കെഎഎസ് കൈപ്പിടിയിൽ ഒതുക്കണോ? ശ്രദ്ധിക്കണം ഈ ചോദ്യങ്ങൾ

exam-preparation
SHARE

കെഎഎസ് പ്രാഥമിക പരീക്ഷയുടെ ഒന്നാം പേപ്പറിലെ ഭാഗമാണു റീസണിങ് ആൻഡ് മെന്റൽ എബിലിറ്റി. സിവിൽ സർവീസ് പ്രാഥമിക പരീക്ഷയുടെ രണ്ടാം പേപ്പറിലും സാധാരണ പിഎസ്‌സി പരീക്ഷകളിലും കാണുന്ന ഭാഗമാണിത്. ബിരുദതല പിഎസ്‌സി പരീക്ഷകൾക്ക് 20 % ചോദ്യങ്ങൾ ലോജിക്കൽ റീസണിങ്ങും മെന്റൽ എബിലിറ്റിയുമാണ്.

കെഎഎസ് സിലബസിൽ ഈ ഭാഗത്തിന് മാത്രമായി അത്ര പ്രാധാന്യം നൽകിയിട്ടില്ലെങ്കിലും ചോദ്യങ്ങൾ ഏതു നിലവാരത്തിലും വരാമെന്നതിനാൽ പ്രാധാന്യത്തോടെ പഠിക്കേണ്ടതുണ്ട്. മറ്റു ഭാഗങ്ങളെ അപേക്ഷിച്ചു മാർക്ക് നേടാൻ എളുപ്പവുമാണ്.ഡിഗ്രിക്കു കണക്ക് ഒരു വിഷയമായി പഠിച്ചിട്ടില്ലാത്തവർക്കു ബുദ്ധിമുട്ട് തോന്നിയേക്കാം. എന്നാൽ, ഇനിയുള്ള സമയം നന്നായി പരിശീലിച്ചാൽ അവർക്കും മികച്ച സ്കോർ നേടാം.

പത്താം ക്ലാസ് നിലവാരം
ലോജിക്കൽ റീസണിങ്, ഗണിതശേഷി, സംഖ്യാ ശ്രേണി (നമ്പർ സീരിസ്), കോഡിങ്, ബന്ധങ്ങളുമായി ബന്ധപ്പെട്ട കണക്കുകൾ, രൂപങ്ങൾ, വെൻ ഡയഗ്രം, ക്ലോക്ക്, കലണ്ടർ ചോദ്യങ്ങൾ, പ്രായവുമായി ബന്ധപ്പെട്ട കണക്കുകൾ എന്നിവയാണു സിലബസിൽ പറഞ്ഞിരിക്കുന്നത്.

സാധാരണ പത്താം ക്ലാസ് നിലവാരത്തിലെ കണക്കുകളാണു പിഎസ്‌സി ചോദിക്കുന്നത്. കെഎഎസിനും മാറ്റമുണ്ടാകാൻ സാധ്യതയില്ല. അതുകൊണ്ടു ചോദ്യങ്ങൾ എളുപ്പമാകുമെന്നു കരുതരുത്. നിശ്ചിത സമയത്തിനുള്ളിൽ കൃത്യമായ ഉത്തരത്തിലെത്തണം. ചിലപ്പോൾ ഈ ഭാഗം സമയം കവരാനും സാധ്യതയുണ്ട്. നന്നായി പരിശീലിക്കുക മാത്രമാണു പോംവഴി.

ലളിതം ഗണിതം
ലളിതഗണിതം അഥവാ സിംപിൾ അരിത്തമെറ്റിക് എന്നു സിലബസിൽ പറഞ്ഞിരിക്കുന്ന ഭാഗത്തു നിന്ന് ഏതു തരം ചോദ്യവും വരാം. കൂട്ടുക, കുറയ്ക്കുക, ഭാഗിക്കുക, ഗുണിക്കുക തുടങ്ങിയവയാണു ലളിതഗണിതം കൊണ്ട് ഉദ്ദേശിക്കുന്നത്. 

എങ്ങനെ പഠിക്കണം: റാങ്ക് ഫയലോ ആപ്റ്റിറ്റ്യൂഡ് പുസ്തകങ്ങളോ നോക്കി പഠിക്കാം. 

റീസണിങ് 
കോഡിങ്, ഡീകോഡിങ്, രൂപങ്ങൾ, ക്ലോക്ക്, കലണ്ടർ തുടങ്ങിയ കണക്കുകൾ ഈ ഭാഗത്തു നിന്നാണു വരുന്നത്. ചോദ്യങ്ങളുടെ കാഠിന്യം എത്ര വേണമെങ്കിലും ഉയരാം. ശരിയായ പരിശീലനമുണ്ടെങ്കിൽ മാർക്ക് നേടാൻ എളുപ്പമാണു താനും. 

 എങ്ങനെ പഠിക്കണം: ഓരോ ഭാഗത്തുനിന്നും ഇതുവരെ പിഎസ്‌സി ചോദിച്ചിട്ടുള്ള എല്ലാവിധ ചോദ്യങ്ങളും പരിശീലിക്കണം. സിവിൽ സർവീസ് രണ്ടാം പേപ്പറിലെ ചോദ്യങ്ങളും നോക്കണം. റെയിൽവേ ഗ്രൂപ്പ് ഡി, ലോക്കോ പൈലറ്റ് തുടങ്ങിയവയിലെ റീസണിങ് ചോദ്യങ്ങൾ പരിശീലിക്കുന്നതു നന്നായിരിക്കും.

5ടിപ്സ്

∙എല്ലാ ദിവസവും നിശ്ചിത സമയം പരിശീലനത്തിനു മാറ്റിവയ്ക്കുക.

∙നിസ്സാര ചോദ്യമെന്ന് ഒറ്റനോട്ടത്തിൽ തോന്നുമെങ്കിലും ഉത്തരം എളുപ്പമായിരിക്കില്ല. അതുകൊണ്ടു വായിച്ചല്ല, ചെയ്തുതന്നെ പരിശീലിക്കണം.

∙ചില ചോദ്യങ്ങൾ സമയം കളയും. അത്തരം കെണികളിൽ കുടുങ്ങാതെ അടുത്ത ചോദ്യത്തിലേക്കു കടക്കാൻ കഴിയണം.

∙ഉത്തരങ്ങളിലേക്കെത്താനുള്ള എളുപ്പവഴികളാണ് നല്ല സ്കോർ നേടിത്തരുന്നത്. ഇതിനായി പരിശീലിക്കണം.

∙കഠിനമായ ചോദ്യങ്ങൾ വരാറില്ലെങ്കിലും കുറഞ്ഞ സമയത്തിനുള്ളിൽ ഉത്തരം എഴുതണമെന്നതിനാൽ തെറ്റാനുള്ള സാധ്യതയേറെ. ഇതിനെതിരെ മുൻകരുതലെടുക്കുക. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EXAM GUIDE
SHOW MORE
FROM ONMANORAMA