശരീരത്തിലെ ജലാംശം ചെറിയ രീതിയിൽ കുറഞ്ഞാൽ തന്നെ ക്ഷീണവും ഉറക്കവും തോന്നാം. ക്യത്യമായ ഇടവേളയിൽ വെള്ളം കുടിച്ചാൽ ഈ ക്ഷീണം നിയന്ത്രിക്കാൻ കഴിയും. 

സോഫ്റ്റ് ഡ്രിങ്കുകൾ ഇക്കാലത്ത് വേണ്ട. കരിക്ക് ആവാം. കാപ്പിയും ചായയും അമിതമായി കുടിക്കുന്നത് നന്നല്ല. ഇവയിലുള്ള കഫീൻ ശരീരത്തിനു ദോഷമാണ്. മാത്രമല്ല കഫീൻ കൂടുതലായി മൂത്രം ഉൽപാദിപ്പിക്കും. ചുരുക്കത്തിൽ ചായയും കാപ്പിയുമൊക്കെ ശരീരത്തിലെ വെളളത്തിന്റെ അളവു കുറയ്ക്കാനേ ഉപകരിക്കൂ. 

∙വ്യായാമം
പഠിക്കുന്ന കുട്ടികൾക്ക് വ്യായാമം ഉൻമേഷം നൽകും. 20 മിനിറ്റ് വ്യായാമം പഠനത്തെ പ്രോത്സാഹിപ്പിക്കും. ഓർമശക്‌തി വർധിപ്പിക്കും. നടപ്പ്, നൃത്തം, ജോഗിങ് തുടങ്ങിയ ലഘുവ്യായാമങ്ങൾ മാനസികമായ ഉല്ലാസം പകരും. എന്നാൽ 9 മണിക്ക് ശേഷവും 5 മണിക്കു മുൻപും വെയിലത്ത് ഇറങ്ങുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ചൂടിനെ പ്രതിരോധിക്കുന്നതിനായി തൊപ്പിയോ ഷാളോ ഉപയോഗിക്കുക. 

∙കുളി
രണ്ടു നേരം കുളിക്കുക. ശുദ്ധജലം ഉപയോഗിച്ച് ഇടയ്‌ക്കിടെ കണ്ണു കഴുകുന്നതു നല്ലതാണ്. വെയിൽ കൊള്ളേണ്ടിവന്നാൽ ഉടൻ തന്നെ മുഖവും കയ്യും കാലും കഴുകണം. 

∙വസ്ത്രം
കുട്ടികളുടെ വസ്‌ത്രധാരണത്തിലും വീട്ടുകാർ ശ്രദ്ധിക്കണം. കോട്ടൺ വസ്‌ത്രങ്ങൾ ഉപയോഗിക്കാൻ പ്രേരിപ്പിക്കണം. അടച്ചു മൂടിയ ഇറുകിയ വസ്ത്രങ്ങൾക്കു പകരം അയവുള്ള കോട്ടൺ വസ്ത്രങ്ങൾ മക്കൾക്കു നൽകണം. ഇത് വിയർപ്പ് നിയന്ത്രിക്കും. 

∙ഉറക്കം 
ഉറക്കമിളച്ചു പഠിക്കേണ്ട. 8 മണിക്കൂർ ഉറക്കം വേണം. പരീക്ഷയിൽ ഫലപ്രദമായി പങ്കെടുക്കുന്നതിന് മസ്‌തിഷ്‌കത്തിന്റെ സഹകരണം ആവശ്യമാണ്. മസ്‌തിഷ്‌കത്തിന് ഏറ്റവും ആവശ്യം നല്ല ഉറക്കം തന്നെയാണ്. അതിനാൽ പരീക്ഷാ ദിനങ്ങളിൽ നന്നായി ഉറങ്ങുക. വിഷമമുള്ള വിഷയങ്ങൾ കിടക്കുന്നതിന് മുൻപ് ഓടിച്ചു നോക്കുന്നത് അവ മനസ്സിൽ തങ്ങി നിൽക്കാൻ സഹായിക്കും. 

കടപ്പാട്: ഡോ.ജോൺ പണിക്കർ 
ചെയർമാൻ, ഐഎംഎ അക്കാദമി ഓഫ് മെഡിക്കൽ സയൻസ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com